Monday, 19 October 2020

അസ്‌തമയം

 ഇരുളു മേയുമെൻ ചക്രവാളങ്ങളിൽ 

കനകവർണ നിലാവുദിച്ച പോൽ

സ്മിതമൊളിപ്പിച്ച വദന പനിമതി

ഉദയമായന്നു പൗർണ്ണമി കണ്ണുമായി...


സഫലമാകാത്ത സ്വപ്നശലഫങ്ങളെ 

ഹൃദയകോണിൽ മറവി താലോലിക്കവേ,

ഇളം കാറ്റു മന്ത്രിച്ച കാലത്തിൻ മുറ്റത്തു,

ഒഴുകി  വന്നു നീ  അപ്പൂപ്പൻ താടി പോൽ..


പിന്നെയോരോ പകലിനും രാവിനും,

പിന്നെയോരോ ശ്വാസ നിശ്വാസങ്ങൾക്കും

നീ പരത്തിയ ചന്ദനഗന്ധത്തിൻ

ചന്തമായിരുന്നെന്നുമേപ്പോഴും..


കാറ്റു ചീന്തിയ വാഴത്തലപ്പ് പോൽ

പിഞ്ചിപ്പോയ ഹൃദയ ദലങ്ങളിൽ,

സ്നേഹലേപനം ചാലിച്ചു ലാളിച്ചു 

നീ  ജ്വലിപ്പിച്ചു പ്രാണന്റെ കൈത്തിരി..


ഒറ്റക്കുടക്കീഴിൽ ഒപ്പമില്ലാഞ്ഞിട്ടും

ഒന്നായ് നനഞ്ഞില്ലേ  എല്ലാ മഴകളും,

എത്ര മഴച്ചാറു തട്ടിത്തെറിപ്പിച്ചുടൽ  ഒട്ടിചേർന്നൊറ്റ ഇലയായി മാറി നാം..


പിന്നെ പിണങ്ങി പൂർണചന്ദ്ര ദ്യുതി

മങ്ങി വെളിച്ചവും എന്റെയകാശവും,

ഇന്നിതാ വന്നു അമവാസി രാവുകൾ

മറയുന്നു നീയിതാ നിഴലിന്റെ പിന്നിലായി.


ഇരുളാണ് പിന്നെയും   ചക്രവാളങ്ങളിൽ

ഇരുളടഞീടുന്നു മുന്നിലെ വഴികളും,

തുള്ളി വെളിച്ചവും മായ്ച്ചു നീ പോകുന്നു

ഇരുൾ പിളർന്നിരുളിലേക്ക് ഞാനൂർന്നു വീഴുന്നു..

Sunday, 4 October 2020

വറ്റുന്ന കടൽ

 കടൽ വരളുകയാണ്..

തുള്ളിപോലും ശേഷിക്കാതെ ..


അലകളേറ്റു വാങ്ങി തരിച്ച കര

തനിച്ചൊരു  മരുഭൂവിനി..


ആരവമിനിയില്ല

എണ്ണിയാൽ തീരാ

തിരകളുടെ..


ഇല്ലയിനി കണ്ടു മതിവരാ അസ്തമയങ്ങളും..


ചുവക്കില്ലൊരിക്കലും ചക്രവളങ്ങൾ

പ്രണയ രേണുക്കളാൽ..


മടങ്ങിവരില്ല 

എരിഞ്ഞടങ്ങുന്നോരീ  സൂര്യൻ

മറ്റൊരു പുലരിയായി ..


നനവിനിയില്ല മണലിൽ

ചിത്രമെഴുതുവാൻ,

വരികയുമില്ല തിരയത്

മായ്ക്കുവാൻ ..


ഉരുമ്മി നടന്ന പ്രണയപാദങ്ങൾ

പതിയില്ലിനിയിവിടം

 തരളിതമാക്കുവാൻ..


കരിഞ്ഞു  വീഴും ഇവിടെ,

കടൽ തേടി പറന്ന പക്ഷികൾ...


ഹൃദയം കൊരുത്ത ചൂണ്ടയിൽ

പിടയും മീൻ ഒരിറ്റ് നീരിനായി..


കര തേടിവരില്ലൊരു നൗകയും

തെളിയില്ലിനിയീ  വിളക്ക് മരവും..


കടൽ തഴുകി തണുത്ത കാറ്റിനി,

കുളിരണിയിക്കില്ലയൊരിക്കലും..


കരയിനി വെറുമൊരു മൺകൂന

അതിനടിയിലഴുകും

അനക്കമറ്റൊരായിരം

ജീവൽ സ്പന്ദങ്ങൾ..

മരണത്തിന്റെ തീ

 ഇന്നലെ ഞാൻ മരിച്ചത് 

ഇടിമിന്നൽ ഏറ്റയിരുന്നു. 

ഇടിത്തീ തലയിൽ വീണുള്ള മരണം.. 


പുറത്തു മഴയായിരുന്നു 

ഇരുണ്ട മഴ.. 

ഇരുട്ടിനെ പുണർന്നു, 

ഇരുട്ടിനേക്കാൾ ഇരുണ്ടു പോയ  മഴ.. 


ആഞ്ഞു വീശുന്ന കാറ്റിൽ 

ചൂട്ടിൻ കറ്റയിൽ പാറുന്ന 

തീ വെളിച്ചം പോലെ 

ഇടയ്ക്കിടെ മിന്നൽ... 


രാവിന്റെ പാതിയിൽ,  

പാതി ഉറക്കത്തിൽ 

മൂത്രാശയത്തിൽ  തിര ഇളകി.. 

കാലുകൾ ഇറുക്കി കിടന്നു.. 

ഇല്ല, പുറത്തേക്കിറങ്ങിയേ പറ്റൂ.. 


പഴയ വീടായിരുന്നു.. 

അകത്തും പുറത്തും മൂത്രപ്പുര

ഇല്ലാത്ത വീട്‌.. 

പാതി അടച്ച കണ്ണോടെ 

പടിഞ്ഞാറേ വാതിൽ തുറന്നു.. 


മുറ്റത്തിറങ്ങി, 

ഇരുട്ടിലേക്കൊന്നു പാളി നോക്കി.. 

ആകാശത്തു  വീണ്ടും ചൂട്ട് വീശി.. 

വടക്കേ പറമ്പിന്റെ പടിഞ്ഞാറേ മൂലയ്ക്ക് 

മഴ നനഞാരൊ  നില്കുന്നു.. 


ഇരുട്ടിന്റെ ഹൃദയത്തിൽ , 

ഇരുട്ടിനേക്കാൾ ഇരുണ്ട മഴയത്തു, 

ആരും ഭയക്കുന്ന നേരത്തു,  

അരണ്ട മിന്നലിൽ 

രൂപമറിയാത്ത ഒരാൾ.. 


അന്വേഷിച്ചു പോകാൻ മനസ്സു പറഞ്ഞു.. 

അതോ മരണമോ? 

പറമ്പിന്റെ കയ്യാല കേറി.. 

പെട്ടെന്നാഞ്ഞൊരു മിന്നലിറങ്ങി.. 

നേരെ തലയിലേക്ക്, 

ഉരുണ്ടു പിടഞ്ഞു താഴേക്ക് വീണു .. 

മരിക്കാൻ പോവാണ്.. 

ഇപ്പോഴെയോ? 

ഉള്ളൊന്നു കാളി.. 

ചാടി എഴുന്നേൽക്കാൻ നോക്കി.. 

തല പൊങ്ങുന്നില്ല, 

കാലുകൾക്കു  തീ പിടിച്ചത്  കണ്ടു.. 

കൈകൾ കരിഞ്ഞു ചാരം പോലെ.


എന്തു ചെയ്യാൻ ആണ്.. 

മരിച്ചേ തീരൂ.. 

ഇടിത്തീ വീണതാണ്.. 

കണ്ണടച്ച് കിടന്നു..

ഇടിത്തീ വീണു മരിക്കണേന്നു 

ആരോ ശപിച്ചിട്ടുണ്ടാകാം..

 

അങ്ങനെ തന്നെ  മരിച്ചേക്കാം.. 

അങ്ങനെ ഇന്നലെ ഞാൻ മരിച്ചു.. 😄

Saturday, 12 September 2020

കൊല്ലാൻ എന്തെളുപ്പമാണ്..

ഹൃദയം എനിക്കുള്ളിൽ ആയിരുന്നെങ്കിലും
അതു മിടിച്ചതത്രയും
നിനക്ക് വേണ്ടിയായിരുന്നു..
എന്നിട്ടോ?
നിന്ദകളുടെ ചിലന്തി വലകൾ 
വിരിച്ചു നീ കാത്തിരുന്നു....
നിന്നിലേക്കുള്ള ആകർഷണത്തിൽ
ഞാൻ വന്നു കേറുമ്പോഴൊക്കെയും
ആ വലകൾ കൊണ്ടു നീ എന്നെ ബന്ധിച്ചു..
പരുഷതയുടെ വാക് ശരങ്ങൾ
 ഹൃദയത്തിലേക്ക് കുത്തിയിറക്കി..
ചോദിച്ചാൽ നീ തിരികെ ചോദിക്കും 
എന്തിനു വീണ്ടും വീണ്ടും  വന്നു കേറുന്നെന്നു.. 
ഉത്തരം ഒന്നേയുള്ളു
ഹൃദയം മിടിക്കുന്നത് നിനക്ക് വേണ്ടിയാണു..
പിന്നെങ്ങനെ വരാതിരിക്കും?


ഒരാളെ കൊല്ലണമെങ്കിൽ
ആദ്യം അയാളെ സ്നേഹിക്കുക..
ആ സ്നേഹം അയാളുടെ ശ്വാസം ആകണം..
അങ്ങനെ ഉറപ്പായാൽ  പിന്നെ അയാളെ വെറുക്കാൻ കാരണം തേടണം..
കാരണം കിട്ടാൻ എളുപ്പമാണ്.. 
പിന്നെ കൊടുത്ത സ്നേഹത്തിന്റെ
ആയിരം ഇരട്ടിയിൽ വെറുപ്പ് കാണിക്കണം..
പിന്നെ അയാൾ ശ്വാസം തേടി
അരികിൽ വരുമ്പോഴൊക്കെ
നിന്ദകൾ കൊണ്ടു ധാരകോരണം..
ഒരിക്കലും നിനക്കാത്ത വാക്കുകൾ കൊണ്ടു
അയാളെ സ്ഥബ്ധനാക്കണം..
ഹൃദയം കീറി മുറിക്കുന്ന വാചകങ്ങൾ കൊണ്ടു ആക്രമിക്കണം..
ഒരിക്കൽ ബഹുമാനിച്ചിരുന്ന നാവു കൊണ്ടു
അറപ്പ് തോന്നും വിധം അപമാനിക്കണം..
അപ്പോൾ അയാൾ മരിക്കും..
ഓരോ തവണയും അയാൾ മരിക്കും..
അപ്പോഴും അയാളുടെ ഉള്ളിൽ ഒരു ചോദ്യം ബാക്കിയാവും..
നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പറയാൻ  ആവുമോ എന്നു?
ആ ചോദ്യത്തെയും നിന്ദിക്കണം..
അപ്പോൾ അയാൾ വീണ്ടും മരിക്കും..
അങ്ങനെ എത്ര എത്ര തവണ നിനക്ക്
അയാളെ കൊല്ലാൻ ആവും..
എന്തെന്നാൽ അയാൾ വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും..
നിന്നെ നോവിച്ചതിന്റെ നോവിൽ അയാൾ നീറി തീരുന്നുണ്ടാകും ..
നിന്റെ വെറുപ്പിന്നാഥാരമായ അയാളിലെ
ആ കളങ്കത്തിൽ അയാൾ പിടയുന്നുണ്ടാകും..
നിന്റെ നോവുകൾ അയാളിൽ മുൾചെടി പോലെ
പടർന്നു കയറുന്നുണ്ടാകും..
എങ്ങനെ അയാൾക്കു ഒഴിഞ്ഞു പോകാനാകും..
അയാൾ അവസാനം  മരിക്കുന്നതു പക്ഷെ നിന്റെ നിന്ദകൾ കൊണ്ടാവില്ല..
നിന്നേ സ്നേഹിക്കാൻ അയാൾക്കു കാരണമായ
നിന്നിലെ നീ ഇല്ലാതായിപ്പോയതിന്റെ
വേദനയിൽ അയാൾ മരിക്കും..

ആ മരണം എന്റേതായിരിക്കും..
എങ്കിലും ഹൃദയം മിടിച്ചു കൊണ്ടേയിരിക്കും..
നിനക്ക് വേണ്ടി..
എന്തെന്നാൽ അതു ആ ഹൃദയത്തിന്റെ
സ്വഭാവം ആയി മാറിയിരിക്കുന്നു..
മരിച്ചാലും നിലക്കാത്ത മിടിപ്പ്..

Wednesday, 2 September 2020

രണ്ടു വാക്കു

ഉള്ളകം നീറിപ്പിടയുംപോഴൊക്കെയും
നിന്നോടുരിയാടണം രണ്ടു വാക്കു...
നീ ഒന്നുമുരിയാടാതകന്നിരിക്കുമ്പോഴും
എനിക്ക് നിന്നോടുരിയാടാണം രണ്ടു വാക്കു..

എത്രമേൽ ഞാൻ നിനക്കന്യനാകുന്നുവോ,
അത്രമേൽ സത്യമായി  നീയെന്റെ സ്വന്തമാണ്..
എത്രമേൽ നീയെന്നെ തള്ളിമാറ്റുന്നുവോ,
ഞാനത്രമേൽ ചിന്തയിൽ  നിന്നരികോരത്തിരിക്കുന്നു..

നിന്നോട് ഞാൻ ചെയ്ത തെറ്റുകളൊക്കെയും, 
നിന്നെ പിളർത്തി ഞാൻ നോവിച്ചതൊക്കെയും, 
നെഞ്ചു കുത്തി കീറിയെന്നേയും കൊല്ലുന്നു.. 

അച്ഛൻ

24 വർഷങ്ങൾക്കപ്പുറം ഒരു  ഓണ ചതയ ദിന വെളുപ്പൻ കാലത്തു നെഞ്ചിനുള്ളിൽ പ്രാണൻ പറക്കാനൊരുങ്ങുന്ന വേദനയുമായി ഒരു മനുഷ്യൻ ഉറക്കത്തിൽ നിന്നു ചാടി എഴുന്നേറ്റു.. വായു വിലങ്ങിയതാവും എന്ന ധാരണയിൽ,  ആ വേദന അൽപ നേരത്തിൽ ഒഴിഞ്ഞു പോകും എന്ന പ്രതീക്ഷയിൽ,  ഇടനെഞ്ചു പൊട്ടുന്ന വേദനയുമായി അയാൾ വീട്ടിലും മുറ്റത്തും ഉഴറി നടന്നു.. ഭാര്യ തിളപ്പിച്ചു കൊടുത്ത കാപ്പിക്കോ ഇരുന്നും കിടന്നും നടന്നും  വായു കോപം ശമിപ്പിക്കാനുള്ള ശ്രമങ്ങൾക്കോ ആ വേദന ഒഴിച്ചു കളയാനായില്ല..
അവസാനം ആശുപത്രിയിലേക്ക് പോകുവാനുള്ള തീരുമാനം എടുക്കുമ്പോഴേക്കും ഒരുപാടു വിലപ്പെട്ട സമയങ്ങൾ പറന്നു പോയിരുന്നു.. ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തി അൽപ നേരം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിലവിളക്കു കൊളുത്തി പ്രാർഥിച്ചു കൊണ്ടിരുന്ന രണ്ടു മക്കളെയും ആശുപത്രിയുടെ ഐ സി യു നു മുന്നിൽ പ്രതീക്ഷയോടെ കാത്തിരുന്ന ഭാര്യയെയും വിട്ടു ആ പ്രാണൻ അദൃശ്യതയുടെ അന്തരീക്ഷങ്ങളിലേക്ക് ചേക്കേറിയിരുന്നു..
നെഞ്ചും തപ്പി പിടിച്ചു,  കുത്തി കിഴിക്കുന്ന  വേദനയുടെ പ്രഹരത്തിൽ തളർന്നു ഓട്ടോ റിക്ഷയിലേക്ക് ചാഞ്ഞ ആ ശരീരം അന്നു രാവിലെ ഒരു വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞു ആംബുലൻസിൽ വീട് തേടി എത്തി..

14 വയസ്സിന്റെ പ്രായത്തിലും 8 വയസ്സിന്റെ പോലും പക്വത എത്തിയിട്ടില്ലാത്ത അയാളുടെ മകൻ ഉള്ളിൽ തട്ടാത്ത വേദന മുഖത്തു വരുത്തി  ആരെയോ ബോധിപ്പിക്കാണെന്നവണ്ണം കണ്ണീരൊഴുക്കി നിന്നിരുന്നു.. തന്നെ സഹതാപത്തോടെ നോക്കുന്നവരുടെ മുന്നിൽ,  ആ സഹതാപം എന്തോ ഒരു സമ്മാനം ആയി സ്വീകരിക്കാനുള്ള വ്യഗ്രതയോടെ,  അല്പത്തരം നിറഞ്ഞവന് ഓർക്കാപ്പുറത്തു കിട്ടുന്ന  ഒരു നേട്ടത്തിൽ ആനന്ദമനുഭവിക്കുന്നവനായി,  എന്നാൽ അതു മുഖത്തു വരാതെ, സാഹചര്യത്തിന് ചേരുന്ന സങ്കടം മുഖത്തു വരുത്തിയ കുടില ബുദ്ധിയെ പോലെ,   ആ പയ്യൻ എല്ലാവരുടെയും ദയ വായ്പ്പിന്റെ തലോടലിൽ അവിടെയും ഇവിടെയുമൊക്കെ നിന്നു.. ഒരു വർഷം മുന്നേ ഒരു പനിക്കാലത്തു തന്നെ തോളത്തു എടുത്തു വെച്ചു കിലോമീറ്ററുകൾ നടന്നു ആശുപത്രിയിലെത്തിച്ച മനുഷ്യൻ ആണ് ചേതന അറ്റു കിടക്കുന്നതെന്നു അവന്റെ മനസ്സിലേക്ക് അപ്പോൾ വരാതിരുന്നതെന്താണ്? തനിക്കു ഉണ്ണാനും ഉടുക്കാനും വേണ്ടി രാവന്തിയോളം മഴയിലും വെയിലിലും കിളച്ചും വിതച്ചും വിയർത്തു ക്ഷീണിച്ച  ആ ശോഷിച്ച ശരീരം ഇനിയൊരിക്കലും തനിക്കു വേണ്ടി കൂന്താലി പിടിക്കാനും,  മുന്നോട്ടുള്ള ജീവിത വഴികൾ വെട്ടിത്തെളിച്ചു കടത്തി വിടാനും ഒപ്പമുണ്ടാകില്ലെന്നുള്ള ഞെട്ടലോ ഭയമോ നഷ്ടബോധമോ നിരാശയോ അവനു അപ്പോൾ  തോന്നാതെ പോയതെന്താണ്? 

ഇനിയൊരിക്കലും തന്റെ ജന്മത്തിന്റെ കാരണഭൂതനായ ആ മനുഷ്യൻ തനിക്കൊപ്പമുണ്ടാകില്ലെന്ന യാഥാർഥ്യത്തെ, അതുണ്ടാക്കുന്ന ഞെട്ടലോടു കൂടിയ വേദനയെ അവനു അനുഭവപ്പെടാതെ പോയതെന്താണ്? അത്രയ്ക്ക് പോലും ചിന്തയോ,  നേർബുദ്ധിയോ വികസിക്കാത്ത ഒരു ഒരു പ്രായമായിരുന്നോ ആ പതിന്നാല് വയസ്സ്? 
പ്രായത്തിന്റെ കുഴപ്പമല്ല അതെന്നും അവന്റെ തന്നെ ചിന്താ ശേഷിയുടെ വൈകല്യമാണെന്നും തെളിയിക്കുന്ന ജീവിതം,  ജീവിച്ചു തീർത്ത പിന്നീടുള്ള വർഷങ്ങൾ തെളിയിച്ചു തന്നിരിക്കുന്നു.. എപ്പോഴെങ്കിലും അച്ഛനെ ഓർമിച്ചപ്പോഴൊക്കെ,  അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന തോന്നൽ വരുന്നതെല്ലാം എത്തി നില്കുന്നത്,  ആ മനുഷ്യൻ കൂടെ ഉണ്ടായിരുന്നെങ്കിൽ കിട്ടിയേക്കാമായിരുന്ന നേട്ടങ്ങളുടെ നഷ്ടബോധത്തിന്റെ പേരിൽ മാത്രമായിരുന്നു.. തെറ്റിപ്പോയ വഴികളെ തിരുത്തി  നേർവഴിക്കു നയിക്കാൻ, ഒരു തീരുമാനമെടുക്കാൻ ആവാത്ത സന്ധികളിൽ ഒരു തീരുമാനമെടുക്കാൻ,  അല്ലെങ്കിൽ താൻ എടുക്കേണ്ടി വരുന്ന തീരുമാനത്തിന്റെ പിഴവിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാൻ ഒരാൾ ആയി ആ മനുഷ്യനെ ആവശ്യമാണെന്ന തോന്നലിനപ്പുറം  ആ മനുഷ്യൻ ബാക്കി വെച്ചിട്ടു പോയ ശൂന്യതയിൽ ആത്മാർഥമായി വേദനിക്കാൻ അവനു കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം..



Tuesday, 1 September 2020

ഇരുൾ വിഴുങ്ങുന്ന ലോകങ്ങൾ

എൻ മുന്നിലിരുൾ തീർത്തു
മറയുന്നു നീ,
നിന്നെ കുരുക്കുന്ന  മറ്റൊരിരുളിലെക്ക്, 

ഭയമാണെനിക്കെന്നെ ചൂഴുന്ന ഇരുളിനേ,  ഭയമാണതിലേറെ  നിന്നെ
വിഴുങ്ങുന്നയിരുളിനെയും,

ഞാനില്ലവിടെയും നീയില്ലിവിടെയും
ഏകാന്തലോകങ്ങൾ തീർക്കുന്നു നാം,

ഉള്ളിലെ ചുമരുകൾ നിന്നെ തളക്കുമ്പോൾ
നിന്നെയറിയതോർ ചുറ്റിനും കൂടുമ്പോൾ
നീ വിങ്ങുന്നതോർത്തു, നീ പിടയുന്നതോർത്തു
ഏതോ ചുഴിക്കുള്ളിൽ ഞാനും പിടയുന്നു..  

Thursday, 27 August 2020

നിന്നോട് പറയാത്തത്..

ഒരു സാന്ത്വനം പകരമായി പ്രതീക്ഷിച്ചു,
ഹൃദയം പിളർത്തി നീ വിട പറഞ്ഞീടുംപോഴെങ്കിലും, 
അറിയുമെന്നോർത്തു എൻ എരിയുന്ന നെഞ്ചിന്റെ,
സഹനമില്ലാത്ത നിശബ്ദ വിലാപങ്ങളെങ്കിലും,
എല്ലാമൊരു വെറും കല്ലിന്റെ
മുന്നിലെക്കുയിർ അറ്റു വീഴുന്ന പുഷ്പദളശല്കങ്ങൾ,

പതിതനെന്നൊരു മുദ്ര എൻ  ചുമലിൽ പതിപ്പിച്ചു,
പഴയതൊന്നും ബാക്കി നിന്നിലില്ലന്നുറപ്പിച്ചു,
പിരിയുന്നു നീ സമചിത്തയായി ശാന്തയായി,
ഞാനോ ഉള്ളു കാർന്നുഴലുന്നു
നിശബ്ദനായി..
നിന്നെപ്പിരിയുന്ന വേദനക്കൊപ്പം
നീ എന്നെ തിരിച്ചറിയാതെ പോകുന്നതും,
എൻ നേർകോരല്പം കനിവേതുമില്ലാതെ
പോകുവാനാകുന്നതും
അതിലേറെ മറ്റൊരു നോവായി തറക്കുന്നു .. 

നിൻ ഹൃദയത്തിൽ ഞാനാഴ്ത്തിയ കടാരപിടിയിൽ ഒലിച്ചിറങ്ങിയതത്രയുമെൻ കണ്ണീരും ചുടു ഹൃദയരക്തവും

നിൻ ഹൃദയത്തിൽ
ഞാനാഴ്ത്തിയ  കടാരപിടിയിൽ
ഒലിച്ചിറങ്ങിയതത്രയുമെൻ
കണ്ണീരും ചുടു ഹൃദയരക്തവും..

അരുതെന്നൊരായിരം വട്ടം
ആന്തലോടെൻ ഉള്ളലറി
അലച്ചു പിടഞ്ഞിട്ടും,
ചുടലമുള്ളിന്നൊരു ചുറ്റു
ഇടനെഞ്ചിൽ പാമ്പു
പോൽ ചുറ്റി  പിണഞ്ഞിട്ടും, 
അയഞ്ഞില്ലയെൻ കൈകൾ
നിന്നുയിരിൽ നിന്നു ഞാൻ
ഒരു ശിഖരം പോലറ്റു വീഴും വരെ..

നിന്റെ നിനവിലൊരിക്കലും
തെളിയില്ല ഞാനെത്ര
ഇരുളിലേക്കാണ്ടു പോയാ
 ക്രൂരകർമത്തിനിപ്പുറം,
ഒരുവേള നീയറിഞ്ഞിരുന്നെ-
ങ്കിലെന്നാശിച്ചു നിൻ
നിണമൊഴുകിപ്പരന്നതെൻ
കരൾപിളർപ്പിലൂടെന്നതും.. 

ക്ഷമ..

ക്ഷമിക്കുക നിങ്ങൾ..

ഈ ഒരു വാക്കിൽ
നോവുകൾ മായില്ല
മുറിവുകൾ ഉണങ്ങില്ല
പൊട്ടിയതൊന്നും
വടുവില്ലാതെ
കൂടിച്ചേരുന്നുമില്ല..

ക്ഷമിച്ചു കിട്ടുവാനായി
ക്ഷമ യാചിക്കുന്നില്ല..
മോക്ഷത്തിനല്ല..
സമാധാനത്തിനുമല്ല..
ശിക്ഷയിൽ നിന്നൊഴിവാകുവാനുമല്ല ..

പിന്നെയോ?

സ്വയം തിരിച്ചറിയുന്നു
എന്നറിയിക്കുവാൻ
വേണ്ടി മാത്രം..
അതിൽ വേദനിക്കുന്നു
എന്നറിയിക്കുവാൻ വേണ്ടി മാത്രം..
ഞാനായിരുന്നില്ല ശെരി എന്നു
ബോധ്യമായിരിക്കുന്നെന്നു
പറയുവാൻ വേണ്ടി മാത്രം.. 

Friday, 26 June 2020

നീ ആര്?

അക്ഷരങ്ങളെനിക്കൊരിക്കലും
പടവാൾ ആയിരുന്നില്ല..
ആരും കണ്ടിട്ടില്ലാത്ത
മനസ്സെന്ന അരൂപിയെ
പരിചയപ്പെടുത്താനുള്ള മുദ്രകൾ ആയിരുന്നു..
ആരൊക്കെയോ അതിനെ ചേർത്തു പിടിച്ചു,  സ്വന്തമെന്നു വിളിച്ചു..
ആരൊക്കെയോ അതിനോടുള്ള കൂട്ടു വെട്ടി.. അനാഥമാക്കി..
ജീവനുള്ള കൈ തലോടലുകളിൽ മനം നിറഞ്ഞു തുടങ്ങിയപ്പോൾ,
ജീവനില്ലാത്ത അക്ഷരങ്ങൾ പുറംതള്ളപ്പെട്ടു..
കൂട്ടത്തിൽ മനസ്സും..
ഇന്നലെ ഞാനവർക്കൊരു ഗന്ധർവ്വൻ ആയിരുന്നു..
ഇന്നു ഞാനൊരു നരക പിശാചും..
ഇന്നലത്തെ ഇരുളിൽ ഞാൻ പൂനിലാവായിരുന്നു..
ഇന്നത്തെ ഇരുളിൽ ഞാൻ ഓരിയിടുന്ന
ക്രൂരനായ ചെന്നായ മാത്രം..
സ്വന്തമെന്നെന്നോട് പറഞ്ഞതത്രയും
മറ്റാർക്കോ വേണ്ടി  മാറ്റിവെക്കപ്പെട്ടിരിക്കുന്നു..
നിന്നിൽ ഞാൻ എവിടെ എന്നു ചോദിച്ചാൽ
നീ ആര് എന്ന മറുചോദ്യം കേൾക്കുന്നു..
ആ ചോദ്യം ഇന്നു ഞാനും ചോദിക്കുന്നു..
ഞാൻ ആര്?  നീ ആര്?..

Saturday, 23 May 2020

പുസ്തകം....


നിങ്ങൾ പണ്ടെപ്പോഴോ പാതി വായിച്ചുപേക്ഷിച്ചു പോയ
അരികു ചുരുണ്ട പുസ്തകമാണ് ഞാൻ..
ഇരുണ്ട ഉള്ളകങ്ങളിൽ ഇരട്ടവാലനുകൾ
തുളയിട്ട സുഷിരങ്ങളിൽ കൂടിയാണ്
ഞാൻ ഇന്നു ശ്വസിക്കുന്നത്..

എന്നിൽ ഒന്നോടൊന്നു ചേർന്നു നിന്നു
അർത്ഥമുണ്ടാക്കിയ വാക്കുകൾ
പരസ്പരം കലഹിച്ചു വരി തെറ്റി പിരിഞ്ഞിരിക്കുന്നു .
എന്നോ ഒരു മഴയിൽ ഓലവാരിക്കിടയിലൂടെ
ഊർന്നു വീണ ചില തുള്ളികൾ
എന്നിൽ പടർന്ന മരണക്കറ പോലെ
മഞ്ഞിച്ചു കിടക്കുന്നു..

എന്തിനു നിങ്ങൾ പാതിയിൽ വായന നിർത്തി
എന്നറിയണമെന്നുണ്ടായിരുന്നു..
പക്ഷെ ചോദിയ്ക്കാൻ എനിക്ക് ഭയമാണ്..
ചിലപ്പോൾ നിങ്ങൾക്കു പറയാനുണ്ടാവുക എന്റെ ഉള്ളിലെ അർത്ഥ ശൂന്യതയെപ്പറ്റിയാകും..

എന്റെ വാക്കുകൾ കയ്ക്കുന്ന വിഷമാണെന്ന് നിങ്ങൾ പറയുമോയെന്നു ഞാൻ ഭയക്കുന്നു..
അല്ലെങ്കിൽ തന്നെ എന്തിനാണ് അത്തരമൊരു ചോദ്യം..?

നിങ്ങൾ പാതിയിൽ നിർത്തിയത്,
ബാക്കി പാതിയിൽ നിങ്ങളുടെ വിരലുകൾ പതിയാഞ്ഞതു,
കണ്ണുകൾ കഥാന്ത്യത്തിന്റെ ആകാംഷ തീർക്കാതെ താളുകളെ ഉപേക്ഷിച്ചത്,
എന്തുകൊണ്ടെന്നറിയാം..
ആദ്യ പാതിയിൽ തന്നെ ഞാൻ
വെറുക്കപ്പെട്ടിരിക്കുന്നു..

പ്രാപിക്കാൻ വന്നവൻ പാതിയിൽ നിർത്തി ഉപേക്ഷിച്ചു പോയവൾ..
ഉടയാടകളെല്ലാം അഴിച്ചു മാറ്റി
നിങ്ങൾക്കു മുന്നിൽ രഹസ്യങ്ങളെല്ലാം നഷ്ടപ്പെട്ടു പോയ,
നിങ്ങളുടെ കരസ്പർശങ്ങളിൽ പാതി വിടർന്നപ്പോൾ തന്നെ,
നിങ്ങൾ ഉപേക്ഷിച്ച കന്യക..
അല്ല, അർദ്ധ കന്യക..

ഈ ഇരുട്ടിൽ, ഇരട്ടവാലനുകൾക്കു
ജന്മവും പുനർജന്മവും നൽകി ഞാൻ
മരണപ്പെട്ടു കൊണ്ടിരിക്കുന്നു..
മരണത്തിന്റെ മഞ്ഞ കറ പടർന്നു കയറുന്നു..
മയിൽ‌പീലി കൊണ്ടു നിങ്ങൾ താളുകൾ
അടയാളപ്പെടുത്തുന്നത് ഞാൻ എത്രയോ സ്വപ്നം കണ്ടിരിക്കുന്നു..

ഞാൻ സ്വയം എഴുതി ചേർത്ത
അർത്ഥ ശൂന്യമായ, ആസ്വദ്യമല്ലാത്ത അക്ഷരക്കൂമ്പാരത്തിന്റെ,
ആരോ കൂട്ടിക്കെട്ടിയ കടലാസ് കൂട്ടമായി
വെളിച്ചമില്ലാത്തവരുടെ ലോകത്തു
അത്ഭുതങ്ങൾ കാത്തു ഞാൻ കിടക്കുന്നു..

അറിഞ്ഞും അറിയാതെയും പടർന്നു കയറിയ,
തിരസ്കരിക്കപ്പെട്ട ഈ അക്ഷരങ്ങൾ മാഞ്ഞു പോകുമെന്ന് പ്രതീക്ഷിച്,
പകരം ആയിരം തവണ വായിച്ചാലും
വീണ്ടും വായിക്കാൻ കൊതിക്കുന്ന,
അവസാന താളിൽ വരെ ആകാംഷയുടെ ആവേശമുണ്ടാക്കുന്ന ,
അക്ഷരങ്ങൾ ചേക്കേറുമെന്നു പ്രതീക്ഷിച്,
പഴയതെല്ലാം മായ്ച്ചു പുതിയവ എഴുതി ചേർക്കാവുന്ന ഒന്നായി ജീവിതം മാറുമെന്ന മിഥ്യയിൽ,
വെളിച്ചം കാത്തു കിടക്കുന്ന ഒരു പുസ്തകം..










ഐസൊലേഷൻ....


ഞാനെന്റെ അക്ഷരങ്ങളെ
ഐസൊലേഷനിൽ ഇട്ടിരിക്കുകയായിരുന്നു.
എന്റെ പ്രവർത്തികളുടെയും ചിന്തകളുടെയും പരിസരങ്ങളിൽ
ശെരികേടുകളുടെ കൊറോണ ബാധിച്ചിരുന്നു..
അതിന്റെ മനസാക്ഷി കുത്തിൽ
പുറം ലോകത്തിൽ ഞാൻ മുഖംമറച്ചു വെച്ചു..
പിന്നെന്തിനിപ്പോൾ പുറത്തു വരുന്നു?
പാപങ്ങൾ പരിഹരിക്കപ്പെട്ടുവോ?
മനസാക്ഷി കുത്തുന്നത് അവസാനിപ്പിച്ചുവോ?
ഇല്ലേയില്ല..
എല്ലാവരും പറയുന്നു, ഈ വിഷവിത്തുകൾ എന്നും കൂടെ ഉണ്ടാകുമെന്നു..
അതിൽ ജാള്യതപ്പെട്ടു, സങ്കടപ്പെട്ടു ഒളിച്ചിരുന്നിട്ടു കാര്യമില്ലെന്നു..
അതിനൊപ്പവും ജീവിക്കാൻ ശീലിക്കണമെന്നു..
ജാള്യതയും സങ്കടവും തീരില്ലെങ്കിലും
ഞാൻ ഈ ഐസൊലേഷൻ അവസാനിപ്പിക്കുകയാണ്..
അകലം പാലിക്കേണ്ടവർ അകലം പാലിക്കുക..
അണുനാശിനി തളിക്കേണ്ടവർ അതു ചെയ്യുക..
എന്നെ ഇല്ലായ്മ ചെയ്യാൻ തോന്നുന്നവരുമുണ്ടാകും..
അവർ അതിനു വേണ്ടിയും ശ്രമിക്കുക..



തിരസ്കരിക്കപ്പെട്ടവൻ


ഒരിക്കൽ
ഞാനൊരു സ്വപ്നം കണ്ടു..
ഒരിക്കലും കണ്ടു തീരുവാൻ
 ആഗ്രഹിക്കാത്ത സ്വപ്നം..
ഏറ്റവും മനോഹരമായതു..
പകരം വെക്കാനാവാത്തതു..

പക്ഷെ,
സ്വപ്നം സ്വന്തമായെന്നു നിനച്ച നേരത്തു,
ഞാനെന്റെ സ്വപ്നത്താൽ തിരസ്കരിക്കപ്പെട്ടു ..
സ്വപ്നം പറഞ്ഞു,
നീ ഈ സ്വപ്നം കാണാൻ യോഗ്യനല്ല..

ശെരിയാണ്..
ഞാനും അതു തിരിച്ചറിയുന്നു..
എന്റെ യാഥാർഥ്യങ്ങളിൽ
ആ സുന്ദര സ്വപ്നത്തിനു ഞാൻ യോഗ്യനല്ല.
സ്വപ്നം അകന്നു പോയി..


എന്തൊരു നോവാണ്
അതു  നഷ്ടപ്പെടുമ്പോൾ..
അതിനേക്കാൾ എന്തൊരു നോവാണ്
 അതിനു അര്ഹനല്ലെന്നു സ്വയം തിരിച്ചറിയുമ്പോൾ..





തണൽ മുറിക്കുന്നവൻ...


നീ തറഞ്ഞു നിൽക്കുന്ന
അസ്വാതന്ത്ര്യത്തിനു കീഴെ
ഞാനെന്റെ കൂടു കൂട്ടിയിരിക്കുന്നു..
നിന്റെ നിഴൽ തിരിയുന്നതിനൊപ്പം
ഞാനും തിരിഞ്ഞു കൊണ്ടേയിരിക്കുന്നു.
നിന്റെ നിഴൽ പാദങ്ങളോടൊട്ടുമ്പോൾ
ആ പാദങ്ങളിൽ ഞാൻ അഭയം തേടുന്നു..
നിന്റെ നിഴലിനു നീളം വെക്കുമ്പോൾ
ഞാനെന്റെ യാത്രയുടെ നീളം കൂട്ടുന്നു..
നിന്റെ നിഴൽ
പ്രകാശത്തിൽ വിലയം പ്രാപിക്കുന്നിടത്തു
എന്റെ യാത്ര അവസാനിക്കുന്നു..
നിന്റെ നിഴൽ ചുരുങ്ങി ഒതുങ്ങുമ്പോൾ
ഞാനും ഒരു അട്ടയെ പോലെ ചുരുണ്ടു കൂടുന്നു..
നീയേൽക്കുന്ന വെയിലിനു കീഴെ
എന്റെ കണ്ണുകൾ ഉറക്കം തേടുന്നു...
നിന്റെ ഉടലേൽക്കുന്ന ചൂടിന്റെ തണലിൽ
ഞാനെന്റെ ഉടൽ ഒളിപ്പിക്കുന്നു ..
എന്നിട്ടും ഞാൻ നിന്റെ ചുവടറക്കുന്നു..
ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കുന്നു..

സ്നേഹിച്ചു തോറ്റു പോയവളോട്..



എന്നെ പ്രണയിച്ചു തോറ്റു പോയവളെ,
നീ ആ പ്രണയത്തെ തെമ്മാടിക്കുഴിയിലടക്കുക.
വെറുപ്പിൽ ചവച്ചുതുപ്പിയ ചുവന്ന  പൂക്കൾ
ആ കുഴിമാടത്തിൽ ചൊരിയുക.
നിന്റെ ഹൃദയത്തിൽ തറഞ്ഞ മുള്ളുകൾ
കൊണ്ടൊരു മുൾക്കിരീടം ഉണ്ടാക്കുക..
അതെന്റെ തലയിൽ ചാർത്തുക..
നിന്റെ ഹൃദയരക്തത്തിൽ  ആളിപ്പിടിച്ച അഗ്നിയിൽ
എന്റെ ഓർമകളെ കരിച്ചു കളയുക..
കണ്ണീരുകൊണ്ടു നീ തീർത്ത കടലിൽ
അതിന്റെ ചാരം ഒഴുക്കി കളയുക..
മരിച്ചവന്റെ തിരുശേഷിപ്പുകൾ
വഴിയരികിലെ ചവറു കൂനയിൽ തള്ളുക..
എന്നിട്ടും ഞാൻ നിന്നിൽ ശേഷിക്കുന്നുണ്ടെങ്കിൽ
അതു ഞാനല്ല,  നീയാണെന്നു കരുതുക..



നോവ്..

കട്ടിക്കരിങ്കല്ലു ആക്കുവാനാവാതെ
ഈ ഹൃത്തടമെന്തിന്നു കുത്തിപ്പറിക്കുന്നു..
പിന്നിട്ടകാലങ്ങളോർമ്മയിലെന്തിനു
ചന്നം പിന്നം ചറപറ പെയ്യുന്നു..
പൊട്ടി മുളക്കുവാനിറ്റ്‌ ജലത്തിനായി
എത്രയോ കാലം തപസ്സനുഷ്ഠിച്ചു ഞാൻ ..
ഒടുവിൽ  നീയുയരെ കരിമ്പടം വീശുമ്പോൾ
ഉടലുണരുന്നതും നീ പുണരുന്നതും
തളിർ വിടരുന്നതും സ്വപ്നത്തിൽ കണ്ടു ഞാൻ..
മഴയാൽ  കുളിര്പ്പിക്കാതെന്തിന് മേഘമേ
മാറു പിളർക്കുന്ന മിന്നലായ് തീർന്നു നീ ..
കത്തിക്കരിഞ്ഞ പാഴ്വസ്തുവായ് നിന്മുന്നിൽ സ്വപ്നം ചിതറി വികൃതമായി തീർന്നു പോയ്..
അതിൽ പുശ്ച്ചം ചൊരിഞ്ഞു നീ പൊട്ടിച്ചിരിക്കുമ്പോൾ
കട്ടിക്കരിങ്കല്ലു ആക്കുവാനാവാതെ
ഈ ഹൃത്തടമെന്തിന്നു കുത്തിപ്പറിക്കുന്നു..

ചാവ് വിളി


യാത്ര ചത്തവരുടെ ഒപ്പം ആണ്
ജീവനില്ലാത്ത കണ്ണുകൾ
ഇഴയുന്ന കാലുകൾ
യാത്ര നാലു വശത്തേക്കുമാണ് ..

വഴിയിറമ്പുകളിലെ ഇരുട്ടിനു
മൂക്കു തുളയ്ക്കുന്ന നാറ്റമില്ല..
മണവുമില്ല..
ഗുഹ പോലെ മൂക്കു വെറുതെ
തുറന്നിരിക്കുന്നു..

പിന്നിട്ട വഴികളിലെ ദൈവങ്ങൾക്കു
ഇപ്പോഴും ചത്ത ചിരി മാത്രം..
പ്രാർഥന ചൊല്ലാൻ വായ തുറന്നിട്ടില്ല..
നട്ടെല്ലു കൂനി തൊഴുതതുമില്ല..

ജീവിച്ചവർക്കൊപ്പം യാത്ര ചെയ്തപ്പോഴും
ദൈവം ചിരിച്ചത് ചത്ത ചിരി തന്നെ..
കണ്മുന്നിൽ നരകം കത്തുമ്പോഴും
ചിരിക്കാൻ മാത്രം വിധിക്കപ്പെട്ട ദൈവം..

ചത്തവരുടെ കണ്ണുകൾ
ഇരുട്ടിൽ കാഴ്ച തേടുന്നു..
നിഴലുകൾ കരിന്തേൾ പോലെ
വിഷവാലുകൾ കൊണ്ടു കൊമ്പു കോർക്കുന്നു..

കാമനകൾ പതിവു പോലെ
ചീഞ്ഞു ചലം വമിക്കുന്നു..
ജീവനുള്ള ഗർഭപാത്രത്തിലെ
അലസിപ്പോയ ഭ്രൂണങ്ങൾ..

ചാവ് വിളി വരും മുന്നേ
ചത്തവർക്കൊപ്പം നടക്കുക.
ചത്തവന്റെ മൗനത്തോട്
ജീവനുള്ള മൗനം ചേർത്ത് നടക്കുക..







എത്ര മഴ പെയ്താലാണ് മരുവിന്റെ ദാഹം തീരുക?



തുള്ളി മാത്രം പൊഴിച്ചു നീ
ഈ വിണ്ടു കീറിയ നാവിനായ്,
കോടി കോടി മണൽനാവുകൾ
നീയാം ദാഹ നീരിനായ്  കേഴുന്നു..

ചൊല്ലു നീ ഏകമാമീ തുള്ളി കൊണ്ടു
ഞാനെത്ര  നാവുകൾ നനച്ചിടും..?
തന്നു കൂടെ കുറച്ചേറെ നീരിൻ
തുള്ളികൾ എൻ കരൾകൂടിനായ്..?

പെയ്തു തീരാ മുകിൽ ബാഷ്പമായ്‌ നീ
എന്റെ മുന്നിലുണ്ടെങ്കിലും
പെയ്യുവാൻ അറച്ചു നിൽകുവതെന്തിനെൻ
പ്രാണ പ്രേയസ്സി..?

എന്റെ ജീവ ദാഹമകറ്റുവാൻ
നീ മാത്രമാണൊരു പോംവഴി..
നിന്റെ നീരിൽ മാത്രമല്ലേ
പ്രാണൻ എൻ പൂർണ്ണമാവുക.

നീ എത്ര  പെയ്തു തളർന്നുവെങ്കിലും
അണയുകില്ലീ  ദാഹനാളങ്ങൾ
പ്രളയമായ് നീ പെയ്തിറങ്ങുക
എന്നിലോരോ തരിയിലും..












തുകൽ സഞ്ചി...


ചുവന്ന വെള്ളം നിറച്ച തുകൽ സഞ്ചി,
വീർക്കുകയും ചുരുങ്ങുകയും ചെയ്യുന്നത്,
അതിനപ്പുറം നീ എന്തൊക്കെയോ ആണെന്ന് കരുതിയത് എന്റെ തെറ്റ്,
നീ ഇരിക്കുന്നിടത്തു കുത്തിക്കയറുന്ന
വേദന,
പിടച്ചിൽ,
നീറ്റൽ,
എന്തോ വെച്ചു കൊളുത്തി വലിക്കുന്ന
അസഹ്യത,
ഭാരം,
നീ വീർത്തു പൊട്ടുമെന്നു പലപ്പോഴും കരുതി,
അതു നീയാണെന്നു ധരിച്ചു,
തെറ്റ്‌,
നീ ഒരു തുണ്ടു ചുരുണ്ട മാംസക്കീറു..
നിനക്ക് ആരെയും വിളിക്കാനാവില്ല,
ആരുടേയും വിളി കേൾക്കനുമാവില്ല,
ഹൃദയം ഹൃദയത്തോട് പറയുമെന്ന്
പറഞ്ഞതൊക്കെ തെറ്റ്,
ഹൃദയം ഹൃദയത്തെ കേൾക്കുമെന്ന് പറഞ്ഞതും തെറ്റ്,
നീ വെറുമൊരു യന്ത്രമാണ്..
ആരോ ഏല്പിച്ച പണിയെടുക്കുന്ന യന്ത്രം..
ആകാശത്തിനു കീഴെ മരണം പരക്കുമ്പോഴും
നീ പണിയെടുക്കുന്നുണ്ട്,
പണി നിർത്താൻ പോകുന്നതിന്റെ ഉത്സാഹം നിന്നിലുണ്ടോ?
ഉണ്ടാവില്ല, നീ ഒരു യന്ത്രം മാത്രം.
എന്നിട്ടും ആരാണ് അവിടെ കുത്തി കീറുന്നത്?
എവിടെയാണ് ഈ പിടച്ചിൽ തുടങ്ങി ഒടുങ്ങുന്നതു?
ആരാണ് ഇടനെഞ്ചു ഊതി വീർപ്പിക്കുന്നതു?
ഏതു ഭാരമാണ് അവിടെ കയറിയിരിക്കുന്നത്?
ഏതു കൂർത്ത കൊളുത്തിന്റെ മുനയാണ്
എവിടേക്കോ കൊരുത്തു കേറുന്നത്?
അത് നീയാവില്ല, നിന്നിലേക്കാവില്ല,
ശൂന്യത ഒരു പദാർഥവും, ഇരുൾ അതിന്റെ രൂപവും ആയി മാറുന്നിടത്തെവിടെയോ,
ഉള്ളിലെവിടെയോ ഒരു ചുഴിയുണ്ട്,
എല്ലാം വലിച്ചെടുക്കുന്ന ചുഴി..
അവിടെയെവിടെയോ ആണ് ഞാൻ..
അത് നിന്നിലാവില്ല..
നീ ആ ചുവന്ന വെള്ളം തുപ്പുകയും കുടിച്ചിറക്കുകയും ചെയ്തു കൊണ്ടിരിക്കുക,
അതാണ് നിന്റെ പണി..