ഇരുളു മേയുമെൻ ചക്രവാളങ്ങളിൽ
കനകവർണ നിലാവുദിച്ച പോൽ
സ്മിതമൊളിപ്പിച്ച വദന പനിമതി
ഉദയമായന്നു പൗർണ്ണമി കണ്ണുമായി...
സഫലമാകാത്ത സ്വപ്നശലഫങ്ങളെ
ഹൃദയകോണിൽ മറവി താലോലിക്കവേ,
ഇളം കാറ്റു മന്ത്രിച്ച കാലത്തിൻ മുറ്റത്തു,
ഒഴുകി വന്നു നീ അപ്പൂപ്പൻ താടി പോൽ..
പിന്നെയോരോ പകലിനും രാവിനും,
പിന്നെയോരോ ശ്വാസ നിശ്വാസങ്ങൾക്കും
നീ പരത്തിയ ചന്ദനഗന്ധത്തിൻ
ചന്തമായിരുന്നെന്നുമേപ്പോഴും..
കാറ്റു ചീന്തിയ വാഴത്തലപ്പ് പോൽ
പിഞ്ചിപ്പോയ ഹൃദയ ദലങ്ങളിൽ,
സ്നേഹലേപനം ചാലിച്ചു ലാളിച്ചു
നീ ജ്വലിപ്പിച്ചു പ്രാണന്റെ കൈത്തിരി..
ഒറ്റക്കുടക്കീഴിൽ ഒപ്പമില്ലാഞ്ഞിട്ടും
ഒന്നായ് നനഞ്ഞില്ലേ എല്ലാ മഴകളും,
എത്ര മഴച്ചാറു തട്ടിത്തെറിപ്പിച്ചുടൽ ഒട്ടിചേർന്നൊറ്റ ഇലയായി മാറി നാം..
പിന്നെ പിണങ്ങി പൂർണചന്ദ്ര ദ്യുതി
മങ്ങി വെളിച്ചവും എന്റെയകാശവും,
ഇന്നിതാ വന്നു അമവാസി രാവുകൾ
മറയുന്നു നീയിതാ നിഴലിന്റെ പിന്നിലായി.
ഇരുളാണ് പിന്നെയും ചക്രവാളങ്ങളിൽ
ഇരുളടഞീടുന്നു മുന്നിലെ വഴികളും,
തുള്ളി വെളിച്ചവും മായ്ച്ചു നീ പോകുന്നു
ഇരുൾ പിളർന്നിരുളിലേക്ക് ഞാനൂർന്നു വീഴുന്നു..