Sunday, 15 August 2021

നിന്നെ വെറുക്കുക എന്നാൽ

സ്വയം വെറുക്കുക എന്നാണ്..

എങ്കിലും ഞാൻ അതു ആഗ്രഹിക്കുന്നു ..

ഹൃദയം അത്രമാത്രം വേദനിക്കുന്നു..

എത്രയോ വർഷങ്ങളായി ആ വേദന കൂടി കൂടി വരുന്നു..

പക്ഷെ എങ്ങനെയാണു ഞാൻ നിന്നെ വെറുക്കുക..

വെറുപ്പ് ഉണ്ടാക്കിയെടുത്താൽ എങ്ങനെ അതു വെറുപ്പാകും..

എങ്ങനെ അതിനു നെഞ്ചിലെ നോവിനെ ഇല്ലാതാക്കാൻ കഴിയും..

അവിടെയും ഞാൻ തോറ്റു പോകുന്നു..

വെറുക്കാൻ ആകുന്നില്ലെനിക്ക്..

മറക്കാനോ, ആഗ്രഹിക്കാതിരിക്കാനോ ആവുന്നില്ലെനിക്ക്..

നിന്നിൽ ആണ് ഞാനെന്റെ ഹൃദയം

സൂക്ഷിച്ചത്..

നിന്നിൽ ഞാൻ അത്രമാത്രം

വിശ്വസിച്ചിരുന്നു..

നീ വെറുമൊരു സ്ഫടിക പാത്രമായിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല ..

അതു ഉടഞ്ഞു പോകുമെന്ന് ഞാൻ ചിന്തിച്ചില്ല..

നിന്റെ പ്രണയം നീ ഉടച്ചപ്പോൾ

നിന്റെ സ്ഫടിക്പാത്രത്തിന്റെ ചില്ലു

തുളഞ്ഞെന്റെ ഹൃദയം പിളർന്നിരിക്കുന്നു..

നിന്റെ ഓരോ നോവിലും

നിന്നെ പിന്തുടർന്നവൻ ആണ് ഞാൻ..

എന്റെ ഒരു നിമിഷം പോലും വേണ്ടെന്നു നീ പറഞ്ഞപ്പോഴും,

എന്റെ സമയം മുഴുവൻ ഞാൻ നിന്നെ പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു..

കാരണം എനിക്ക് നിന്നെ പറ്റി മാത്രമേ ചിന്തിക്കാൻ ആകുമായിരുന്നുള്ളു..

ഓരോ നിമിഷത്തിലും നീ എന്നിൽ നിറഞ്ഞു നിന്നു..

പ്രണയമായി,

സ്വപ്നങ്ങളായി,

മോഹങ്ങളായി,

വിരഹമായി,

വേദനയായി,

നിരാശയായി,

ഭയമായി,

വീർപ്പു മുട്ടലായി,

ഉള്ളിലെ ആന്തലായി..

അങ്ങനെ അങ്ങനെ എന്തെല്ലാമായി..

നീ എന്നെ ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നത് പോലും മറന്നു നിന്ദിക്കുമ്പോഴും,

അപമാനിക്കുമ്പോഴും,

ആട്ടിപ്പായിക്കുമ്പ്പഴും,

മറ്റൊരാളിലേക്ക് നിന്റെ മനസ്സ് മാറ്റുമ്പോഴും എല്ലാം,

ഞാൻ നിന്നെ പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു..

നിന്റെ വേദനകളും ദുരിതങ്ങളും

നീ കടന്നു പോകുന്ന അവസ്ഥകളും എല്ലായ്‌പോഴും

എന്റെ മനസ്സിനെ ഉമിത്തിയിൽ നീറ്റിക്കൊണ്ടിരുന്നു..

എപ്പോഴാണ് നീ എന്നിൽ ഇല്ലാതിരുന്നത്..

അങ്ങനെ ഒരു നേരവും എനിക്കില്ല..

ഇന്നിപ്പോൾ നീ എല്ലാം മറന്നു എവിടെയോ പോയിരിക്കുന്നു..

മറ്റൊരാളിലേക്ക് മനസ്സും ശരീരവും മാറ്റിയിരിക്കുന്നു..

ഒരിക്കലും നിനക്കാവില്ലെന്നു പറഞ്ഞതൊക്കെ നിനക്ക് ഇന്ന് സാധിക്കുന്നു..

എന്നോട് പറഞ്ഞ സ്നേഹമെല്ലാം ഏതോ മറവികളിൽ നീ അലിയിച്ചു കളഞ്ഞിരിക്കുന്നു..

എന്നിട്ട് ഒരു നിമിഷത്തിന്റെ ഒരു നോട്ടം നീ എനിക്ക് ഔദാര്യം പോലെ നൽകുന്നു..

എന്റെ ഹൃദയം എത്രമാത്രം പൊടിയുന്നുണ്ടെന്നു നീ അറിയുന്നുണ്ടോ..

നിന്നെ നോവിക്കേണ്ടി വന്നപ്പോഴും

നിന്നെ മാത്രം സ്നേഹിച്ചവൻ ആണ് ഞാൻ..

നിനക്ക് ഞാൻ തന്ന ഒരേ ഒരു വാഗ്ദാനവും വിശ്വാസവും അതായിരുന്നു..

നിന്നെ അല്ലാതെ മാറ്റാരെയും പ്രണയിക്കില്ലെന്നു..

നീയല്ലാതെ വേറെ ആരെയും എന്റേതെന്നു കരുതില്ലെന്നു..

ഒരിടത്തും ഞാൻ എന്റെ വാക്കു മറന്നില്ല..

ശരീരം എവിടെയായിരുന്നാലും നിനക്കൊപ്പം എന്റെ മനസ്സും ഹൃദയവും ഉണ്ടായിരുന്നു.. 

നിന്റെ ഹൃദയം കീറി മുരിക്കേണ്ടി വന്നപ്പോൾ,

പകരം എന്റെ ഹൃദയം നിന്നിലർപ്പിച്ചവൻ ആണ് ഞാൻ..

നിനക്ക് നൊന്തപ്പോൾ നിന്നെക്കാൾ

നോവുമായി നടന്നവൻ ആണ് ഞാൻ..

നിനക്ക് നൽകിയ നോവിന് പകരമായി ആയിരം ഇരട്ടി സ്നേഹം നെഞ്ചിൽ കൊണ്ടു നടന്നവൻ ആണ് ഞാൻ..

ആ എനിക്ക് വേണ്ടി നൽകാൻ

നിന്റ പക്കൽ ഒന്നും ബാക്കി ഇല്ലാതായിരിക്കുന്നു..

എന്നെ വേദനിപ്പിക്കുന്നതിന്റെ ഹരം ആവും

ഇന്ന് നിന്റെ ജീവിതത്തിന്റെ ഊർജം..

നിന്നെ വേദനിപ്പിച്ചപ്പോഴും നിനക്ക് പറയാനും, കരയാനും വഴക്കിടാനും ഒക്കെ

ഏതു സമയത്തും ഞാൻ നിന്റെ ഒരു വിളിപ്പുറത്തു ഉണ്ടായിരുന്നു..

പക്ഷെ എന്റെ നോവ് പറയാൻ എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു..

കണ്ണും ചെവിയുമെല്ലാം അടച്ചു നീ ഏതോ ഇരുട്ടിൽ മറഞ്ഞിരിക്കുന്നു..

എനിക്ക് അടുത്തു വരാൻ ആവാത്ത വിധം നീ എന്റെ മുന്നിൽ മതിലുകൾ പണിതിരിക്കുന്നു..

എന്റെ ഹൃദയത്തിൽ എരിയുന്ന തീയുടെ ചൂടിൽ

നീ തപിച്ചു പോകാതിരിക്കട്ടെ...

ആരെയും സ്നേഹിക്കാൻ ആവാത്ത വിധം നീ എന്നിലെ സ്നേഹത്തെ ഊറ്റിയെടുത്തു ഉപേക്ഷിച്ചു..

നിന്നിലേക്കല്ലാതെ വേറെ ആരിലേക്കും ഒഴുകുവാനാകാത്ത വിധം അതിന്റെ ചാല് ആഴത്തിൽ നിന്നിലേക്ക്‌ കീറിയിരിക്കുന്നു..

എന്നിട്ടും നീ എന്നെ മറ്റൊരാളിന്റേതെന്നു മുദ്ര കുത്തി ഒഴിവാക്കി..

പക്ഷെ അങ്ങനെ ആരുടേതുമാകാൻ എനിക്കാവില്ല..

നിനക്കും അതിനാവില്ലെന്നു ഞാൻ വിശ്വസിച്ചിരുന്നു..

പക്ഷെ ഞാൻ വിശ്വസിച്ച ആൾ അല്ല നീ..

ഒരു ചേമ്പില പോലെയാണ് നീ..

ഒന്നും അവശേഷിപ്പിക്കാതെ എല്ലാം മായ്ച്ചു കളയാൻ ആവുന്നവൾ..

ഞാൻ സകലത്തിനെയും വെറുക്കുവാൻ ആഗ്രഹിക്കുന്നു..

ഞാൻ നിന്നെ വെറുത്താൽ,

അത്‌ എനിക്ക് സാധ്യമായാൽ

ഈ ലോകത്തു ഞാനേറ്റവും വെറുക്കുന്നവൾ നീയായിരിക്കും..

കാരണം ഈ ലോകത്തു ഞാനേറ്റവും സ്നേഹിച്ചവൾ നീയാണ്..

ഈ ലോകത്തു ഞാൻ ഏറ്റവും വിശ്വസിച്ചവൾ നീയാണ്..

എന്നെ ഈ ലോകത്തു ഏറ്റവും നോവിച്ചവളും നീയാണ്..





 

Friday, 13 August 2021

മേഘത്തോട്

 മേഘത്തോട്...


പണ്ടെങ്ങോ പറഞ്ഞിട്ടുണ്ടാകാം

നിന്നോട്,

മാനത്തിരുണ്ടു നിന്നെ കാണുമ്പോൾ

നീ പെയ്തില്ലെങ്കിലുമെൻ

ഉള്ളു കുളിരാറുണ്ടെന്ന്..

അതു പണ്ടു..

ഇന്നു നീയെനിക്കൻ ലോകത്തിരുള് പരത്തിയവൻ മാത്രം..

ഒഴിഞ്ഞു പോവുക..

അച്ചുതണ്ട്

 അച്ചുതണ്ട്...


നഷ്ടപ്പെട്ട സ്വന്തം അച്ചുതണ്ടിന്റെ 

ശൂന്യതക്ക് ചുറ്റുമാണ്,

പിന്നീടുള്ള കാലം ഓരോ 

 മനസ്സും ചുറ്റിക്കറങ്ങുന്നത്..

Sunday, 1 August 2021

വസന്തം വഴി മാറുമ്പോൾ..

 പ്രിയപ്പെട്ടവളെ,


എന്റെ പ്രണയപ്രപഞ്ചത്തിൽ

വസന്തവും ഹേമന്തവും ഗ്രീഷ്മവും പൊഴിച്ചവളെ..

ഒരിക്കലുമറിഞ്ഞിട്ടില്ലാത്ത ഹൃദയവികാരങ്ങളിൽ കൂടിഎന്നെ നയിച്ചവളെ,

ഒടുവിൽ എന്നെ വെറും മരുഭൂമിയാക്കിഉപേക്ഷിച്ചു പോയവളെ..

ഈ ഹൃദയം നിനക്കുള്ളതാണ്..

ഈ ചിന്തകളും നോവും നിന്നെ കുറിച്ചുള്ളതാണ്..

നീ ഏതു ലോകത്തിന്റെ വസന്തമാകാൻ പോയവളെങ്കിലും,

എന്റെ മറക്കാനാവാത്ത വസന്തങ്ങൾ നീ തന്ന സമ്മാനമാണ്..

ഒടുവിൽ നീ എന്നെ ഊഷരമാക്കി പോയെങ്കിലും

എന്റെ ഓർമകളിലെ നനവുകൾ പെയ്യിച്ചതത്രയും നീയാണ്..


എന്റെ മുന്നിൽ കളകളം പൊഴിച്ചോഴുകിയതും

കലഹിച്ചു കലി തുള്ളി അലറിപ്പാഞ്ഞതും നിന്നിലെ അലകൾ ആണ്..

നിനക്ക് ഞാൻ വെറുമൊരു ജീവൻ മാത്രമാണെങ്കിൽ

നീ എനിക്ക് ജീവനും ജീവിതവും അതു നിലനിൽക്കുന്ന എന്റെ പ്രപഞ്ചവും ആണ്..

ഹൃദയം കീറി മുറിച്ചാണ് നീ കടന്നു പോയതെങ്കിലും

ആ മുറിവുകളിൽ ഒഴുകുന്നതത്രയും നിന്നോടുള്ള പ്രണയമാണ്..

ഇന്നു ഞാൻ നിന്നെ പ്രണയിക്കുന്നു എന്നു പറയുമ്പോൾ

നിനക്ക് അതു അപമാനമാണ്..

എന്നെ വെറുക്കുന്നു എന്നു പറയുന്നതിൽ

നീ അഭിമാനിക്കുകയും ചെയ്യുന്നു..

എന്നെ ഒഴിവാക്കുവാൻ 

സഹായത്തിനു ആളെ വേണമെന്ന് ചിന്തിക്കുന്നു..

ഏതു ലോകമാണ് കീഴ്മേൽ മറിഞ്ഞത്..

ഏതു ചിന്തകളിൽ ആണ് വെറുപ്പ് പടർന്നത്..


പ്രിയപ്പെട്ടവളെ..

നിന്നെ ഹൃദയത്തിൽ നിറച്ചു

നീയായി മറുവാൻ കൊതിച്ചവൻ ആണ് ഞാൻ..


നിന്നിൽ നിന്നു അടർന്നു മാറാതെ

നിന്റെ തന്നെ ഒരു ഭാഗം ആവാൻ മോഹിച്ചവൻ ആണ് ഞാൻ..


ഈ ജന്മം മുഴുവൻ നിന്നെ മാത്രം സ്നേഹിക്കുമെന്നു

എന്നോട് തന്നെ പ്രതിജ്ഞ എടുത്തവൻ..


നിന്റെ ദുരിതങ്ങളിൽ ശരീരം കൊണ്ടു അകലെയാണെങ്കിലും

മനസ്സു കൊണ്ടു നിന്നരികിൽ നിന്നു നിമിഷ നേരത്തേക്ക് പോലും മാറാതിരുന്നവൻ..


നിന്റെ ഓരോ നോവും സ്വന്തം നോവായി മാറ്റിയവൻ..

നീ ഉണരുന്നതും കാത്തിരുന്നവൻ..


നിന്റെ ഒരു നോട്ടത്തിൽ ജീവശ്വാസം വീണ്ടു കിട്ടുന്നവൻ..

നീ പിടയുന്നതറിയുമ്പോൾ നിന്നെക്കാൾ വീർപ്പുമുട്ടി, ഇരിക്കുന്നിടത്തു നിന്നു അനങ്ങാൻ പോലുമാവാതെ ഉറച്ചു പോകുന്നവൻ..


എങ്ങനെയാണു ഞാൻ നിനക്ക് കള്ളനായതു.. എന്റെ പ്രണയം ഒരു നാടകമായതു..?

ഒരു നാടകക്കാരന് എങ്ങനെയാണു ഇത്രയും വേദനകൾ ഉണ്ടാകുന്നതു?

എന്നെ ഞാൻ സൂക്ഷിക്കാൻ ഇടം കണ്ടെത്തിയത് നിന്റെ ഹൃദയത്തിൽ ആണ്..

ആ ഹൃദയം എനിക്കേറ്റവും സുരക്ഷിതമായ ഇടമെന്നു ഞാൻ വിശ്വസിച്ചു..

ആ ഹൃദയത്തിൽ നിന്നു ആരും എന്നെ പറിച്ചെറിയില്ലെന്നു വിശ്വസിച്ചു..

നീ തന്നെയല്ലേ എന്നെ അങ്ങനെ വിശ്വസിപ്പിച്ചത്..

എന്നെ എല്ലാവിധത്തിലും അറിയുന്നവൾ തന്ന വിശ്വാസത്തിൽ അല്ലെ എന്നെ നിന്നിലേക്കു ഞാൻ ഉറപ്പിച്ചത്..സംശയമേതുമില്ലാതെ..

പക്ഷെ ഒടുവിൽ നീ തന്നെ......

എന്നെ നോവിക്കാൻ ഇനിയെന്തുണ്ട് ചെയ്യാൻ നിനക്ക് ബാക്കി..?

നീ എനിക്കെന്താണെന്നു നീ അറിഞ്ഞതേയില്ല..

എന്നെ നീ വെറുക്കുന്നെന്നു കേൾക്കുമ്പോൾ

എനിക്ക് ഉള്ളിൽ ചിരിക്കാൻ ആണ് തോന്നുക..കണ്ണു നിറഞ്ഞു തുളുമ്പിക്കുന്ന ചിരി..

എന്നെ ഒഴിവാക്കാൻ നിനക്ക് ആരെയൊക്കെയോ സമീപിക്കാൻ തോന്നുമ്പോൾ

എനിക്ക് തോന്നുന്ന വികാരമെന്താണ്.. അറിയില്ല..

നിന്നെ ആരാധിച്ചു, നിന്നെ പോലെ അവാൻ ആഗ്രഹിച്ചവന്റെ മുന്നിൽ

നീ ഇന്നു ആരായി ആണ് മാറിയത്..

നീ എന്നിൽ നിന്നാണോ അകന്നു പോയത്,

അതോ നിന്നിൽ നിന്നു തന്നെയോ?

ഞാൻ ആദ്യം അറിഞ്ഞ നീയാണോ സത്യം, ഇന്നറിയുന്ന നീയാണോ സത്യം..?

എനിക്കറിയില്ല..

പ്രിയപ്പെട്ടവളെ 

നിന്നിലർപ്പിച്ച വിശ്വാസങ്ങളൂർന്നു പോകുമ്പോൾ ,

എനിക്ക് നഷ്ടമാകുന്നത് ഈ ലോകത്തോടുള്ള വിശ്വാസമാണ്..

ആശ്രയം നഷ്ടപ്പെട്ടവനെ പോലെ

നിരാലാംബനായിരിക്കുന്നു ഞാൻ..

നിന്നെക്കുറിച്ചു മോശമായി ചിന്തിക്കേണ്ടി വരുന്നത് 

എന്നെ വല്ലാതെ വേദനിപ്പിക്കുന്നു..

എന്തിനാണ് നിന്നെ കുറിച്ച് ഇത്തരം ചിന്തകൾ എന്റെ മനസ്സിൽ വരാൻ നീ ഇടയാക്കിയത്?

നിന്നെ കുറിചുള്ള എന്റെ സങ്കൽപ്പങ്ങൾ എത്ര മനോഹരങ്ങളും ശുദ്ധവുമായിരുന്നു..

ഈ ലോകത്തിലേക്കു എനിക്ക് ഏറ്റവും മഹത്വമുള്ളവൾ ആയിരുന്നില്ലേ നീ..

എന്നെ ഒഴിവാക്കാൻ നീ കാണിക്കുന്ന പരാക്രമങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ എന്തെല്ലാമാണ് കുമിഞ്ഞു കൂടുന്നതെന്നു നീ അറിയുന്നുണ്ടോ?

എന്റെ മനസ്സിൽ നിനക്ക് വേണ്ടി ഒരു വല്യ യുദ്ധം നടക്കുകയാണ്..

നിന്നെ വിട്ടുകളയാൻ ആവാത്ത മനസ്സും,

നിന്റെ പെരുമാറ്റങ്ങളെ സംശയത്തോടെ കാണുന്ന മനസ്സും തമ്മിലുള്ള യുദ്ധം..

എത്ര ക്രൂരമായാണ് നീ എന്നെ ഒഴിവാക്കിയതെന്നു അറിയുമോ?

എനിക്കറിയില്ല എന്താണ് നിന്റെ മനസ്സിൽ എന്നു..

എല്ലാം എന്റെ ചിന്തകൾ ആണ്..

നിനക്കറിയുമോ, നിന്റെ പ്രണയം അനുഭവിക്കുമ്പോൾ ഞാൻ

ഈ ലോകത്തെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്നു..

ഇന്നു ഈ ലോകം എനിക്ക് വെറുക്കാനുള്ള നരകം ആയിരിക്കുന്നു..

പ്രിയപ്പെട്ടവളെ,

നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്നു പറയുവാൻ ഇഷ്ടപ്പെടുന്നില്ല,

പ്രണയിക്കുന്നു എന്നു തന്നെ പറയുവാൻ ആണെനിക്കിഷ്ടം..

എന്റെ വസന്തം എന്നേക്കുമായി ഒഴിഞ്ഞു പോയെങ്കിലും,

നീ ഉള്ളിടത്തെല്ലാം വസന്തമായിരിക്കും..

അവർക്കൊപ്പം നീയും ചിരിക്കുക..

നിന്നെയും അവരെയും കാണാതെ തന്നെ

ആ ചിരി ഞാൻ കാണുന്നു.. എന്റെ അടഞ്ഞ കണ്ണുകളുടെ കാഴ്ചകളിലൂടെ..

എന്റെ ഊഷരമായ ഹൃദയത്തിലൂടെ..


=========================



Tuesday, 20 July 2021

സ്വപ്‌നങ്ങൾ

 ജലസമാധിയിൽ

ഞാനാ സ്വപ്നത്തെ പകുത്തെടുത്തു..

ആദ്യ പകുതിയിൽ

ഞാൻ നടക്കുകയായിരുന്നു..

എത്ര നടന്നിട്ടും ഒരടി

പോലും മുന്നോട്ടു പോയിട്ടില്ല..

പിന്നാലേ വന്നവരൊക്കെ മുന്നേറി

മാഞ്ഞു പോയിരിക്കുന്നു..

ആരൊക്കെയോ ചിലർ

ഒപ്പമെത്താനായി കൈകളിൽ ആഞ്ഞു വലിക്കുന്നു..

എന്നിട്ടും ഒപ്പമില്ലാത്തതിൽ ശാപങ്ങൾ പൊഴിക്കുന്നു..

ഒടുവിൽ ഉപേക്ഷിക്കുന്നു...


രണ്ടാം പകുതിയിൽ

ഒരു ഉറക്കത്തിലാണ്..

കണ്ണുകൾ തുറന്നുള്ള ഉറക്കം..

കാഴ്ചകൾ കണ്ണിലേക്കു തുളഞ്ഞു കയറി

തലച്ചോറിൽ വിഭ്രാന്തി സൃഷ്ടിക്കുന്നു..

 കണ്ണുകൾ അടക്കണമെന്നുണ്ട്..

കൺപോളകൾ

 എവിടെയോ ഉടക്കി നില്കുന്നു..

കണ്ണുകളിൽ ഇരുട്ടു കയറണേ

എന്നു ഞാൻ പ്രാർഥിക്കുന്നു..

പക്ഷെ കാണാനാഗ്രഹിക്കാത്ത കാഴ്ചകൾ കൊണ്ടു

 കണ്ണുകൾ പക തീർക്കുന്നു..

ഒടുവിൽ ഞാനെന്റെ കണ്ണുകളെ കുത്തിപ്പൊട്ടിച്ചു..


ഉറക്കമുണരുമ്പോൾ ഞാൻ മരിച്ചിരുന്നു..

തെക്കേ പറമ്പിൽ കുഴി ഒരുങ്ങിയിരുന്നു..

മാവിൻ വിറകുകൾ അടുക്കിയിരുന്നു..

എന്റെ ശരീരം തണുത്തിരുന്നു..

എന്റെ കണ്ണുകളിലെ കാഴ്ചകൾ അവസാനിച്ചിരുന്നു..

എന്റെ കാലുകൾ നടക്കാനാവാത്ത പോലെ ചേർത്തു കെട്ടിയിരുന്നു..

ബുദ്ധിമാൻ

 ഞാൻ വല്യ ബുദ്ധിമാനാണത്രെ..

പറയുന്നത് നിങ്ങളാണ്..

അതുകൊണ്ടൊരു ഗുണമുണ്ട്..

എന്റെ എല്ലാ ചെയ്തികൾക്കും പിന്നിൽ

ഒരു ഗൂഡലക്‌ഷ്യം ഉണ്ടാകും..

എന്റെ പരിമിതികൾക്കു പിഴവെന്നു പേരിട്ടു വിളിക്കാം..

നിസ്സഹായതകകൾക്കു സ്വർത്ഥതയെന്നും പേരിടാം..

ഞെക്കി ഞെരുക്കുന്ന സാഹചര്യങ്ങളിൽ നില തെറ്റി പറഞ്ഞു പോകുന്ന വാക്കുകൾ നിങ്ങൾക്കു മുദ്രപത്രങ്ങളിൽ രേഖപ്പെടുത്താം..

അതെന്റെ ഒസ്സ്യതാകുന്നത് കാണാം..

അതിനു മുന്നേ ഞാൻ എന്തൊക്കെയായിരുന്നാലും അതു മറക്കാം..

എന്നിൽ നിന്നു സ്വാതന്ത്ര്യം നേടാം..

ചോദിക്കാനോ പറയാനോ ഉള്ള

എന്റെ അവകാശങ്ങൾ ഇല്ലാതാകും..

ആരുമല്ലാതാകും..

എന്നിലേൽപ്പിക്കപ്പെടുന്ന മുറിവുകൾ അപ്രധാനമാവുകയും

നിങ്ങളിലെല്പിച്ച മുറിവുകൾ ജ്വലിച്ചു നിൽക്കുകയും ചെയ്യും..

എന്നെ ശിക്ഷിക്കാതെ വെറുതെ വിട്ടതിൽ

ചാരിതാർഥ്യർ ആവാം..

കുറ്റബോധങ്ങളില്ലാതെ മുന്നോട്ടുള്ള വഴിയേ നടക്കാം..

എല്ലാത്തിനും ഞാൻ ബുദ്ധിമാനയാൽ മാത്രം മതി..



Saturday, 6 March 2021

എന്റെ മരണം

 എന്റെ തല കുനിഞ്ഞത്

നിന്റെ വാക്കിൻ മുനകളിൽ അല്ല..

എന്നിൽ ഉണങ്ങാത്ത മുറിവുണ്ടായതു

നിന്റെ നിരന്തരമുള്ള നിന്ദകളിലും അല്ല...

എന്റെ ആത്മാഭിമാനം തകർന്നത്

നീ തള്ളിപ്പറഞ്ഞപ്പോഴുമല്ല..

ഞാൻ പരാജയമായതു

നീ മറ്റൊരാളെ സ്നേഹിക്കാൻ തുടങ്ങിയപ്പോഴുമല്ല...

ഞാൻ നിസ്സഹായനായതു

നീ എന്റെ സ്നേഹത്തെ മനസ്സിലാക്കാഞ്ഞപ്പോഴുമല്ല..


ഞാൻ പരാജമായതു

നിന്റെ നോവുകൾക്കു ഞാൻ സാന്ത്വനമാകാഞ്ഞപ്പോഴാണ്..

എന്റെ ആത്മാഭിമാനം തകർന്നത്

ഞാൻ നിനക്കായി ചെയ്യേണ്ടിയിരുന്നത് മറ്റൊരാൾക്കു ചെയ്യാൻ വിട്ടു കൊടുത്തപ്പോഴാണ്..

എന്നിൽ ഉണങ്ങാത്ത മുറിവുണ്ടായതു

അയാളെ സ്വീകരിക്കേണ്ടി വരും വിധം ഞാൻ നിന്നെ നിസ്സഹായയാക്കിയപ്പോൾ ആണ്..

എന്റെ തല കുനിഞ്ഞത്

 നീ പിടയുമ്പോൾ മറ്റൊരുവൾകായി എന്നെ വിട്ടു കൊടുത്തപ്പോഴാണ്..

ഞാൻ നിസ്സഹായനായതു

നിന്റെ ആത്മാഭിമാനത്തിന് മുറിവേൽക്കുന്നത് വെറുതെ കണ്ടു നിൽക്കേണ്ടി വന്നപ്പോഴാണ്...


ഞാൻ മരിച്ചത് നിന്നിൽ ഞാൻ മരിച്ചപ്പോഴാണ്..





മണലാഴി

 അണയുമീ വെയിലിൽ മണലാഴിയിൽ ഏകാകിയായി ഓർമ്മകൾ,

ഋതു മറന്നുതിർന്ന മഴയിൽ

നനഞ്ഞിതളായ് കൊഴിയവെ,

ചെറുശലഫമായി മനം

പിടഞ്ഞുയരും കനൽ നോവുമായി..

അകലെ നേർത്ത നിഴലിലിരുളും

പകൽ വിട പറഞ്ഞാകാശവും ,

തെന്നിയകലും തിരയെ പിരിയും 

മൗനവ്യഥ നിറയും തീരവും,

മുത്തൊഴിഞ്ഞകം വ്യർഥമായൊരു

ചിപ്പി തൻ ഹൃത്തുമായ് ..

ഇനിയെത്ര ദൂരം ഏകനായ്

ഒരു ദിക്ക് തേടി അലയണം..





















അകം പുറം

 തുറന്നു വെച്ചു ഞാനെൻ അകവും പുറവും

തെളിമയോടെന്നെ നീ അറിയുവാൻ..

പറഞ്ഞു വെച്ചെൻ ഭൂത വാർത്തമാനങ്ങളെ,

നീ മൂഢയാകില്ലെന്നുറപ്പിക്കുവാൻ..

പടുത്തില്ലൊരു പളുങ്കു കൊട്ടാരവും

നുണ പൊതിഞ്ഞു നിന്നെ ഇരുത്തുവാൻ..

പറഞ്ഞതത്രയും പകർന്നതത്രയും

കയ്പ്പുനീരായിരുന്നെങ്കിലും,

സത്യമല്ലാതെയൊന്നും പങ്കു വെച്ചില്ല നിന്നോട് ഞാൻ..

പരിണാമങ്ങൾ

 പരിണാമങ്ങൾ..

================

ചത്തെന്നു പറയാൻ പാടില്ല,

പിന്നെന്തു പറയണം..?

മരിച്ചെന്നു പറയണം..

മൃഗങ്ങൾ ചത്താലും?

മരിച്ചെന്നു പറയണം...

പറയാം..

പിന്നെ..

ചത്തെന്ന വാക്കും മരിച്ചു...


ശെരിയും ശെരികേടും

 ശെരിക്ക് അപ്പുറവും ഇപ്പുറവും

ശെരികെടുകൾ ആയിരുന്നു..

ശെരികേടുകളുടെ ഇടയിലൂടെ

ഒരു ശെരിക്കൊപ്പം നടന്നു..

ശെരികേട് ശെരിയായിരുന്നപ്പോൾ

ഞാനും ശെരിയായിരുന്നു..

എന്റെ ശെരി ശെരികേടായപ്പോൾ

ഞാനും ശെരികേടായി..

ശെരിക്കുള്ള ശെരിയും

ശെരിഅല്ലാത്ത ശെരിയും

രണ്ടിനുമിടയിലുള്ള ഏതോ ശെരിയും..

ശെരി ഏതായാലും

ശെരികേട് ഏതായാലും

എനിക്കതാണ് ശെരി..

ഞാൻ തന്നെയാണ് ശെരിക്കേടും..


പാഠങ്ങൾ..

 പാഠം -1.

തുലാസ്സിന്റെ രണ്ടറ്റത്തും

നോവ് നിറച്ച ഹൃദയങ്ങൾ ആയിരുന്നു..

രണ്ടും ഒരേ നോവ്..

എന്നിട്ടും ഒരു നോവിന്റെ തട്ടിനു ഭാരം കൂടുതൽ ആണ്.


നോവിനും ഉണ്ട് ഉച്ച നീചത്വങ്ങൾ..


പാഠം -2

തെറ്റുകൾ ചെയ്യുന്നവന്റെ ഹൃദയം

ഒരിക്കലും സ്വന്തം ശെരികൾക്കു പോലും നീതി പ്രതീക്ഷിക്കരുത്..

ഇന്നലെകളിലെ തെറ്റുകൾ പോലും ഇന്നത്തെ ചെയ്തികളെ തെറ്റെന്നു വിധിക്കാനുള്ള തെളിവുകൾ ആണ്..


മോഷ്ടാവിന്റെ ഹൃദയം മോഷണം പോകരുത്..പരാതിപ്പെടാൻ സ്ഥലങ്ങൾ ഉണ്ടാവില്ല..


പാഠം -3

എല്ലാ മത്സരങ്ങളും ജയിക്കാൻ ഉള്ളതല്ല.. എങ്കിലും സ്വന്തം ശേഷി അളക്കാതെ ഇറങ്ങരുത് ..

ഒപ്പം നില്കുന്നവൻ ജയിപ്പിക്കാൻ ശേഷി ഉള്ളവൻ ആയേക്കാം..

എന്നാൽ എല്ലാ കാലത്തും അവൻ ഒപ്പം നിന്നു കൊള്ളണമെന്നില്ല..

ശേഷിയുള്ള എതിരാളിആണെങ്കിൽ പ്രത്യേകിച്ചും..


മാനവും,  മൂല്യങ്ങളും നഷ്ടമായേക്കാവുന്ന മത്സരങ്ങളിൽ സ്വന്തം ശേഷിയിൽ മാത്രം വിശ്വസിച്ചു ചേരുക ..


പാഠം -4

അനുകൂല സാഹചര്യങ്ങളിൽ മാത്രമേ

കഴിവില്ലാത്തവന്റെ ആത്മാർഥത അംഗീകരിക്കപ്പെടുള്ളു..

കാലം പ്രതികൂലമാകുമ്പോൾ കഴിവുകേടുകൾ ആത്മാർത്ഥതയെ അവഹേളിക്കാനുള്ള ആയുധങ്ങൾ ആണ്..അതുവരെ മനസ്സോടെ ചെയ്തതെല്ലാം വ്യർഥമാകും, അതിന്മേൽ എല്ലാം നിന്ദയുടെ പെരുമഴ പെയ്യും..


പ്രവർത്തിക്കാൻ സാഹചര്യങ്ങൾ ഇല്ലത്തവന്റെ ആത്മാർഥത കഴുതയുടെ കാമം പോലെ ആണ്..


പാഠം -5

ഒരിക്കലും നിങ്ങളുടെ സത്യങ്ങൾ കാലം തെളിയിക്കുമെന്ന് വിശ്വസിക്കരുത്..

അതിൽ നന്മ ഉണ്ടെങ്കിൽ പ്രത്യേകിച്ചും..


കാലം കള്ളൻ ആണ്..നിങ്ങൾ കൂടുതൽ പാതാളത്തിലേക്കു താണു കൊണ്ടിരിക്കും..


പാഠം -6

വഞ്ചനകളുടെ കോട്ടകൾ കെട്ടി ഒരിക്കലും  ആത്മാർത്ഥതയെ കുടി ഇരുത്തരുത്..

നിങ്ങളാൽ വഞ്ചിക്കപ്പെട്ടവർക്കൊപ്പം ആത്മാർത്ഥത നേടിയവരും വഞ്ചകൻ എന്നു തന്നെ വിളിച്ചേക്കാം..


സ്നേഹിക്കാനോ, സ്നേഹിക്കപ്പെടാനോ അർഹത ഇല്ലാത്ത വിധം ഈ ലോകത്തിനു അന്യൻ ആയി മാറും..മനസ്സിന്റെ വെളിച്ചം അണഞ്ഞു നിങ്ങൾ ഇരുട്ടിലേക്ക് പോകും..


പാഠം -7

ഒരു പാടു ആഗ്രഹിച്ചിരുന്ന ചില സ്വപ്‌നങ്ങൾ കാലം തെറ്റി പെയ്യുന്ന മഴ പോലെ പെട്ടെന്ന് യഥാർഥ്യമായി പൊട്ടി വീഴും..

അതിൽ  സുഖമുള്ള കുളിരു തോന്നുമെങ്കിലും എന്നേക്കുമായി  പലരെയും കരിച്ചു കളഞ്ഞേക്കാം..


ആത്മനിയന്ത്രണത്തിന്റെ കുട എപ്പോഴും കൂടെ കരുതുക..


പാഠം -8

തെറ്റിന്റെ വഴികളിൽ കൂട്ടു നടക്കുന്നവർ നൽകുന്ന വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.. ഒന്നിരുട്ടി വെളുത്താൽ എല്ലാം മാറും.. അവർ വഴിമാറി പോകും..അതുവരെ പറഞ്ഞതൊക്കെ അവർ നിസ്സാരമായി തിരുത്തും..ഒറ്റപ്പെടും.. ബാക്കി ആവുക ഹൃദയത്തിന്റെ നീറ്റലും തെറ്റിന്റെ ഭാരവും നിരാശയും മാത്രമാകും..


തെറ്റുകളിൽ നിന്നു ഒരിക്കലും ശെരി മുളക്കില്ല..


പാഠം -9

മറ്റുള്ളവർ നൽകുന്ന ദാനം ആയി ജീവിതം മാറാതെ നോക്കുക..  ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള വഴികൾ മാത്രം തിരഞ്ഞെടുക്കുക..


പാഠം -10

ലോകത്തുള്ള ഒന്നിനെയും അവനവനെക്കാൾ കൂടിയ വിശ്വാസത്തിൽ എടുക്കരുത്... ഉറപ്പുള്ള വ്യക്തിത്വമുണ്ടെന്നു  വിശ്വസിപ്പിക്കുന്ന പല വിഗ്രഹങ്ങളും നിസ്സാരമായി തകർന്നു വീഴും... അവരിൽ ബലം കണ്ടെത്തിയ നമ്മൾ നിരാശരായി മാറേണ്ടി വരും..



















കാളിന്ദി

 കാളിന്ദി ,

ഞാൻ കാളിയൻ നിനയ്ക്കുന്നു,

ഞാൻ തൂകിയ വിഷമകന്നോഴുകുന്നുണ്ടാകാം നിൻ കല്ലോലങ്ങൾ സ്വച്ഛയാം യമുനയായി....


തളിർത്തു പൂവിട്ടുവോ വീണ്ടും

നീ തലോടും തീരങ്ങളിൽ,

അല്ലിയും തുമ്പപ്പൂവും നീലാമ്പലും പുണർന്നോ വസന്തമായി...?


അവർ നെയ്ത പൂഞ്ചേലയിൽ  

നിൻലാവണ്യം

ഇന്നെത്ര മനോഞ്ജമായി,

തെളിഞ്ഞോ നിൻ മനമിന്നു 

അഴകേഴും കാന്തി നിറഞ്ഞതിൽ ..?


അരികിലണഞ്ഞുവോ വീണ്ടും അകന്നോരും ഭയന്നോരും,

നിന്നമൃതിൽ ആറാടിയോ 

ഗോക്കളും,ഗോപന്മാരും.?


നീ വീണ്ടും സുഭഗയായി,

വിടരും മിഴികളിൽ,

നിന്നധിപനാം ഗോവര്ധന ഗിരിയെ നിറച്ചു പ്രണയം കൊരുത്തുവോ..?


കാളിന്ദി, ഞാൻ കാളിയൻ

നിന്നെ ഉള്ളിൽ നിറച്ചവൻ,

നിന്നിൽ നിറയാൻ കൊതിച്ചവൻ,

നീ കാളിന്ദി ആയതിൽ അഹങ്കാരിയായവൻ..









 


Monday, 8 February 2021

എന്റെ സൂര്യൻ

 ഒപ്പം നടന്നോരാ സൂര്യൻ,

ഉച്ച മയങ്ങിയ നേരത്തു,

കടലിനിക്കരെ എന്നെ വിട്ടു

അക്കരെക്കുച്ചയൊരുങ്ങുവാൻ പോയി..


ഉച്ച ഉറക്കം തീർത്തു

കൺപോള പൊക്കി ഞാൻ നോക്കി

കടൽ പോലെ മുന്നിലിരുട്ടും, 

ഞാനും എൻ നോവും ബാക്കി..

കൂട്

 കൂടോഴിഞ്ഞാ കിളി പോയിട്ടും

കൂട് കാക്കുന്നുണ്ട് ആ മരം..

കാറ്റിലും പെരുമഴയിലും

കൂട് വീഴാതെ കാത്തു ആ മരം..

പൂവും കായും കൊഴിഞ്ഞിട്ടും

കൂട് മാത്രം കൊഴിഞ്ഞില്ല..


എന്താണ് ആത്മാർഥത

 ഒരു മനുഷ്യന്റെ യന്ത്രികമായ യുക്തികളിൽ മറ്റൊരു മനുഷ്യന്റെ വൈകാരികമായ പല അവസ്ഥകളും നിസ്സാരവത്കരിക്കപ്പെടും. തെളിവ് നല്കാൻ ആവാത്തതും ഭൗതിക രൂപങ്ങൾക്കു സാധ്യത ഇല്ലാത്തതുമായ മാനസിക വിചാരങ്ങളും വികാരങ്ങളും പലപ്പോഴും അസത്യങ്ങളെന്നും വെറും വാചാടോപങ്ങളെന്നും മുദ്ര കുത്തപ്പെടും.. മനസ്സു കൊണ്ടു എത്ര ആത്മാർഥമാണെങ്കിൽ പോലും വാക്കുകൾക്കു അപ്പുറത്തേക്ക് പ്രവർത്തിക്കാൻ ആവാത്ത സന്ധിഗ്ദ്ധ ഘട്ടങ്ങളിൽ പെട്ടു പോകുന്ന മനുഷ്യർ എക്കാലത്തേക്കും നീചരെന്നും കപടരെന്നും സ്ഥാപിക്കപ്പെടും..വാക്കുകൾക്കു അർഥമുണ്ടാകണമെങ്കിൽ പ്രവർത്തി അനിവാര്യമാണെന്ന ലോക തത്വത്തിൽ മുറുകെ പിടിക്കുന്നവരിൽ ആരും തന്നെ ആത്മാർഥമായി പറയുന്ന വാക്കുകൾക്കു വില കൊടുത്തേക്കില്ല..പലപ്പോഴും പ്രവർത്തി അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.. ആ സന്ദർഭങ്ങളിൽ അനിവാര്യമായ പ്രവർത്തിക്കു സ്വാതന്ത്ര്യമോ സാഹചര്യമോ ഇല്ലാത്ത മനുഷ്യൻ അവന്റെ വാക്കുകളാൽ തന്നെ പ്രഹരിക്കപ്പെടും..

കല്ല്..

 നീ ചമക്കുന്ന കപട വാഖ്യാനങ്ങൾ പോൽ

കഠിന കാഡോര കല്ലായിരുന്നില്ല ഞാൻ..

കരളു പകുത്തതിനുള്ളിൽ നിന്നെ പവിഴ മുത്ത് പോൽ സൂക്ഷിച്ച

പുറം ഇരുണ്ടൊരു ചിപ്പിയാകുന്നു ഞാൻ..


ചിത..

 ഒരു ചിതയെരിയുന്നുണ്ട് ഉള്ളിൽ

കത്തിയമരുന്നതത്രയും

 പ്രാണന്റെ ഗതകാല സമ്പാദ്യങ്ങൾ..

ഉണർവും ഊർജവും ഉന്മാദവും

പിന്നെ പ്രണയവും കാമവും

സ്വപ്നങ്ങളും,

ചാരമുയരുന്ന അഗ്നി നാളങ്ങളിൽ

ചാവ് കറ പുരണ്ടെന്റെ ജീവനും...

വഴി തെറ്റി ചൂളം വിളിച്ചോടിയെൻ

ജീവിത തീവണ്ടി

കരിപുരണ്ടു ഏങ്ങി കിതക്കുന്നു..

യാത്രികർ, കൂടെ പാഞ്ഞവർ,

കൈകോർത്ത് ഉന്മാദ നൃത്തം ചവുട്ടിയോർ,

തെറ്റല്ലിതൊന്നും ചെവിയിൽ പറഞ്ഞവർ,

എന്നെന്നുമൊപ്പമുണ്ടെന്നു ചൊല്ലിയോർ,

പിന്നീടെതോ അരുതായ്കയിൽ ആയിരം

ദോഷങ്ങൾ എന്നിലുണ്ടെന്നുറക്കെ അലറിയോർ,

 അവർ കളമൊഴിഞറുതിയിൽ മറു വണ്ടിയേറുന്നു,

അതിൻ കനകസിന്ദൂരങ്ങൾ അടയാളമാക്കുന്നു,.

ഒപ്പം നടക്കുവാൻ ചേർന്നൊരു നേരത്തെ

സ്വന്തം വിഡ്ഢിത്തമെന്നു പരിതപിക്കുന്നു അവർ..

പാപത്തിന് ഭാണ്ടങ്ങളെന്റേത് മാത്രമായി തന്നിട്ടു

പോകുന്ന വഴിയേ ചൊരിയുന്നു

ശാപവചസുകൾ ..

ഞാനോ അന്ധളിച്ചു നില്കുന്നു വിഡ്ഢി പോൽ

സ്വന്തം ഹൃദയത്തിന് പോലും അവകാശമില്ലാതെ..

കള്ളനല്ലെന്നും കാപട്യമില്ലെന്നും

ഹൃദയം മുറിഞ്ഞു നിലവിളിക്കുമ്പോഴും,

നിന്നെക്കാൾ യോഗ്യനാം ആയിരം പേരുണ്ടെനിക്കെന്നു ചൊല്ലി പിൻ കാലിന്നാൽ തട്ടി ദൂരേക്ക് തള്ളുന്നു..

അറിയുമോ നിങ്ങൾക്കു, തേഞ്ഞുപോയെന്റെ ചക്രങ്ങളേമ്പാടും,

നിങ്ങളതൊന്നും കാണില്ലയെങ്കിലും,

ഇനിയൊന്നുരുളുവൻ ബാക്കിയില്ലിനിയൊന്നും

നിങ്ങൾക്കൊപ്പം ഉരുണ്ടതിൻ ഓർമ്മകൾ അല്ലാതെ,

പാളങ്ങളെവിടെയെൻ ശെരിയുടെ,

പിന്നിട്ട ദൂരത്തിലെവിടെയോ മാഞ്ഞു പോയി..

തിരികെ ഉരുളുവാൻ ഇനി വയ്യ,

പോകട്ടെ മുന്നോട്ടു പതിതമാം

 ഈ വഴി തീരും വരെ..

പോവുക നിങ്ങൾ പുത്തൻ ബോധോദയങ്ങൾക്കു പിന്നാലെ,

സർവ്വം മറന്നു അഭിരമിച്ചീടുക..








പത്മവ്യൂഹം

 ഹേ പ്രണയത്തിൻ പത്മവ്യൂഹമേ,

തിരികെ പോരാൻ വേണ്ടി കയറിയതല്ല ഞാൻ നിന്നുള്ളിലേക്ക്..

പക്ഷെ, നിൻ നടുതളത്തിൽ വെട്ടേറ്റു ഞാനിതാ അർധപ്രാണനായി കിടക്കുന്നു..

എനിക്കുള്ളിലേക്ക് വഴി കാണിച്ചവർ,

എന്നെ സ്വീകരിച്ചിരുത്തിയവർ,

എന്നോട് പുറത്തേക്കു പോകുവാൻ അഞ്ജപിക്കുന്നു..

പക്ഷെ എനിക്ക് മടങ്ങിപ്പോകാൻ ആവുന്നില്ല..

മടക്കത്തിനുള്ള വഴി ഞാൻ പഠിച്ചിരുന്നില്ലല്ലോ..

എത്ര ശ്രമിച്ചിട്ടും ഞാൻ വീണ്ടും ഇതിനുള്ളിൽ തന്നെ ഒടുങ്ങുന്നു..

എങ്ങനെയാണു ഞാൻ അവർ ആവശ്യപ്പെടും പോലെ പുറത്തേക്കിറങ്ങുക..?

അവർ ആഞ്ഞു പുറത്തേക്കു തള്ളുമ്പോൾ

മനസ്സു വീണ്ടും അകത്തേക്ക് പിടിച്ചു വലിക്കുന്നു..

ഇറങ്ങിപ്പോകുവാനാകുന്നില്ലെനിക്ക്..

പക്ഷെ എന്റെ ഹൃദയത്തിലേറ്റ മുറിവുകൾ അസഹനീയമാണ്.

എന്റെ അഭിമാനത്തിന്റെ മസ്തകം

അവർ നിർദയം തല്ലി പൊളിച്ചിരിക്കുന്നു..

ആക്ഷേപത്തിന്റെ ഭാരിച്ച കൂടങ്ങൾ കൊണ്ടു അവർ പല മടങ്ങു എന്നെ പ്രഹരിച്ചിരിക്കുന്നു..

അപാദചൂടം പരിലാളിച്ച കരങ്ങൾ

ഇരുതലവാളെന്തി തല കൊയ്യാൻ നില്കുന്നു..

എങ്കിലും പുറത്തേക്കു പോകുവാനാകുന്ല്ലെനിക്ക്..






 

Sunday, 17 January 2021

നോവ്..

 ഞാൻ എന്നിൽ നിന്നും നിന്നിലേക്ക്‌

വരച്ച വര നേർത്തതായിരുന്നു..

ഒറ്റ വര ആയിരുന്നു..

ഒരിക്കലും മായ്ക്കാൻ ആവാത്തതും ആയിരുന്നു..

എന്നോട് ചെയ്ത സത്യങ്ങളെ മറക്കാൻ

നിനക്കു എന്നെ മായ്ച്ചാൽ മതിയായിരുന്നു..

എനിക്കോ?

ഞാൻ എന്നോട് മാത്രമേ സത്യം ചെയ്തുള്ളു,

നിന്നെ എന്നിൽ നിന്നും മായ്കില്ലെന്നു..

ആ സത്യങ്ങളെ മറക്കാൻ എനിക്കു സ്വയം മായ്ക്കണമായിരുന്നു..

എത്ര പെരുംകള്ളങ്ങൾ കൊണ്ടാണ്

നീ എന്റെ ചിത്രത്തെ വികൃതമാക്കിയത്..

എല്ലാമറിഞ്ഞിട്ടും എങ്ങനെയാണു നീ

എന്നിലെ വെളിച്ചത്തെ ഇരുളെന്നു അപഹസിച്ചത്..