Monday, 10 April 2023

പേരില്ലാത്ത കഥ -5

ആത്മഗതങ്ങൾ... അമ്മൂസേ, നാട്ടിൽ പോയി ചൂരൽ ഉരുണ്ടു.. നിന്റെ അസുഖങ്ങൾ മാറുവാൻ വേണ്ടി പണ്ടു നേർന്നതാണ്.. അത് എത്രത്തോളം മാറി എന്നു എനിക്കറിയില്ല.. എങ്കിലും ഞാൻ തന്നെ കണ്ട ഇടങ്ങളിൽ ഒക്കെ താൻ ആരോഗ്യവതി ആയിരുന്നു.. എന്റെ പ്രാർഥനകളെ താൻ പരിഹസിച്ചിട്ടേ ഉള്ളു.. കാരണം മറ്റൊന്നും ചെയ്യാൻ എനിക്ക് ആയില്ലല്ലോ, വേദനിപ്പിക്കാൻ അല്ലാതെ..ആ പ്രാർഥനകൾ കൊണ്ടാണ് തന്റെ അസുഖങ്ങൾ മാറിയത് എന്നൊന്നും അവകാശവാദത്തിന് വന്ന് പരിഹാസ്യനാകാനും ഞാൻ ഇല്ല.. എത്രയോ ആളുകളുടെ ആത്മാർഥമായ പരിശ്രമങ്ങളും പ്രാർത്ഥനകളും തനിക്ക് വേണ്ടി ഉണ്ടായിരുന്നു എന്ന് എനിക്ക് ബോധ്യമുണ്ട്.. അതിനിടയിൽ എന്റെ പ്രാർഥനകൾക്കു പ്രസക്തി ഒന്നുമില്ല എന്നറിയാം.. എങ്കിലും ആ പ്രാർഥനകൾ ആണ് എനിക്ക് മനസ്സിന് അല്പം ആശ്വാസവും ബലവും നൽകിയിരുന്നത്.. തനിക്കു വേണ്ടി മറ്റൊന്നും ചെയ്യുവാൻ എനിക്കായിരുന്നില്ലല്ലോ.. മൂന്നു ചൂരലുകൾ ആണ് സാധാരണ ഉരുളാൻ എടുക്കാറ്.. എന്നാൽ ഞാൻ നാലെണ്ണം ഇട്ടാണ് ഉരുണ്ടത്.. പാറൂസിന് skin ന് അസുഖം വന്നപ്പോൾ അന്ന് വീണ്ടും നേർന്നിരുന്നു.. അതിനാണ് ഒരെണ്ണം കൂടി ഇട്ടത്..പാറൂസിന്റെ അസുഖങ്ങളും ഭേദമായെന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്.. പിന്നെ നിങ്ങളുടെ whatsap dp കണ്ടു.. രണ്ടാളും ഒരുമിച്ചുള്ള സെൽഫി.. തന്റെ dp യിൽ അങ്ങനെ ഒന്നു കണ്ടപ്പോൾ വല്ലാതെ തകർന്നു പോയി .. തനിക്ക് അങ്ങനെ ഇടാൻ മനസ്സു വന്നല്ലോ എന്നു.. മനസ്സല്ലേ.. എല്ലാക്കാലത്തും ഒരാളെ തന്നെ സ്നേഹിക്കണം എന്നു നിർബന്ധമില്ലല്ലോ അല്ലെ.. ഇടയ്ക്കു എനിക്കും അവൾക്കൊപ്പം ഒന്നിച്ചുള്ള ഫോട്ടോ എടുക്കേണ്ടി വരാറുണ്ട്.. ശരീരം കൊണ്ടു ചേർന്നു നിൽക്കേണ്ടി വരുമ്പോഴും മനസ്സു ഒരിക്കലും ചേർന്നു നിന്നിട്ടില്ല.. അത് എന്റെ മനസ്സാണ്.. തനിക്ക് അവിടെ മനസ്സു കൊണ്ടു ചേർന്നു നിൽക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെന്നു അറിയാം.. അവിടെ എന്റെ നോവുകൾക്കു പ്രസക്തി ഇല്ല.. എത്ര ഫോട്ടോ എടുത്താലും ഞാനൊരിക്കലും എന്റെ dp യിൽ അങ്ങനെ ഒന്നു ഇടില്ല.. അതിന് എന്റെ മനസ്സ് അനുവദിക്കില്ല.. പുള്ളിയെ ഞാൻ നാട്ടിൽ വെച്ചു കണ്ടിരുന്നു..ആശുപത്രിയിൽ വെച്ചു..അവളും ഉണ്ടായിരുന്നു എനിക്കൊപ്പം..എന്റെ അടുത്തു വന്നു പുള്ളി കയ്യൊക്കെ തന്നു സംസാരിച്ചു.. ഞാൻ അല്പം പോലും ഭയന്നില്ല കേട്ടോ.. അയാൾക്കും ഞാൻ കാരണം വേദനിച്ചല്ലോ എന്ന ഒരു വേദന മാത്രമേ ഉള്ളിൽ തോന്നിയുള്ളൂ.. പുള്ളി വളരെ നല്ല രീതിയിൽ ആണ് പെരുമാറിയത്.. ഒരു പക്ഷേ താൻ എല്ലാം പറഞ്ഞ കൂട്ടത്തിൽ എന്നെ ദ്രോഹിക്കരുതെന്നു ആവശ്യപ്പെട്ടിട്ടുണ്ടാവാം..അത് കൊണ്ടുമാവാം.. എന്നെ ദ്രോഹിക്കാൻ വന്നാലും എനിക്ക് പ്രത്യേകച്ചൊന്നുമില്ല.. കാരണം താൻ തന്ന നോവുകളോളം വരില്ല എനിക്ക് ഈ ജീവിതത്തിൽ ഒന്നിനും.. ഞാൻ ആരോടൊക്കെ തെറ്റുകൾ ചെയ്തോ, അതിനെല്ലാം വേണ്ടി ഉള്ള ശിക്ഷ തന്നിൽ കൂടി എനിക്ക് കിട്ടിയിട്ടുണ്ട്.. കിട്ടുന്നുണ്ട്.. നിന്നോടുള്ള ഒരിക്കലും നശിക്കാത്ത സ്നേഹം ആണ് എന്നിൽ ആ വേദന ഉണ്ടാക്കുന്നതെന്ന് എനിക്കറിയാം.. നീ അത് മനസ്സിലാക്കിയില്ലെങ്കിൽ പോലും..

Friday, 11 November 2022

എന്റേത് പ്രണയമായിരുന്നെങ്കിൽ

അറിയില്ലെനിക്ക് നിന്നോടെനിക്കെന്താണെന്നു,.. ഞാനതിനെ പ്രണയമെന്നു ധരിച്ചു, ഒരിക്കൽ നീയും... നീയെന്നിൽ ശ്വാസവും ഊർജവും നിറക്കുന്നത് ഞാനറിഞ്ഞു. നിന്റെ സാന്നിധ്യങ്ങളിൽ ഞാൻ പൂർണമാകുന്ന അനുഭൂതി അറിഞ്ഞു.. നിന്റെ പ്രണയം എന്റെ ആത്മവിശ്വാസമായി.. എന്നിൽ ഞാനൊരിക്കലും തിരിച്ചറിയാതിരുന് ന എഴുത്തിന്റെ മുളകൾ തളിർത്തു.. ഒന്നുമല്ലാതിരുന്ന ഞാൻ നിന്നിലൂടെ എന്തെല്ലാമോ ആയി മാറുന്നത് ഞാനറിഞ്ഞു.. ഞാൻ എന്നെ, എന്റെ ഉള്ളിലെ മോഹങ്ങളെ, എന്നെ സംതൃപ്തനാക്കുന്ന, എന്നെ പൂർണനാക്കുന്ന ഈ ജീവിതത്തിന്റെ ധന്യതയെ നീയാണെന്ന് തിരിച്ചറിഞ്ഞു.. നിന്നിലേക്കുള്ള വാതായനങ്ങൾ അടയുമ്പോൾ വിരഹത്തലെൻ ഹൃദയം തപിച്ചു.. നിന്നിലുള്ള എന്റെ വിശ്വാസങ്ങൾക്കു തെളിമ മങ്ങുമ്പോൾ എന്റെ ഉള്ളിൽ ഇരുട്ട് നിറയുകയും ഞാൻ വഴി നഷ്ടപ്പെട്ടവനാവുകയും നെഞ്ചു നെടുകെ പിളർന്നവനാവുകയും ചെയ്തു.. നിന്നെ തുളയ്ക്കുന്ന ആയിരം ചോദ്യങ്ങളാൽ വിശ്വാസത്തിന്റെ വെളിച്ചം വീണ്ടെടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ ഞാൻ നിന്നോടു ം നീ എന്നോടും കലഹിച്ചു.. നുറുങ്ങുന്ന നിന്റെ ശരീരത്തിന്റെ വേദനകളിൽ ഞാൻ നിസ്സഹായനായി.. വെറും കേൾവിക്കാരൻ മാത്രം ആയി.. അതോടെ ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉപയോഗശൂന്യനും ആയി ഞാൻ മാറി.. നീ അഗ്നിയുടെ ചക്രവ്യൂഹങ്ങളിൽ ഉഴറി വീണ്ണീറാകുമ്പോൾ, ഞാനെന്നോ തിരഞ്ഞെടുത്ത ചൂഴ്ന്നു കറങ്ങുന്ന മലരികളിൽ മറ്റുള്ളവർക് എന്നെ വിട്ടു കൊടുക്കുവാൻ വിധിക്കപ്പെട്ടു.. അതോടെ എന്റെ പ്രണയം അവിശുദ്ധമായി.. എന്നിലർപ്പിച്ച നിന്റെ സ്നേഹം നിന്റെ ഏറ്റവും വല്യ പിഴവെന്നു നീ സ്വയം ശപിച്ചു.. നീ കാണാത്ത എന്റെ ഉള്ളം മുഴുവൻ നീയാണെന്നും, നീ കാണുന്ന എന്റെ പുറം ഞാൻ ഏറ്റിയ ഒരു ചുമടാണെന്നും, അതു കണ്ടെന്നേ വിധിക്കല്ലേയെന്നും ഞാൻ യാചിച്ചു.. ഞാൻ വാദിച്ചു.. ഞാൻ കലഹിച്ചു.. പക്ഷെ എല്ലാത്തിനുമൊടുവിൽ എന്റെ പുറം മാത്രമായി ഞാൻ നിനക്ക്.. എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന നിന്നെ, നിന്നോടുള്ള എന്റെ ആർത്തിരമ്പുന്ന പ്രണയത്തെ, നീ എന്റേതും ഞാൻ നിന്റേതും ആകാനുള്ള അടങ്ങാത്ത എന്റെ ദാഹത്തെ, അതിനാകാതെ പോകുന്നതിന്റെ ചുട്ടുപൊള്ളുന്ന നിരാശകളെ, നിന്റെ നോവിന്റെ വെറും കാഴ്ചക്കരൻ ആകുന്നതിന്റെ ഹൃദയം പൊടിക്കുന് ന നിസ്സഹായമായ ആകുലതകളെ, നിന്നെ നഷ്ടപ്പെടുന്നതിന്റെ അപാരമായ ഭയത്തെ, ഏതോ ഇരുളിൽ ഒറ്റയ്ക്ക് ആണ്ടു പോകുന്നവന്റെ വിഹ്വലതകളെ, ശ്വാസം നിഷേധിക്കപ്പെട്ടവന്റെ പ്രാണ പിടച്ചിലുകളെ, എല്ലാമെല്ലാം നീ പുശ്ചിച്ചു, നിന്ദിച്ചു, പരിഹസിച്ചു, അവഗണിച്ചു... നിന്റെ മനസ്സിനു ഞാൻ ഏല്പിച്ച മുറിവുകളെ പ്രതി എല്ലായ്‌പോഴും ഞാൻ സ്വയം ശപിച്ചു.. നിന്റെ എന്നോടുള്ള വിശ്വാസങ്ങൾ തകർന്നതിൽ ഞാൻ സ്വയം നിന്ദിച്ചു.. നിന്നെ നോവിന്റെ അഗാധ ഗർത്തങ്ങളിൽ തള്ളിയിടുകയും അതിൽ നിന്ന് ഒരു കൈ തന്നു നിന് നെ കരകയറ്റാൻ ആകാനാകാതെ പോകുന്നതിലും ഞാൻ തകർന്നു.. എന്റെ മരണം എന്നെ എത്രയും വേഗം ആശ്ലെഷിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു. അതിനായി ഞാൻ എത്രയോ പ്രാർഥിച്ചു.., നിനക്ക് ആവശ്യമുള്ളവൻ ആയി മാറാൻ ആയില്ല എനിക്കൊരിക്കലും.. നീ ആഗ്രഹിക്കുമ്പോലെയും ആവാൻ എനിക്കായില്ല.. നിന്റെ ആപത്തിൽ ഞാൻ രക്ഷയായില്ല.. നിന്റെ വേദനകളിൽ ഞാൻ നിനക്ക്‌ ആശ്വാസവുമായില്ല.. ഞാൻ നിനക്കായി ഒന്നും ത്യജിച്ചില്ല.. ഞാൻ നിനക്കായി മരിച്ചതുമില്ല.. അതു കൊണ്ടു എന്റേത് പ്രണയവുമല്ല.. ഞാൻ ശ്വസിക്കുന്ന ഓരോ നിമിഷത്തിലും ഞാൻ നിന്നെ പറ്റി ചിന്തിച്ചു.. ഹൃദയം പിടഞ്ഞ് വേദനിച്ചു.. നിനക്കായി, നിന്റെ ഒരു നോട്ടത്തിനായി കണ്ണിമക്കാതെ മണിക്കൂറുകൾ കാത്തിരുന്നു.. നെഞ്ചു പൊട്ടും വിധം നിന്നെയൊർത്തു, നിന്നെ അറിയാനായി വീർപ്പു മുട്ടി.. രാത്രികളിൽ ഞെട്ടി ഉണർന്നു.. ഏതോ ഇരുണ്ട ഇടുക്കിൽ പെട്ടവനെ പോലെ, ഉണർന്നിരിക്കുമ്പോഴും ശ്വാസം കിട്ടാതെ പിടഞ്ഞു. നിന്നെ കുറിച്ചുള്ള ചിന്തകളാൽ സദാ മനസ്സു നിറച്ചു.. ഹൃദയം വെന്തു വെറുതെ ഇരുന്നു.. ഇന്നും അങ്ങനെ തന്നെ.. പക്ഷെ എനിക്കറിയില്ല.. എന്ത് കൊണ്ടാണ് ഞാൻ ഇങ്ങനെയെന്ന്.. എനിക്കറിയില്ല എനിക്കെന്താണ് നിന്നോടെന്നു.. പ്രണയമാവില്ലെന്ന് അറിയാം.. എന്തെന്നാൽ ഞാൻ നിനക്കായി മരിച്ചില്ല.. ആരെയും ഒന്നിനെയും ത്യജിച്ചില്ല.. പക്ഷെ എനിക്ക് നിന്നോടുള്ള ഈ പേരില്ലാത്ത അനുഭൂതിക്കായ ി ഒരുപാടെന്തൊക്കെയോ ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു. നിന്റെ പ്രണയത്തിനും വിശ്വാസത്തിനും അർഹത നെടുവാൻ ഞാൻ പലതും ചെയ്തിരുന്നു... ആരെയൊക്കെയോ അവഗണിച്ചിരുന്നു.. ആരിൽ നിന്നൊക്കെയോ പരമാവധി അകലം പാലിച്ചിരുന്നു... ആരെയൊക്കെയോ ഒരുപാടു വേദനിപ്പിച്ചിരുന്നു.. ഞാൻ എന്റെ സ്വർത്ഥതക്കായി ചെയ്‌തെന്ന് നീ ആരോപിച്ച പല കാര്യങ്ങളും കുറ്റങ്ങളും, എന്റെ ചുറ്റുപാടുകൾ എന്നെ അങ്ങനെ വിവശനാക്കിയതിനാൽ ആയിരുന്നു.. എന്റെ പ്രണയത്തിന്റെ വിശ്വാസ്യതക്കും, നിന്നെ സ്നേഹിക്കാനുള്ള അർഹതക്കുമായി, എന്റെ ചുറ്റുപാടുകളോട് ഞാൻ അതിലുമേത്രയോ മടങ്ങു കലഹിച്ചിരുന്നു.. എന്റെ ചുറ്റുമുള്ളവർക്കായി ചെയ്യാനാകുമായിരുന് ന എത്ര എത്ര കാര്യങ്ങളെ എത്ര എത്ര മടങ്ങു ഞാൻ ഒഴിവാക്കിയിരുന്നു.. പക്ഷെ നമ്മുടെ പ്രണയത്തിനായി ഞാൻ ആയിരമായിരം തവണ വേണ്ടെന്ന് വെച്ച അത്തരം പലതും നിന്റെ കണക്കു പുസ്തകത്തിൽ എഴുതപ്പെട്ടില്ല.. എനിക്കറിയാം എന്റേത് പ്രണയമായിരുന്നില്ല.. പിന്നെ അതെന്താണ്.. അതെന്റെ ഊർജമാണ്.. ശ്വാസമാണ്.. പ്രാണനാണ്.. എന്റെ ആത്മാവിന്റെ ചോദനകൾ ആണ്.. എന്നെ ഞാൻ ആക്കുന്ന സത്യമാണ്.. എന്നെ പൂർണനാക്കുന്ന എന്നിലെ ചൈതന്യം ആണ്.. നീ ഇല്ലാത്തപ്പോൾ ഞാൻ വെറും ശൂന്യനുമാണ്.. നീ എന്റേതായിരുന്നപ്പോൾ പലതും എഴുതാൻ എനിക്ക് സാധിച്ചിരുന്നു.. നീ എന്നെ അന്യനാക്കിയപ്പോൾ എന്നിൽ തെളിഞ്ഞ അക്ഷരങ്ങൾക് കും വാക്കുകൾക് കും വാചകങ്ങൾക് കും എല്ലാം നിന്നെ പറ്റി മാത്രമേ എഴുതാൻ ഉണ്ടായിരുന്നുള്ളു.. പക്ഷെ എനിക്ക് നിന്നെ പറ്റി എഴുതാൻ സ്വാതന്ത്ര്യമില്ല.. അവകാശമില്ല.. എന്റേത് പ്രണയവുമല്ല.. ഒന്നും നിനക്ക്‌ അറിയുകയുമില്ല..

Thursday, 27 October 2022

എന്റെ പ്രണയമേ..

എന്റെ പ്രണയമേ, നീ അനാദികാലം അകലങ്ങൾ തേടിയാലും, അതിന്റെ ഒടുവിൽ എപ്പോഴോ ഞാനൊടുങ്ങിയാലും, എന്നിലൊരിക്കലും ഒടുങ്ങാതെ നിന്നോടുള്ള എന്റെ പ്രണയവും, എന്റെ അടഞ്ഞ കണ്ണിന്റെ കൃഷ്ണമണികളിൽ നിന്നെ കാത്തിരിക്കുന്നതിന്റെ വെളിച്ചവും അണയാതെ ഉണ്ടാകും.. ഇത് പ്രണയമാണ് സഖീ.. ഒരു ജന്മത്തിൽ ഒരിക്കൽ മാത്രം ഒരാളോട് മാത്രം ഉണരുന്ന ആത്മാവിന്റെ വെളിച്ചം.. നിനക്ക് വേണ്ടി അല്ല സഖീ ഇത് ഞാൻ എനിക്ക് വേണ്ടി, എന്റെ ഈ ജന്മത്തിന്റെ സാർത്ഥകതക്ക് വേണ്ടി പ്രണയിച്ചതാണ്.. ഞാൻ എന്റെ ഹൃദയത് തെ സ്പർശിക്കുന്നത് എനിക്ക് നിന്നോട് തോന്നുന്ന എന്റെ പ്രണയത്തിലൂടെ ആണ്.. നീ എന്റെ ദേവതയും, എന്റെ പ്രണയം ഒരു തപസ്സും ആയി മാറുന്നു.. നീ എത്ര അകലേക്ക്‌ അലിഞ്ഞാലും, എന്റെ ഹൃദയത്തിന്റെ മിടിപ്പുകൾ, എന്റെ ശ്വാസത്തിന്റെ ഗതികൾ നിന്നെ എന്നിൽ നിറച്ചു കൊണ്ടേയിരിക്കും.. എന്റെ അമ്മൂസ് നോട്‌..

Sunday, 4 September 2022

പേരില്ലാത്ത കഥ -4

അമ്മൂസേ, നിന്റെ ഓണം ഗംഭീരമാകുന്നുണ്ടെന്നു മനസ്സിലായി.. കുറെ വർഷങ്ങളിൽ എന്നും എന്റെ സങ്കടം ആയിരുന്നു മക്കൾക്കു ഓണാസദ്യ ഒരുക്കാൻ നിനക്ക് ആവതില്ലല്ലോ എന്നത്.. നിന്റെ അരികിലേക്ക് ഓടിവരാനും നിനക്കൊപ്പം ഇരുന്നു ഓണം ഉണ്ണുവാനും കൊതിച്ച എത്രയോ നിരാശ നിറഞ്ഞ ഓണങ്ങൾ.. നിന്റെ അസുഖങ്ങളിൽ വീർപ്പു മുട്ടുന്ന നെഞ്ചോടെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി പുറമേ അഭിനയിക്കുന്ന എന്റെ ഓണങ്ങൾ.. ഇന്നിപ്പോൾ എന്നെ മറന്നു നീ പൂർണ ആരോഗ്യത്തോടെ സകുടുംബം ഓണം ആഘോഷിക്കുന്നത് കണ്ടപ്പോൾ എന്തോ എനിക്ക് വല്ലാത്ത സങ്കടം ആണ് ഉണ്ടായതു.. നിന്റെ അസുഖങ്ങൾ ആയിരുന്നില്ല നിന്റെ സന്തോഷത്തിനു തടസ്സം.. അതു ഞാൻ ആയിരുന്നു.. എന്നെ ഒഴിവാക്കി നീ നേടി എടുത്ത സന്തോഷം അതിന്റെ തെളിവാണ്.. എല്ലാം ഞാൻ കാണുന്നുണ്ട്. അറിയുന്നുണ്ട്.. എന്നത്തേയും പോലെ നിസ്സഹായനായി നെഞ്ചു നീറി ദിവസങ്ങൾ തീർക്കുന്നുണ്ട്..എന്നെ ഒന്ന് ഒഴിവാക്കി കിട്ടാൻ നീ ഒരുപാടു കഷ്ടപ്പെട്ടു അല്ലെ.. നീ ആരോഗ്യത്തോടെ ഇരിക്കണം എന്നതാണ് എപ്പോഴും എന്റെ പ്രാർഥന.. നീയും മക്കളും എല്ലാവരും സന്തോഷമായിരിക്കണം എന്നും.. അതായിരുന്നു എന്റെ സന്തോഷവും.. ഇന്നിപ്പോൾ ഒന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല.. നീ നീ അല്ലാതെ ആവുകയും ഞാൻ നിനക്ക് ആരും അല്ലാതെ ആവുകയും ചെയ്തപ്പോൾ ഇനി എനിക്കെന്ത് സന്തോഷം ഉണ്ടാകാൻ ആണ്..

Friday, 8 July 2022

പേരില്ലാത്ത കഥ -3

 അമ്മൂസേ, എന്റെ കവിളിൽ ഉള്ള കറുത്ത മറുകിനെ നിനക്ക്‌ എത്ര ഇഷ്ടമായിരുന്നു.. നിന്റെ മറുകെന്നു നീ വിളിച്ചിരുന്ന, നീ ഉമ്മ വെച്ചിരുന്ന അല്പം തിണർത്തു നിൽക്കുന്ന ഒരു കറ പോലെ ഉള്ള ആ ചെറിയ മറുക്.. കുഞ്ഞുങ്ങൾക്ക് കണ്ണു കിട്ടാതിരിക്കാൻ അമ്മമാർ തൊടുവിക്കുന്ന കരി മഷി പോലെ..

 ചെറുപ്പം മുതൽ എനിക്കെന്തോ അത്‌ അപകർഷതാ ബോധമുണ്ടാക്കാനുള്ള മറ്റൊരു കാരണമായിരുന്നു.. പക്ഷെ ആ മറുകിനു നീ ഒരു ആരാധിക ആയപ്പോൾ അത്‌ എനിക്ക് സൗഭാഗ്യമാണെന്ന് മാറി ചിന്തിക്കാൻ ഞാൻ തുടങ്ങി..അല്ലെങ്കിലും ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയതും എന്നിൽ വിശ്വസിക്കാൻ തുടങ്ങിയതും നിന്റെ പ്രണയം എന്നിൽ പെയ്തിറങ്ങിയപ്പോൾ അല്ലെ.. അത്‌ വരെ ഞാൻ എന്തായിരുന്നു എനിക്ക്.. ഒരു പഴജന്മം...

പിന്നെ വർഷങ്ങൾക്കിപ്പുറം നീ നിന്നിൽ പുരണ്ട ഒരു കട്ടിയുള്ള കറ ഉരച്ചു കഴുകി കളയും പോലെ, അല്പം പോലും ദയയോ കനിവോ കാണിക്കാതെ എന്നെ നിന്നിൽ നിന്നും ഉരച്ചു പറിച്ചു കളഞ്ഞു..പല ശല്കങ്ങളായി ഞാൻ തകർന്നു മുറിഞ്ഞു നിന്നിൽ നിന്ന് ഒഴുകി മാറി..

ഒരിക്കൽ നീ നിന്റേതു മാത്രമെന്ന് പറഞ്ഞു പ്രണയത്തോടെ ചുംബിച്ച എന്റെ കവിളിലേ ആ കറുത്ത കറയെ നീ ഇന്നു ഓർമ്മിക്കുന്നുണ്ടാകുമോ..

പക്ഷെ ഞാൻ നിന്നെ എന്റെ ഓർമകളിലേക്ക് തള്ളി വിട്ടിട്ടില്ല.. മറവിയിൽ നിന്നു ഇടയ്ക്കിടെ വീണ്ടെടുക്കുന്ന ഓർമ്മകൾ അല്ല നീ എനിക്ക്.. എന്നിൽ നിരന്തരം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ജീവന്റെ തുടിപ്പായ, എന്നിലൂറുന്ന ഊർജത്തിന്റെ ന്യുക്ലിയസ്സായ നീ എങ്ങനെ എനിക്ക് വെറും ഓർമയാകും..

==========================

ചുവന്ന ബ്ലൗസ്സിനുള്ളിലെ ഇടിഞ്ഞു താണ കറുത്ത ചെറുമുലകൾക്കിടയിലൂടെ വിയർപ്പ് ചാലിടാൻ തുടങ്ങിയിരുന്നു..

തോല് പൊള്ളിച്ചു കത്തിക്കാളുന്ന ഉച്ച വെയിലിനെ ഉച്ചത്തിൽ ശപിച്ചു കൊണ്ടു കുട്ടി നടന്നു..

തലയിൽ ചുരുട്ടി കൂട്ടി വെച്ചിരുന്ന മുഷിഞ്ഞു നാറിയ തോർത്തിന്റെ മുകളിൽ രണ്ടു ചെറിയ ചരുവങ്ങളും ഒരു ചെറിയ കലവും ഒന്നിനു മേൽ ഒന്നായി അടുക്കി വെച്ചിരുന്നു.. ഒരു കൈ അതിൽ താങ്ങു കൊടുത്തു മറു കയ്യും പതിയെ വീശി കുട്ടി അമ്പലത്തിന്റെ വഴിയിലെ ഇറക്കം ഇറങ്ങി ഇരു വശവും വയലുകൾ നിരന്നു കിടക്കുന്ന, ഒരു നിഴലിൻറെ തണലു പോലുമില്ലാത്ത റോഡിൽ കൂടി നടന്നു..

ചറു പറെ പിറു പിറുത്തു കൊണ്ടാണ് നടപ്പ്.. ആരോടൊക്കെയോ ഉള്ള പരാതിയും ദേഷ്യവും എല്ലാം സ്വയം പറഞ്ഞു തീർക്കുന്ന കുറത്തി കുട്ടി..

അമ്പലത്തിൽ കല്യാണങ്ങൾ ഉള്ള ദിവസങ്ങളിലൊ, മറ്റു വിശേഷ ദിവസങ്ങളിൽ സദ്യ ഉള്ളപ്പോഴോ കുട്ടി ഇങ്ങനെ പാത്രങ്ങളും ചുമന്നു പോകുന്നതു പതിവു കാഴ്ചയാണ്.. അത്തരം വിശേഷങ്ങൾക്കു പാത്രം കഴുകി കൊടുത്തും ഊട്ടുപുര തൂത്തു വൃത്തിയാക്കി കൊടുത്തും സഹായിക്കേണ്ട ഉത്തരവാദിത്വം കുട്ടിയുടേതാണ്.. സദ്യയുടെ  ഒടുവിൽ മിച്ചം വരുന്നതിന്റെ ഒരു പങ്കു കുട്ടി പത്രങ്ങളിൽ ആക്കി വീട്ടിലേക്കു കൊണ്ടു പോകും..

എൻറെ വീടിനു പടിഞ്ഞാറു വശതുള്ള ആളൊഴിഞ്ഞ വല്യ പറമ്പിൽ കാടു മൂടിയ പൊട്ടാക്കിണറിനോട് ചേർന്നാണ് കുട്ടിയുടെ ഒലക്കുടിൽ.. അവിടെ  കുട്ടി ഒറ്റക്കാണ് താമസം.. കല്യാണം കഴിക്കാത്ത മക്കളില്ലാത്ത കുട്ടിക്ക് പക്ഷെ വീടിനുള്ളിൽ മാത്രം ആണ് ഒറ്റപ്പെടൽ..

കുട്ടിയുടെ കുറെ ബന്ധുക്കൾ ആ നാട്ടിൽ തന്നെ ഉണ്ട്.. ഒരു പത്തിരുപത് കുടിലുകൾ എങ്കിലും ഉണ്ടാകും.. ഒരു വല്യ മലയുടെ ഇറക്കത്തിൽ ആണ് ആ കുടിലുകൾ എല്ലാം... മലയുടെ ഒത്ത നെറുകിൽ കറുത്തിരുണ്ട കൂറ്റൻ മദയാനകളെ പോലെ ഭീമകരന്മാരായ രണ്ടു പാറകല്ലുകൾ ഉണ്ട്.. അതിനു കീഴേക്ക് ഞാറ ചെടികളും കൊട്ട ചെടികളും തൂർന്നു നില്കുന്നു..പഴുത്ത ചെറു ഞാറപ്പഴങ്ങൾ ഞാവൽ പഴങ്ങളുടെ കുഞ്ഞുങ്ങൾ പോലെ ആണ്.. വായിലിട്ടാൽ നല്ല മധുരം, അതേ പോലെ നാവിൽ പരക്കുന്ന നീല നിറവും.. കോട്ടക്കകൾ പഴുത്താൽ കറുത്ത നിറം ആകും.. അത്‌ വായിലിട്ട് ചവക്കുന്തോറും അതിന്റെ നാരു നാവിൽ കിടന്നു ഉരുണ്ടു കളിക്കും..ഞങ്ങളുടെ മാത്രം ഉടുമ്പ് മല..


പകലോനെ വെല്ലു വിളിച്ചു കൊണ്ടു കുട്ടി പിറു പിർത്തു നടന്നു..

പൊലയാടി മോനെ, എന്നെ പൊള്ളിച്ചു കൊല്ലാൻ നീ നോക്കേണ്ട.. കുട്ടി അങ്ങനെയിങ്ങനെയൊന്നും കരിഞ്ഞു പോകുന്നോള് അല്ല.. എന്റെ സാർ കുഞ്ഞു മാത്രമേ എന്നെ തോൽപ്പിച്ചിട്ടുള്ളു.. അവിടെയെ ഞാൻ തോക്കു..

വയലുകൾ അവസാനിക്കാറായിടത്തു തോടു അതിരു വര ഇട്ടു ഒഴുകുന്നുണ്ടായിരുന്നു.. തോടിന്റെ ബണ്ടിനോട് ചേർന്ന് വാസുദേവൻ പിള്ളയുടെ മാടക്കട.. കുട്ടി മാടക്കടയുടെ മുന്നിൽ നിന്നു..

പാത്രങ്ങൽ എല്ലാം പതിയെ മാടത്തിന്റെ തടിപ്പാലകയിൽ ഇറക്കി വെച്ചു..

എന്തോന്നാടി കുട്ടി.. ഇന്നും നിനക്ക് കോളാണല്ലോ..

വാസുദേവൻ പിള്ളയുടെ കളിയാക്കി ചോദ്യത്തിന് മറുത്തൊന്നും കുട്ടി പറഞ്ഞില്ല..

പിള്ള കുഞ്ഞു ഒരു പാക്കറ്റ് ബീഡി ഇങ്ങേടുത്തെ.. മുടിഞ്ഞ വെയില് ഒരു കാലത്തും കൊണം പിടിക്കില്ല..

കുട്ടി പ്രാകി കൊണ്ടു പറഞ്ഞു..

വാസുദേവൻ പിള്ള ഒരു പാക്കറ്റ് ബീഡി എടുത്തു കുട്ടിക്ക് കൊടുത്തു.. അതിൽ നിന്നും ഒരെണ്ണം എടുത്തു കഴുക്കോലിൽ കെട്ടി തൂക്കിയ ചരടിലെ കനലിൽ നിന്ന് കുട്ടി ബീഡി കത്തിച്ചു വലിച്ചു തുടങ്ങി..

പുക വാസുദേവൻ പിള്ളയുടെ മുഖത്തേക്ക് ഊതി വിട്ടു..

എടീ, കുറത്തി കാളി നിന്റെ അടിനാവി ഞാൻ ചവുട്ടി കലക്കും തോന്ന്യസം കാണിച്ചാൽ.. വാസുദേവൻ കോപിച്ചു..

എടൊ തൊലിയൻ പിള്ളേ, താൻ അടിനാവിക്കു ചവുട്ടി കൊന്ന തന്റെ കെട്യോൾ എക്‌ഷുമി അല്ല ഇതു.. കുട്ടിയാണ്..എന്റെ കൈലി മുണ്ടിന്റെ മടിക്കുത്തിൽ നല്ല വയ്തല ഉള്ള കൊയ്ത്തരിവാള് ഉണ്ട്.. തന്റെ പിടുങ്ങാമണി ഞാൻ കണ്ടിച്ചു പട്ടിക്കേറിഞ്ഞു കൊടുക്കും..

എടുത്തോണ്ട് പോടീ നിന്റെ പാത്രോം കലോം.. ഇല്ലെങ്കിൽ ഞാൻ എല്ലാം കൂടെ എടുത്തു തോട്ടിൽ ഏറിയും.. കുട്ടിയുടെ മുന്നിൽ തോറ്റ വാസുദേവൻ മാനം പോയ പോലെ നിന്നു വിറച്ചു..

കുട്ടി രണ്ടു പുക കൂടി എടുത്തു ബീഡി കളഞ്ഞു..വീണ്ടും ചരുവവും കലവും തലയിൽ വെച്ചു.. പതിയെ വീണ്ടും വെയിലിന്റെ കാളിമയിലേക്ക് ഇറങ്ങി നടന്നു.

 വിളിക്കിറങ്ങാൻ കക്കൂസ്സില്ലാതിരുന്നത് കൊണ്ട് പടിഞ്ഞാറെ അയ്യത്തെ കല്ല് വെട്ട് കുഴിയാണ് കക്കൂസ്...രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ എനിക്ക് ഭയമാണ് കുട്ടിക്കാലത്തു.. മിക്ക രാത്രികളിലും എനിക്ക് വിളിക്കിറങ്ങാൻ മുട്ടും.. ചീവിടുകൾ ചിലക്കുന്ന രാത്രിയുടെ കൂരിരുട്ടിൽ ചെറിയ ഒരു മണ്ണെണ്ണ വിളക്കുമായി ഞാൻ ഇറങ്ങും..

മൂര്ഖനും ചേനതണ്ടൻ അണലിയുമൊക്കെ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ആ സമയത്തു പാടപാടാ മിടിക്കുന്ന നെഞ്ചുമായി കല്ല് വെട്ടു കുഴിയിൽ ചെന്നു ചുറ്റും കണ്ണോടിച്ചു ഇരിക്കും..ആ സമയത്തു പടിഞ്ഞാറെ പൊട്ടൻ കിണറ്റോട് ചേർന്ന ഒലക്കുടിലിൽ നിന്നു കുട്ടിയുടെ പരാതി പറച്ചിലും അതിനിടയിൽ  ഉള്ള ചീത്ത പറച്ചിലും പിന്നെ വളരെ വിരളമായി കേൾക്കുന്ന ഏങ്ങി കരച്ചിലുകളും ആയിരുന്നു എന്റെ ധൈര്യം..

കുട്ടി ആരോടാണ് ഈ സംസാരിക്കുന്നതെന്ന് ആദ്യ കാലങ്ങളിൽ ആകാംഷ തോന്നുമായിരുന്നു.. അമ്മയാണ് ഒരിക്കൽ കുട്ടിയുടെ പിറു പിറപ്പുകളുടെ കഥ പറഞ്ഞത്..

കുട്ടി വളരെ ചെറുപ്പമായിരുന്ന കാലത്തു, കറുത്ത മുലകൾ തുടുത്തു തുടിച്ചുയർന്നു നിന്നിരുന്ന കാലത്തെ കഥ.. അന്നു കുട്ടി മിനുസമുള്ള എണ്ണ കറുപ്പുള്ള തൊലിയുള്ള, ചുരുണ്ടിരുണ്ട തഴച്ച മുടിയുള്ള ആര് കണ്ടാലും കാമിച്ചു പോകുന്ന ഒരു സുന്ദരി ആയിരുന്നത്രേ.. കൊയ്ത്തരിവാലിന്റെ വായ്തല പോലെ മൂർച്ച ഉള്ള പെണ്ണ്.. നെല്ല് കൊയ്യാൻ പോകുന്നിടത്തു, ചേറിൽ പുതഞ്ഞു വളഞ്ഞു നിന്നു പാട്ടും പാടി കുട്ടി കൊയ്യുന്നത് കാണാൻ ചെറുപ്പക്കാർ വരമ്പിൽ വായി നോക്കിയിരുന്ന നാളുകൾ.. എന്നാൽ കുട്ടിയോട് അടുക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.. മേലാളന്മാരുടെ മുന്നിൽ മുട്ട് കൂട്ടിയിടിക്കുന്ന ചെറുമിപുരുഷന്മാര്ക്ക് ഇടയിൽ കുട്ടി തല ഉയർത്തി, കണ്ണിനു കണ്ണും പല്ലിനു പല്ലും പോന്ന ചങ്കൂറ്റമുള്ള, അന്തസ്സുള്ള പെണ്ണായി തല ഉയർത്തി നിന്നു..

അന്തിക്കു അവളുടെ കുടിലിന്റെ ചെറ്റ പൊക്കാൻ സ്ഥലത്തെ മാടമ്പി തമ്പ്രാകൾക്കു ഭയമായിരുന്നു.. അവളുടെ തലക്കൽ പാമ്പ് പോലെ വലഞ്ഞിരിക്കുന്ന കൊയ്ത്തരിവാള് തങ്ങളുടെ തല പറിക്കുമോന്നു അവർ ഭയന്നു..

അങ്ങനെ കുട്ടി നാട്ടിലെ കാട്ടു ചെമ്പകം പോലെ വിടർന്നു നിന്ന കാലത്താണ് കുഞ്ഞനിയൻ ഉണ്ണിത്താൻ നാട്ടിലെ ബന്ധു വീട്ടിൽ എത്തുന്നത്.. ഒത്ത ഉയരവും ശരീരവും തീഷ്ണമായ കണ്ണുകളും ഉള്ള ആര് കണ്ടാലും നോക്കി പോകുന്ന വ്യക്തി പ്രഭാവം ഉള്ള ആൾ.. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും പിന്നെ നാടകഅഭിനയവും ഒക്കെ ആയി നടക്കുന്ന തീഷ്ണ യൗവനം.. നാടൻ പാട്ടുകൾ വളരെ നന്നായി പാടുമായിരുന്നു ഉണ്ണിത്താൻ.. നാട്ടിലെ മാടമ്പിമാരെ പോലെ പണി എടുപ്പിക്കുന്ന ആൾ ആയിരുന്നില്ല അയാൾ.. ഒപ്പം നിന്നു പണി എടുക്കുന്ന ആൾ ആയിരുന്നു..

ബന്ധു വീട്ടിലെ നിലത്തു ഞാറു നടലിന്റെ അന്നാണ് കുട്ടിയും ഉണ്ണിത്താനും കണ്ടു മുട്ടുന്നത്.. കുട്ടിയുടെ എണ്ണ പുരണ്ട കറുത്ത മനോഹരിതയിൽ ഉണ്ണിത്താന്റെ വ്യക്തി പ്രഭാവം കാർമേഘം പരന്ന ആകാശം  ആയതു പോലെ ആയി.. ഞാറു നടൽ നാടൻ പാട്ടും കണ്ണു കൊണ്ടുള്ള യുദ്ധങ്ങളും ആയി കടന്നു പോയി..

പിന്നെ കുട്ടി പോകുന്ന വയലുകളിൽ എല്ലാം ഉണ്ണിത്താൻറെ നാടൻ പാട്ടും ഉണ്ടായിരുന്നു.. ഉണ്ണിത്താൻ തന്റെ പിന്നാലെയാണെന്നു കുട്ടിക്ക് മനസ്സിലായി.. ഒരു ദിവസം കുട്ടി ചോദിച്ചു,

കുഞ്ഞൻ സാർ എന്തിനാണ് ഇങ്ങനെ വെയിലു കൊള്ളണത്..?

കുട്ടി.. നിന്റെ തലയ്ക്കു മുകളിൽ പെയ്യുന്ന വെയില് എന്റെ മേൽ ചായുമ്പോൾ അതിനൊരു കുളിരുണ്ട്.. കുളിരുള്ള ആ വെയില് കൊള്ളനാണ് ഞാൻ വരുന്നത്..

അത്‌ കൊള്ളാല്ലോ സാറേ.. അത്ര കുളിരുള്ള വെയില് ആണെങ്കിൽ പനിച്ചു പോകില്ലേ..?

ആ പനിചൂടിന് വേണ്ടി ആണെടി പെണ്ണേ ഞാൻ ഈ വെയിലിന്റെ കുളിരും തേടി വരുന്നത്..

കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല..

പിന്നെയും ദിവസങ്ങളോളം ഇതു തുടർന്നു..

ഞാറുകൾ വളർന്നു.. നെല്ലുകളിൽ കതിരുകൾ വിടർന്നു.. ഉണ്ണിത്താന്റെ മനസ്സിലും പ്രണയത്തിന്റെ കതിരുകൾ വിടർന്നു നിന്നു..

വിളഞ്ഞ നെല്ലുകൾ കൊയ്ത് കൂട്ടിക്കൊണ്ട് കുട്ടിയും കൂട്ടരും കറ്റകൾ കൊണ്ടു കളീതറകൾ നിറച്ചു..

മുളം കഴകൾ കുറുകെ പൊക്കി കെട്ടി വെച്ചു അതിൽ കയ് പിടിച്ചു നിന്നു കൊണ്ടു അവർ താളത്തിൽ കാറ്റകൾ മേതിച്ചു.. അപ്പോഴേക്കും നാട്ടുകാർക്കു സുപരിചിതൻ ആയി കഴിഞ്ഞിരുന്ന കുഞ്ഞനിയൻ കുട്ടി മെതിക്കാൻ പോകുന്ന മിക്ക വീടുകളിലും അതിഥി ആയി ചെന്നു.. കുട്ടിയെ കാണാൻ വേണ്ടി മാത്രം..

കുട്ടിക്ക് അത്‌ അറിയാമായിരുന്നു..

ഒരു ദിവസം കുട്ടി ഉണ്ണിത്താനോട് പറഞ്ഞു.. കുഞ്ഞൻ സാറു ഇന്നു രാത്രി എന്റെ കുടിലിൽ വരണം.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..

ഉണ്ണിത്താൻ അവിശ്വസനീയതയോടെ കുട്ടിയെ നോക്കി..

കൊയ്ത്തരിവാലിന്റെ വയ്തല നോക്കാൻ ആണോ പെണ്ണേ..?

അത്ര ഭയമുള്ളവൻ ആണോ സാറു..? ചിലപ്പോൾ വയ്തല നോക്കാൻ ആവും..വന്നു നോക്കു.. അപ്പൊ മനസ്സിലാവും..

കുട്ടി അല്പം പരിഹാസം കലർത്തി പറഞ്ഞു..എന്നിട്ട് വീണ്ടും കറ്റ മേതിയിലേക്ക് തിരിഞ്ഞു..

അന്നു രാത്രി ഉണ്ണിത്താൻ കുട്ടിയുടെ വീട്ടിൽ ചെന്നു.. പക്ഷെ ഉണ്ണിത്താൻ അങ്ങനെ ചെല്ലുമെന്ന്കു ട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

എല്ലാവരും ഉറങ്ങിയിരുന്ന സമയത്താണ് കുഞ്ഞനിയൻ ചെന്ന് കുട്ടിയുടെ ചെറ്റ വാതിലിൽ മുട്ടി വിളിക്കുന്നത്..

കുട്ടീ.. കുട്ടീ.. പതിഞ്ഞ ശബ്ദത്തിൽ ഉണ്ണിത്താൻ വിളിച്ചു..

ഞെട്ടലോടെ ഉറക്കത്തിൽ നിന്നുണർന്ന കുട്ടിയുടെ കൈകൾ കൊയ്ത്തരിവാൾ തിരഞ്ഞു..





Monday, 27 June 2022

പേരില്ലാത്ത കഥ -2

 അമ്മൂസേ, നിന്റെ ഒരു നോട്ടം കൊണ്ടു ജീവന്റെ ചൈതന്യം അതിന്റെ ഏറ്റവും പാരമ്യത്തിൽ എത്തുന്ന ഒരു ജീവിയാണ് ഞാൻ.. നീ എന്നെ പ്രണയിക്കുന്നത് എന്റെ ഈ ജന്മത്തിന്റെ ഏറ്റവും മഹത്തായ സൗഭാഗ്യവും അതേ പോലെ എനിക്ക് ആർജിക്കാവുന്ന ഏറ്റവും വല്യ അഭിമാനവും ആയിരുന്നു.. നീ എനിക്ക് എന്താണെന്നു എങ്ങനെയാണ് ഞാൻ വർണ്ണിക്കുക..

നിന്റെ ശബ്ദം കേൾക്കുന്ന മാത്രയിൽ ഉയിരിൽ തുയിൽ ഉണരും എനിക്ക്.. നിന്റെ ദർശന മാത്രയിൽ എന്റെ ഹൃദയം സന്തോഷം കൊണ്ടും വർണിക്കാൻ ആവാത്ത ആയിരം വികാരങ്ങൾ കൊണ്ടും വീർപ്പു മുട്ടും.. നിന്റെ ഒരു സ്പർശം കൊണ്ടു ഞാൻ എന്റെ ജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ സാഫല്യവും സായൂജ്യവും നേടും.. നീ എനിക്കെന്തായിരുന്നു എന്ന് എങ്ങനെയാണു ഞാൻ വിവരിക്കുക..

നിൻറെ ഒരു ഫോൺ വിളിക്കു വേണ്ടി, നിന്റെ ഒരു ദർശനത്തിന് വേണ്ടി, നിന്റെ സ്പർശത്തിന്റെ സയൂജ്യത്തിന് വേണ്ടി ഞാൻ കാത്തിരുന്നത് എത്ര എത്രയാണ്.. നിന്റെ ഫോട്ടോകളിൽ മാറി മാറി നോക്കി എത്രയോ സമയങ്ങൾ ഞാൻ മനസ്സു വിങ്ങി നെടുവീർപ്പിട്ടിരുന്നു.. നിന്റെ  മിഴിയാകാശത്തിന്റെ കരിമേഘ സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് ഞാൻ എത്ര എത്ര നേരം നോക്കിയിരിക്കുന്നു ഇപ്പോഴും..

നീ എനിക്ക് നിഷേധിച്ച എന്റെ ഈ ജന്മത്തിന്റെ ചെയ്തന്യങ്ങൾ ആണ് ഇവ എല്ലാം ഇന്നു.. എല്ലാം എനിക്കു നീ നിഷേധിച്ചു.. Whatsap ഇൽ ഇന്നു നീ എനിക്കായി ഇല്ല.. ഫേസ്ബുക്കിൽ നിന്റെ ആക്റ്റീവ് സ്റ്റാറ്റസ് നീ മറച്ചു വെച്ചു.. ടെലെഗ്രാമിൽ നീ ഓൺലൈൻ വരുമ്പോൾ കാണുന്ന ആ പച്ച വെളിച്ചത്തിനു വേണ്ടി ഞാൻ എത്രയായ മണിക്കൂറുകൾ അതിൽ നിന്റെ ഒരു നോട്ടത്തിനായി കണ്ണും മിഴിച്ചു രാവും പകലും കാത്തിരുന്നു.. ആ പച്ചവെളിച്ചം കൊണ്ടു ഞാൻ നേടിയത് എന്റെ ജീവശ്വാസം ആയിരുന്നു.. ഒടുവിൽ നീ അതും എനിക്കു നിഷേധിച്ചു..

എത്രയോ കാലമായി നീ എനിക്കായി ഒരു നോട്ടത്തിന്റെ ഭിക്ഷ നൽകിയിട്ടു.. എങ്കിലും ഇന്നും ഞാൻ ഉണരുന്നതും ഉറങ്ങുന്നതും, ആഹാരം കഴിക്കുന്നതും നിന്റെ മുഖം നോക്കിയിട്ടാണ്.. നിന്റെ കണ്ണിണകളുടെ ആഴം തേടിയിട്ടാണ്.. നിന്നെ കാണാത്ത, നിന്നോട് മനസ്സു കൊണ്ടു സംസാരിക്കാതെ ഒരു നിമിഷം പോലും എന്നിൽ ഇല്ല .. എന്റെ ചിന്തകളുടെ ഓരോ നിമിഷവും ഇന്നും നീ എന്ന ന്യൂക്ലീയസ് നു ചുറ്റും കറങ്ങി കൊണ്ടാണ്.. നീ വെറുപ്പിന്റെ കരിമ്പടം മൂടിയിട്ടിട്ടു പോയ ഈ വിഷുവിനു പോലും എന്റെ വിഷുക്കണി നീ ആയിരുന്നു..ഇന്നും ടെലെഗ്രാമിൽ എത്രയോ തവണ ഞാൻ പ്രതീക്ഷയോടെ ഒരു നേട്ടത്തിന് വേണ്ടി കാത്തിരിക്കുന്നു.. ഓരോ പകലിലേക്കും ഞാൻ ഉണരുന്നത് നിന്റെ ഒരു നോട്ടം ഇന്നെങ്കിലും എനിക്കായി ഉണ്ടാകും എന്ന പ്രതീക്ഷയുടെ ആണ്.. ഓരോ രാവിലും ഞാൻ കണ്ണടക്കുന്നതു നാളെ എങ്കിലും നീ എന്നെ ഒന്നു നോക്കണേ എന്ന പ്രാർത്ഥനയോടെ ആണ്.. പക്ഷെ നീയും ദൈവവും ഒരേ പോലെ എന്റെ പ്രതീക്ഷകളെയും പ്രാർഥനകളെയും നിരാർഥകമാക്കുന്നതിൽ മത്സരിക്കുകയാണ്..

പ്രണയം അത്‌ ആവാച്യമായ അനുഭൂതിയാണ് അമ്മൂസേ... അതിനു ഹൃദയം കൊണ്ടു സ്നേഹിക്കണം.. ത്യാഗങ്ങൾ കൊണ്ടോ, പ്രകടിപ്പിക്കലുകൾ കൊണ്ടോ പ്രണയം അനശ്വരമായി കൊത്തി വെക്കപ്പെട്ടേക്കാം.. പക്ഷെ യഥാർത്ഥത്തിൽ പ്രണയം കൊത്തി വെക്കപ്പെടുന്നത് പ്രണയിക്കുന്നവന്റെ ഹൃദയത്തിൽ അവൻ പ്രണയിക്കുന്നവളോടുള്ള  അവന്റെ വികാരങ്ങളുടെ, അവളോടുള്ള ആരാധനയുടെ, അവളോടുള്ള ബഹുമാനത്തിന്റെ, അവൾക്കു വേണ്ടിയുള്ള അവന്റെ ഹൃദയം തപിച്ചുള്ള ശ്വാസ നിശ്വാസങ്ങളുടെ തീവ്രതകളിൽ ആണ്.. ഒരു പക്ഷെ അവൾ പോലും മനസ്സിലാക്കാതെ, തിരിച്ചറിയാതെ പോകുന്ന  അവൾക്കു വേണ്ടിയുള്ള അവന്റെ ആത്മാവിന്റെ നിലവിളിയാണ് പ്രണയം..ആ നിലവിളി എന്നിൽ നിന്നു ഹൃദയം ചിന്നഭിന്നമായി ഓരോ ശ്വാസത്തിലും ഉയരുന്നുണ്ട്..

===================

ഭാഗം -2

കിഴക്കെ കളരിയുടെ കാവിന്റെ ഒത്ത നടുവിൽ ആകാശം മുട്ടെ നിൽക്കുന്ന, പ്രപഞ്ചത്തിന്റെ നാല് ദിക്കുകളിലേക്കും ആയിരം കരങ്ങൾ നീട്ടി നിൽക്കുന്ന പടു കൂറ്റൻ ആഞ്ഞിലി മരത്തിൽ ആഞ്ഞിലി ചക്കകൾ പോലെ വവ്വാലുകൾ തൂങ്ങി കിടന്നു.. ഓരോ ശിഖരത്തിലും രാവിന്റെ പടയാളികൾ പകൽ വെളിച്ചത്തിന്റെ കണ്ണു വെട്ടിച്ചു ഉറങ്ങി കിടന്നു..

ചൂരൽ വള്ളികൾ പിണഞ്ഞു കിടക്കുന്ന കാവിൽ എപ്പോഴും ഇരുട്ടായിരുന്നു.. കാവിന്റെ നടുവിലേക്കു ചൂരലുകൾ വെട്ടി  ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ പാകത്തിന് ഒരു പാത തെളിഞ്ഞു കിടന്നു.. നാഗ രാജാവിന്റെയും നാഗറാണിയുടെയും കരിങ്കൽ മൂർത്തികൾക്കു നൂറും പാലും കഴിക്കുവാൻ വേണ്ടി എല്ലാ മാസത്തിലും ആയില്യം നാളിൽ അവിടേക്കു കളരി ശാന്തിക്കും മറ്റുള്ളവർക്കും പോകാൻ വേണ്ടി തെളിച്ച പാതയാണ് അത്‌..

നഗ്നമായ പാദങ്ങൾ കൊണ്ടു ആ പച്ച മണ്ണിൽ കൂടി നടക്കുമ്പോൾ തല മുടിയിലേക്ക് വരെ കുളിർ പടർന്നു കയറി .. കറുത്ത മണ്ണിൽ പലയിടത്തും നാഗ ദേവതകൾ ഉറിഞ്ഞെറിഞ്ഞ പുടവ തുണ്ടുകൾ ചിതറി കിടക്കുന്നു.. വഴിയിറമ്പിൽ എവിടെയൊക്കെയോ അവരുടെ പവിഴക്കണ്ണുകൾ എന്നെ ഉറ്റു നോക്കുന്നുണ്ടാവുമെന്ന് ഓർത്തു എന്റെ ഉള്ളിൽ നിന്നും ഭയത്തിന്റെ തണുത്ത മിന്നലുകൾ ഓടി നടന്നു എന്റെ അസ്ഥി തുളക്കുന്നുണ്ടായിരുന്നു..

കൊരണ്ടി പഴം..

ചുവന്നു തുടുത്ത, മധുരം കിനിയുന്ന കൊരണ്ടി പഴം..

ആ കാവിന്റെ ഭയാനകമായ കറുപ്പിൽ, നാഗത്താന്മാരുടെ കൃപയിൽ , വവ്വാൽ പടയാളികളുടെ കാവലിൽ കൊരണ്ടി പഴങ്ങൾ എന്നെയും പ്രതീക്ഷിച്ചു നിൽക്കാറുണ്ട്.. എന്നിലെ എല്ലാ ഭയങ്ങളും കൊരണ്ടി പഴത്തിന്റെ മധുരത്തിന്റെ കൊതിയിൽ വായിൽ ഊറുന്ന തേനിൽ ഒലിച്ചു പോകും..

എല്ലാ ഞായറാഴ്ചകളിലും ഞാൻ ആരും കാണാതെ ആ കാവിന്റെ ഇരുളിലേക്ക്, നാഗതന്മാരുടെ അനുഗ്രഹാഷിസ്സുകളോടെ കടന്നു കയറി..

ആരാണ് എനിക്ക് ആദ്യമായി കൊരണ്ടി പഴത്തിന്റെ രുചി സമ്മാനിച്ചത്?

എനിക്ക് നല്ല ഓർമ്മയുണ്ട്.. അത്‌ മണിച്ചേച്ചി ആയിരുന്നു.. ഓമനചായിയുടെ മകൾ മണിച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന മണി.. വേറെ എന്തെങ്കിലും പേര് അവർക്കുണ്ടോ എന്ന് എനിക്കറിയില്ല..

ഓമനച്ചെയിക്ക് ഒരേ ഒരു മകൾ മാത്രമേ ഉള്ളു.. അവരുടെ നാലു വശവും ഓല കെട്ടി മറച്ച, ഓല കൊണ്ടു വാതിൽ മറച്ച, ഓല കൊണ്ടു മേൽക്കൂര മെനഞ്ഞ ഒറ്റ മുറി വീട് കളരിക്കാവിന്റെ തെക്കു ഭാഗത്തു അല്പം മാറി ആയിരുന്നു..

വീട്ടിൽ അമ്മക്ക് എന്തെങ്കിലുമൊക്കെ സഹായത്തിനു ആവശ്യമുള്ളപ്പോൾ, പ്രത്യേകിച്ചും അച്ഛൻ കണ്ടത്തിൽ കൃഷി ചെയ്തു കിളച്ചു കൊണ്ടു വന്നു കൂമ്പാരം പോലെ ചായ്‌പിന്റെ മൂലക്ക് കൂട്ടിയിട്ടിരുന്ന ചെറു ചേമ്പിന്റെ മണ്ണ് കളഞ്ഞു വേര് പറിക്കാൻ, ഓമനചെയി ആണ് വരിക.. അങ്ങനെ ഉള്ള ആവശ്യങ്ങൾ ഇല്ലാത്തപ്പോഴും അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വന്നിരുന്നു..

ഓമനചെയ്യിക്കു ഒരു പ്രത്യേകത ഉണ്ട്.. അവരുടെ കൺപോളകൾ അനിയന്ത്രിതമായി അനസ്യൂതം വെട്ടി വെട്ടി അടയുകയും തുറക്കുകയും ചെയ്യും . എപ്പോഴും വെറ്റിലയും പാക്കും മുറുക്കുന്ന അവർക്കു പുകയില കൂട്ടി മുറുക്കാൻ എന്റെ അച്ഛമ്മയുടെ മുറുക്കാൻ ചെല്ലം ആയിരുന്നു ആശ്രയം..

അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വരുമ്പോൾ കൂടി മണി ചേച്ചിയും ഉണ്ടാകും.. എന്നേക്കാൾ ഒരു പാട് വയസ്സിനു മുതിർന്നവൾ ആയിരുന്നു മണി ചേച്ചി..അവരുടെ വീട്ടിലെ മുഴു ദാരിദ്ര്യത്തിൻറെ പട്ടിണിയിൽ നിന്നും എന്റെ വീട്ടിലെ അർദ്ധ ദാരിദ്ര്യത്തിന്റെ അര വയർ നിറവിലേക്കു അവർ പ്രതീക്ഷയോടെ വരും..

ഉണക്ക ചീനിയോ, ചക്ക വേവിച്ചതോ ആർക്കും വയറു നിറക്കാൻ തികയാത്ത ചോറിന്റെ വറ്റുകളും അവർക്കു കൂടി പങ്കിട്ടു കൊടുത്തു അമ്മ അവരുടെ പ്രതീക്ഷകൾ കാത്തു..

അങ്ങനെ ഒരിക്കൽ വീട്ടിൽ വന്ന ദിവസം ആണ് മണിച്ചേച്ചി എനിക്ക് കൊരണ്ടി പഴം സമ്മാനിച്ചത്.. എത്രയോ തവണ കെഞ്ചി കെഞ്ചി ചോദിച്ചിട്ടാണെന്നോ അത്‌ എവിടുന്നാണ് അവർക്കു കിട്ടിയതെന്നു അവർ എന്നോട് പറഞ്ഞത്...അന്നു എനിക്ക് പ്രായം ആറോ എഴോ ഉണ്ടാകും..അച്ഛമ്മക്ക് മണിച്ചേച്ചിയെ ഒരുപാടു ഇഷ്ടമായിരുന്നു.. അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടി.. അമ്മക്കൊപ്പം അടച്ചുറപ്പില്ലാത്ത വീടിന്റെ ദാരിദ്ര്യത്തിൽ ആരോടും പരിഭവമില്ലാതെ ജീവിക്കുന്ന കുട്ടി..

മരിക്കും വരെ ഒരു മുടി പോലും നരക്കാത്ത എന്റെ അച്ഛമ്മ ചോര ഛർദിച്ചു മരിച്ചത് എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ആണ്.. ഏറെ പ്രായമായ അച്ഛമ്മ മരിക്കും മുന്നേ കുറെ ദിവസങ്ങൾ ആശുപത്രിയിൽ കിടന്നിരുന്നു.. അന്നു കുറെ കുപ്പി ചോര അമ്മൂമ്മയുടെ ദേഹത്തു കയറിയിരുന്നു.. ആ രക്തമെല്ലാം അച്ഛമ്മ മരിക്കും മുന്നേ ഛർദിച്ചു കളഞ്ഞു..

അവരുടെ രക്തം പുരണ്ട തുണികൾ അമ്മ കുഴിയെടുത്തു മൂടിയതിന്റെ പിറ്റേ ദിവസം അച്ഛമ്മ മരിച്ചു.. അച്ഛമ്മ മരിക്കുമ്പോൾ അച്ഛൻ മുക്കിനു എന്തോ സാധനം വാങ്ങാൻ പോയതായിരുന്നു.. അന്നു ഉച്ച വരെ അച്ഛമ്മക്ക് ഒപ്പം ഓരോ നിമിഷവും നോക്കി നോക്കി ഇരുന്ന അച്ഛന്റെ കണ്ണു വെട്ടിച്ചു അച്ഛമ്മ എന്നേക്കുമായി കണ്ണടച്ചു..

അച്ഛമ്മ മരിച്ച കാര്യം അറിയിക്കാൻ അമ്മ എന്നെ മുക്കിനെക്കു ഓടിച്ചു.. ഞാൻ വായ കൊണ്ടു വണ്ടി ഓടിച്ചു, കീക്കി അടിച്ചു, ഊർന്നു പോകുന്ന നിക്കർ ഇടയ്ക്കിടെ പിടിച്ചു കയറ്റി ഇട്ടു കൊണ്ടു ആകാവുന്ന അത്ര വേഗത്തിൽ ഓടി.. അമ്പലത്തിന്റെ മുന്നിലെ വഴിയുടെ ഇറക്കം ഇറങ്ങി വരുന്ന അച്ചനെ ഞാൻ ദൂരെ നിന്നെ കണ്ടു.. അച്ഛൻ അടുത്തത്തും മുന്നേ ഞാൻ അകലെ നിന്ന് വിളിച്ചു പറഞ്ഞു... അച്ഛാ, അച്ഛമ്മ മരിച്ചെന്നു അമ്മ പറഞ്ഞു..

എന്തായിരിക്കും അച്ഛന്റെ മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ടാവുക ആ നിമിഷത്തിൽ.. അടുത്ത കാലത്തു എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത ആണെങ്കിലും, ആ വാർത്ത കേൾക്കുന്ന നിമിഷം ആയിരം തവണ മനസ്സിൽ സങ്കല്പിച്ചു അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ടായിട്ടാണെങ്കിലും അച്ഛൻ ഒരു നിമിഷം പ്രതിമ പോലെ നിൽക്കുന്നതും, നെഞ്ചിൽ കൊളുത്തി ഒരു ദീർഘ ശ്വാസം എടുക്കുന്നതും ഞാൻ കണ്ടു..

മരണം, അത്‌ എത്ര പ്രവാചനാൽമകമാണെങ്കിലും അതിന്റെ സാമീപ്യം അനുഭവിക്കുന്ന നിമിഷങ്ങൾ അതിനായി കാലങ്ങളായി തയ്യാറെടുത്തു ഏതു മനുഷ്യനെയും ഉലച്ചു കളയും.. അച്ഛനു പക്ഷെ കൂടുതലും നിരാശ കലർന്ന വേദന ആവും തോന്നിയിട്ടുണ്ടാവുക..അത്രയും നേരം നോക്കി നോക്കി ഇരുന്ന അമ്മ കണ്ണു തെറ്റിയ നേരത്തു, കുട്ടിക്കാലത്തെ അമ്മക്കൊപ്പം കളിച്ച  കണ്ണു പൊത്തിക്കളിയുടെ ഓർമക്കെന്ന പോലെ, അച്ഛനെ കളിപ്പിച്ചു എവിടേക്കോ പോയി ഒളിച്ചു.. ഒരിക്കലും കണ്ടു പിടിക്കാൻ ആവാത്ത അനന്തതയുടെ ഏതോ ആജ്ഞതമായ മൂലയിൽ അച്ഛമ്മ അച്ഛനെ ഒളിച്ചു മറഞ്ഞിരിക്കാൻ പോയി..





Sunday, 26 June 2022

പേരില്ലാത്ത ഒരു കഥ

 അമ്മൂസേ, ഞാൻ പഠിച്ച അക്ഷരങ്ങൾക്കു പ്രണയത്തിന്റെ ആത്മാവ് നൽകി അതിനു ജീവൻ നിറച്ചത് നീയാണ്.. നീയില്ലാതെ എന്നിൽ രൂപങ്ങളോ, ഭാവങ്ങളോ, ഭാവനകളോ ഉണരില്ല.. എന്റെ അക്ഷരങ്ങൾ നിന്റെ സൂര്യ തേജസ്സില്ലാതെ മരിച്ചു കഴിഞ്ഞിരിക്കുന്നു..

എന്റെ എല്ലാ എഴുത്തുകളും എന്നും നിനക്ക് വേണ്ടി മാത്രമായിരുന്നു.. നീ വായിക്കണം എന്ന ആഗ്രഹത്തോടെ ഉള്ളവ ആയിരുന്നു.. ഞാൻ എന്തെങ്കിലും എഴുതി തുടങ്ങിയത് പോലും നിന്റെ മനസ്സിൽ എന്നെ നിറക്കണം എന്ന അത്യാഗ്രഹത്തോടെ ആയിരുന്നു..

ജീവൻ നഷ്ടപ്പെട്ട ഒരു ജഡം ആരോ നിർബന്ധിച്ചു ചലിപ്പിക്കുന്ന പോലെ, നീ ഉപേക്ഷിച്ച ഞാനും ചലിക്കുന്ന ഒരു ജഡം മാത്രമായിരിക്കുന്നു.. നിനക്ക് വായിക്കുവാൻ വേണ്ടി അല്ലാതെ ഒന്നും എനിക്കു എഴുതുവാനില്ല.. എന്റെ എല്ലാ അക്ഷരകൂട്ടുകളുടെയും അമ്മ നീയാണ്.. ഇപ്പോള് പോലും എന്നിൽ നിറഞ്ഞു നിൽക്കുന്ന നീയാണ് എന്നെ കൊണ്ടു ഇതു എഴുതിക്കുന്നത്..

എങ്കിലും എന്റെ ഉള്ളിൽ മുഴുവൻ ഇരുട്ടാണ്.. അമ്മൂസേ എന്നിൽ നിറഞ്ഞ വെളിച്ചം ആണ് നീ.. നീ എനിക്ക് വെറുമൊരു സ്ത്രീ ശരീരമോ പ്രണയിക്കാൻ മാത്രമുള്ള ഒരു പെണ്ണോ ആയിരുന്നില്ല.. അതിനുമൊക്കെ ഒരുപാടു അപ്പുറം, എനിക്കു പോലും നിർവചിക്കുവാൻ ആവാത്ത എന്തൊക്കെയോ മഹത്തായ, ദിവ്യമായ ഒരു തേജസ്സ് ആണ് നീ എനിക്ക്.. എന്നെ ചലിപ്പിക്കുന്ന, എന്നിൽ പൂർണതയോടെ നിറയുന്ന, എന്നിൽ ജീവനും ഊർജവും നിറക്കുന്ന ചൈതന്യം..

നീ എന്നിലേക്ക് വന്നപ്പോൾ മുതൽ ഞാൻ അത്‌ തിരിച്ചറിഞ്ഞിരുന്നു.. പക്ഷെ ഒരിക്കലും സ്വന്തമാക്കാൻ അവകാശമോ അർഹതയോ ഇല്ലാത്തവന് ഉള്ളിൽ നിറയുന്ന നിരാശയുടെ തീയിൽ സ്വയം വെണ്ണീറാവൻ മാത്രമല്ലെ കഴിയൂ... പക്ഷെ നിനക്ക്‌ എന്നെ മനസ്സിലായിട്ടുണ്ടാവില്ല.. പുറം കാഴ്ചകൾ കൊണ്ടു മാത്രം എന്നെ വില ഇരുത്തുമ്പോൾ ദൂരേക്ക് വലിച്ചെറിയാൻ മാത്രം ഉപയോഗ ശൂന്യമായ ഒരു പാഴ് വസ്തു മാത്രമാവും നിനക്ക് ഞാൻ..

പക്ഷെ എനിക്ക് നീ അങ്ങനെ അല്ലല്ലോ.. ഈ ജന്മത്തേക്ക് ഞാൻ എന്റെ പെണ്ണെന്നു മനസ്സിൽ നിറച്ച ഒരേ ഒരുവൾ അല്ലെ നീ എനിക്ക്.. സഹിക്കാൻ വയ്യാത്ത നോവിലും നിരാശയിലും, മറ്റു അസ്സഹനീയമായ ചിന്തകളിലും മനസ്സു വെറുപ്പിലേക്കു വഴുതി വീഴാൻ പോകുമ്പോൾ എനിക്കു എന്റെ പ്രണയത്തിൽ ഉറച്ചു നിൽക്കേണ്ടതായിട്ടുണ്ട്.. എനിക്ക് നിന്നോടുള്ള പ്രണയത്തെ കൊല്ലാതെ നില നിർത്തേണ്ടതുണ്ട്..

അതിനായി ഞാൻ വീണ്ടും എന്തൊക്കെയോ എഴുതണം എന്നാഗ്രഹിക്കുന്നു.. നീ ഇത് വായിക്കില്ലെന്നു എനിക്കറിയാം.. എങ്കിലും ഞാൻ ഈ എഴുതുന്നതും നിനക്കായി മാത്രമാണ്... നിന്നെ എന്നിൽ നിറക്കുവാൻ വേണ്ടി.. നീ എന്നിൽ നിന്നു അകന്നു പോകാതിരിക്കുവാൻ വേണ്ടി....

=================================

ഭാഗം -1

അവളെ എത്ര മുറുകെ പുണർന്നിട്ടും എനിക്കു തൃപ്തി വരുന്നുണ്ടായിരുന്നില്ല..


എന്തോ പൂർണമാകാത്തത് പോലെ.. മനസ്സു നിറയാത്തത് പോലെ..


ഒരു കണം പോലും അവശേഷിക്കാതെ പൂർണമായും അവളെ ആവാഹിച്ചെടുത്തു തന്നിലേക്ക് ലയിപ്പിച്ചു ഒന്നായി തീരുവാനുള്ള വെമ്പലോടെ ഓരോ തവണ ഞാൻ പുണരുമ്പോഴും പിന്നെയും പിന്നെയും അവൾ ബാക്കി ആയി കൊണ്ടിരുന്നു.. 


ഒടുവിൽ നിസ്സഹായതയോടെ അവളെ എന്നിൽ നിന്നും ഞാൻ അടർത്തി മാറ്റി.. അവൾ ഒരു വശത്തേക്ക് ചെരിഞാണ് കിടന്നതു...


ആ കിടപ്പു നോക്കി ഞാൻ കുറെ നേരം നിന്നു.. പിന്നെ ജനാലയുടെ വിരി അകത്തി പുറത്തേക്കു നോക്കി..


കണ്ണെത്തുന്ന ദൂരത്തിന് അപ്പുറം മലകൾ മുളച്ചു പൊന്തി നില്കുന്നുണ്ടായിരുന്നു.. വിഷാദം പടർന്ന പോലെ അരണ്ട നിറമുള്ള മഞ്ഞു പടലം അവക്കു മുകളിൽ നേർത്തു നില്കുന്നു.. പ്രഭാതത്തിന്റെ കുളിരുള്ള കാറ്റിനു പക്ഷെ ചെകിടിപ്പിക്കുന്ന ഗന്ധം..


ഇങ്ങു കെട്ടിടത്തിനു താഴെയുള്ള റോഡ് വ്യക്തമായി കാണാം.. അതിൽ കൂടി വാഹനങ്ങൾ ഒഴുകി തുടങ്ങിയിരുന്നു..വാഹങ്ങളുടെ പാച്ചിൽ എനിക്ക് എപ്പോഴും ഭയമാണ്.. ഗതി പിഴച്ചു പോയ ആത്മാക്കളുടെ പരക്കം പാച്ചിൽ പോലെ ആണ് പാഞ്ഞു പോകുന്ന ഓരോ വാഹനവും.. അന്തമില്ലാതെ ആരോ തൊടുത്തു വിടുന്ന അമ്പുകൾ പോലെ.. അടുത്തു വരുന്ന ഓരോ വാഹനവും ഇപ്പോള് നെഞ്ചിൻ കൂട്ടിലേക്ക് ഇടിച്ചു കയറിയെക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു..


അതും നോക്കി നിൽക്കേ,പെട്ടെന്ന് എവിടുന്നോ പാഞ്ഞു വന്ന ഒരു മോട്ടോർ സൈക്കിൾ മറ്റൊരു വാഹനത്തിൽ തട്ടി തെറിച്ചു മുകളിലേക്ക് ഉയർന്നു.. അതിലിരുന്ന ആൾ കുറെ ദൂരേക്ക് തെറിച്ചു വീണു മറ്റൊരു വാഹനത്തിന്റെ അടിയിലേക്ക് ഞെരിഞ്ഞമർന്നു..


മരണം..


ഞാൻ വീണ്ടും അവൾ കിടക്കുന്ന ഇടത്തേക്ക് നോക്കി.. അവൾ ഒന്നുമറിയാതെ കിടക്കുന്നു.. ഒരിക്കലും ഒഴിയാത്ത മധു ചക്ഷകം പോലെ.. അതിൽ നിറയുന്ന മധുരം എനിക്കു മാത്രം ഉള്ളതാകണമെന്ന് എന്ന് മുതലാണ് എനിക്കു നിർബന്ധമുള്ളതായത്?.. അറിയില്ല.. അത് എപ്പോഴോ ഞാൻ അറിയാതെ എന്നെ പിടികൂടിയിരുന്നു.. എനിക്കു വേണ്ടി മാത്രമുള്ളതെന്ന് തോന്നുന്ന ഒന്നും എനിക്കു ചുറ്റിനും കണ്ടെത്താൻ കഴിയാതിരുന്ന കാലത്തു, അവൾ എന്റേത് മാത്രമെന്ന് ആവർത്തിച്ച് പറഞ്ഞു എന്റേത് മാത്രമായി തീരുകയായിരുന്നു..


അവൾ പറയും മുന്നേ ഞാൻ അത് എത്രയോ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവമെങ്കിലും, വെറുതെ ചെന്നെടുത്തു അവകാശം സ്ഥാപിക്കുവാൻ അവൾ ജീവനില്ലാത്ത ഒരു വസ്തു ആയിരുന്നില്ലല്ലോ.. സ്വയം തീരുമാനിക്കുവാൻ ശേഷിയുള്ള, തിരിച്ചറിവിനുള്ള ബുദ്ധി ഉള്ള, ഈ രണ്ടു കാര്യങ്ങളും എന്നേക്കാൾ ഒരുപാടു കൂടുതൽ ഉണ്ടെന്നു ഞാൻ വിശ്വസിച്ച, ചുറ്റിനും അവകാശപ്പെടാൻ ആളുകൾ ഉള്ള ഒരു മനുഷ്യ ജീവി..


തിരിച്ചു ഞാനും അങ്ങനെ തന്നെ അവളുടേത്‌ മാത്രമാകുവാൻ കൊതിച്ചു.. അവൾ എന്നിലേക്ക്‌ അലിഞ്ഞു ചേരുന്നില്ലെങ്കിൽ ഞാൻ അവളിലേക്ക്‌ അലിഞ്ഞു ചേരുവാൻ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു..എന്നിട്ടും അവളും ഞാനും പരസ്പരം അലിഞ്ഞു ചേരാത്ത ഏതോ രാസ വസ്തുക്കൾ ആയി, രണ്ടും രണ്ടായി, അന്യരായി അവശേഷിക്കുന്നു.. എങ്കിലും അവളെ കുറിച്ചുള്ള ചിന്തകൾ വരുമ്പോഴൊക്കെ, അവളുടെ സാമീപ്യം അനുഭവിക്കുമ്പോഴൊക്കെ എന്റെ ഹൃദയം ആഴക്കടൽ പോലെ മുരണ്ടു മുഴങ്ങി ആയിരം ആയിരം തിരകളെ പ്രസവിക്കുമായിരുന്നു..ഹൃദയത്തെ തള്ളി മറിക്കുന്ന വിശേഷണങ്ങൾ ഇല്ലാത്ത വികാരങ്ങളുടെ തിരകൾ..


ഇനിയും ഒഴിയാത്ത ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന ദ്രാവകം ഒറ്റ വലിയിൽ കവിളുകളിൽ ഞാൻ നിറച്ചു.. എന്നിട്ടു ഓരോ ചെറു ഇറക്കുകൾ കൊണ്ടു അതിനെ വായിൽ നിന്നും ഉദരത്തിലേക്ക് പറഞ്ഞു വിട്ടു..


സിലിംഗ് ഫാൻ അതിവേഗത്തിൽ കറങ്ങുന്നു.. ആ കറക്കത്തിലേക്ക് കുറെ നേരം ഞാൻ ഇമയനക്കാതെ നോക്കിയിരുന്നു.. പതിയെ എനിക്കു ചുറ്റിനും കറങ്ങുവാൻ തുടങ്ങി.. അവളും അവൾ കിടന്നുറങ്ങുന്ന കട്ടിലും മുറിയിലെ മറ്റു ഫർണിച്ചറുകളും എല്ലാം ആ കറക്കത്തിൽ കറങ്ങുന്നു, ഒപ്പം ഞാനും ..എന്നിലേക്ക് ഭയം അരിച്ചു കയറാൻ തുടങ്ങി..

===================

വീടിന്റെ ഇടനാഴിയിൽ നിന്നും കിഴക്കെ മുറ്റത്തേക്ക് ഇറങ്ങുന്ന വാതിലിന്റെ കട്ടിളയിൽ പിടിച്ചു ഞാൻ നിൽക്കുകയായിരുന്നു..


ഒന്നിനു പിന്നാലെ ഒന്നെന്ന പോലെ പെരുമഴകൾ പെയ്ത ദിവസത്തിലെ ഒരു പെരു മഴ കൂടി പെയ്തു തോർന്ന വൈകുന്നേരം ആയിരുന്നു അത്‌.. മുറ്റത്തു കൂടി ചാലിറ്റൊഴുകുന്ന ഊറ്റൽ വെള്ളത്തിൽ നിന്നും അല്പം മാറി ഈയലുകൾ മണ്ണ് തുളച്ചു പൊന്തി വരാൻ തുടങ്ങിയിരുന്നു.. അവയെ തിന്നുവാനുള്ള ഞർകീലുകൾ ഇരുട്ടു വരുന്നതും കാത്തു ഏതൊക്കെയോ മരകീറുകളിൽ ഞാന്നു കിടപ്പുണ്ടാവണം..


വീണ്ടും പെയ്യാൻ അരങ്ങോരുക്കുന്ന കരി മേഘങ്ങളും , അന്തിചമയത്തിന് പൊന്നൂരക്കുന്ന സൂര്യനും ചേർന്നു അന്തരീക്ഷത്തിന് ഒരു നൃത്ത വേദിയുടെ പ്രകാശ വിതാനം ഒരുക്കുന്നു.. ഊർന്നു പോകുന്ന നിക്കറിനെ ഒരു കൈ കൊണ്ടു പിടിച്ചു നിർത്തി ഞാൻ മുറ്റത്തിന്റെ കിഴക്കെ ഒരത്തു നിൽക്കുന്ന കമ്പിളി നാരകത്തിന്റെ ചുവട്ടിലേക്കു നടന്നു..


തെക്കു വശത്തെ ഇട റോഡിൽ കൂടി ആരൊക്കെയോ വീട് ലക്ഷ്യമാക്കി കടന്നു വരുന്നു.. അവർ എട്ടു പത്തു പേർ ഉണ്ട്.. മൂന്നു നാല് പേർ എന്തോ നീളത്തിൽ പൊതിഞ്ഞു പിടിച്ചു ചുമന്നു കൊണ്ടാണ് വരുന്നത്.. അവർ എന്നെ ഒന്ന് നോക്കി മുറ്റത്തു കൂടി വടക്ക്‌ വശത്തുള്ള വീടുകളെ ലക്ഷ്യമാക്കി കടന്നു പോയി.. അവർ പിടിച്ചിരുന്ന വസ്തു പനമ്പായിൽ പൊതിഞ്ഞതായിരുന്നു..


വീടിന്റെ വടക്കു ഭാഗത്തുള്ള അയല്പക്കങ്ങളിലേക്ക് പോകാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ വീടിന്റെ മുറ്റത്തു കൂടിയാണ് എല്ലാവരും അവിടേക്കു പോവുകയും അവിടുന്ന് വരികയും ചെയ്തിരുന്നത്..അവിടേക്കു ഇപ്പോള് പോയവരിൽ ഏറെപ്പേരും എനിക്കു പരിചയമുള്ളവർ തന്നെ ആയിരുന്നു..


"കൊച്ചുകൃഷ്ണ പിള്ളയുടെ ശവം വടക്കേലോട്ട് കൊണ്ടു പോയി".. അച്ഛനോടായുള്ള അമ്മയുടെ ഉച്ചത്തിലുള്ള പറച്ചിൽ കെട്ടാണ് ഞാൻ ഞെട്ടിയത്.. ആ പനമ്പായിൽ പൊതിഞ്ഞു പിടിച്ചിരുന്നത് ഇന്നലെ വരെ പലപ്പോഴായി കണ്ടിട്ടുള്ള, ചിലപ്പോഴൊക്കെ മിണ്ടിയിട്ടുള്ള ഒത്ത ഉയരവും വെളുത്ത ശരീരവും ഉള്ള നാട്ടുകാർ സ്നേഹത്തോടെ കൊച്ചുകൃഷ്ണൻ കൊച്ചാട്ടൻ എന്ന് വിളിക്കുന്ന കൊച്ചു കൃഷ്ണ പിള്ളയെയാണ്.. വിഷം കഴിച്ചു മരിച്ചതാണത്രേ..


എന്റെ ശരീരം ഭയം കൊണ്ടു വിറക്കുന്നതും തളരുന്നതും ഞാൻ അറിഞ്ഞു.. എങ്ങനെയോ ഞാൻ തെന്നി തെറിച്ചു വീടിനുള്ളിലേക്ക് കടന്നതും പുറത്തു ഇരുട്ടു മൂടാൻ തുടങ്ങി.. തൊട്ടു പിന്നാലെ ആർത്തലച്ചു മഴയും..


ഓല ചെറ്റ കൊണ്ടു പാതി ചാരിയ അടുക്കള വാതിലിന്റെ വിടവിൽ കൂടി ഇരുണ്ടു മൂടിയ ആകാശം പ്രളയം കൊണ്ടു ഭൂമിയെ വിഴുങ്ങാൻ ചീറി അടുക്കുന്നത് അമ്മയോട് ചേർന്നിരുന്നു കൊണ്ടു, ആഞ്ഞു മിടിക്കുന്ന ഹൃദയത്തോടെ, ഞാൻ കണ്ടു..പനമ്പായിൽ കിടന്നു മഴ നനയുന്ന കൊച്ചു കൃഷ്ണ പിള്ളയെ ഞാൻ ഓർത്തു..അന്നാദ്യമായി മരണം എന്നിൽ ഒരിക്കലും മരിക്കാത്ത ഭയത്തിന്റെ ചൂട്ട് തെളിക്കുകയായിരുന്നു.. എന്നെ ജീവനോടെ ചിതയിൽ വെക്കുന്ന ഭയം..


വീട്ടിൽ നിന്നു എല്ലാവരും അവരുടെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങിയെങ്കിലും അമ്മയെ ഞാൻ പോകുവാൻ സമ്മതിച്ചില്ല.. മണ്ണിൽ കുഴിയെടുത്തു മൂടിയ കൊച്ചു കൃഷ്ണപിള്ള അന്നു മുതൽ എത്രയോ ദിവസങ്ങളിൽ എന്റെ മനസ്സിൽ മൂടപ്പെടാതെ കിടന്നു..

ഇടയ്ക്കു പനമ്പായ പൊളിച്ചു പുറത്തേക്കു തല ഇടുന്ന, അതിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുന്ന, കൈ കാലുകൾ നിവർത്തുന്ന, എന്നെ കൈ കാട്ടി വിളിക്കുന്ന അയാൾ എത്രയോ രാത്രികളിൽ എന്നിൽ നിന്നും ഉറക്കത്തെ അകറ്റി നിർത്തി.. ചെറിയ അനക്കങ്ങളിൽ പോലും ഞാൻ ഞെട്ടുകയും വിറക്കുകയും ചെയ്തു..


എന്റെ ഭയം മനസ്സിലാക്കിയ അമ്മ ഒരു ദിവസം അച്ഛനാട് പറഞ്ഞു.


 "അവനു ഒരു നുള്ളു ഭസ്മം ഓതി ഇടണം.. ചെറുക്കന് നന്നായി പേടി തട്ടിയിട്ടുണ്ട്..


അന്ന് വൈകുന്നേരം അച്ഛൻ ഒരു കിണ്ടിയിൽ വെള്ളം നിറച്ചു ഒരു പേപ്പറിൽ കുറച്ചു ഭസ്മമം എടുത്തു വെച്ചു പദ്മസനസ്ഥനായി എന്റെ ഭയം അകറ്റാൻ ഏതൊക്കെയോ മന്ത്രങ്ങൾ ജപിച്ചു ഭസ്മമം ഓതി ഇട്ടു..

പതിയെ പതിയെ കൊച്ചു കൃഷ്ണ പിള്ളയെ മറവി അതിന്റെ പനമ്പായയിൽ ചുരുട്ടി എന്റെ മനസ്സിൽ കുഴിയെടുത്തു മൂടി..


പിന്നെ നാട്ടിൽ, അയല്പക്കങ്ങളിൽ ഒക്കെ മരണങ്ങൾ പല വേഷങ്ങളിൽ കടന്നു വന്നു..


പ്രായം ചെന്നുള്ള സാധാരണ മരണങ്ങൾ നിശബ്ദമായ ചെറു കാറ്റുകൾ പോലെ അധികം ആരെയും നൊമ്പരപ്പെടുത്താതെ കടന്നു പോയി.. അത്തരം മരണ ദിവസങ്ങളിൽ പുലരി വെയിൽ നിറം മങ്ങിയും മരങ്ങൾ ശിഖരങ്ങൾ ഇളക്കാതെ നിന്നും ശോകം പ്രകടിപ്പിച്ചു.. പറന്നു പോയ ജീവിതം ഇതിനും മുന്നേക്ക് പോകാതിരുന്നതിൽ ആയിരുന്നു ഏറെപ്പേർക്കും സങ്കടം.. സുഹൃത്തുക്കളുടെ വീടുകളിൽ മരണം കടന്നു ചെന്നപ്പോൾ മാത്രം ആ വീടുകൾക്കു ഏറെ അകലെ നിന്നു ഞാൻ മരണത്തിന്റെ വിരുന്ന് നോക്കി കണ്ടു..


അത്യാഹിതങ്ങളായും ആത്മഹത്യകളായും കടന്നു വന്ന മരണം എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്.. ചുറ്റു വട്ടത്തുള്ള എല്ലാ മൂലകളിലും എവിടെയൊക്കെയോ മരണം ഒളിച്ചിരിക്കുന്നുണ്ട് എന്ന് ഞാൻ ഭയന്നു .


അച്ഛൻ പിന്നോട്ടെടുത്ത ലോറിയുടെ അടിയിൽ പെട്ടു മരിച്ച മൂന്നാം ക്‌ളാസുകാരൻ കിച്ചന്റെ മരണം നാടിനെ മുഴുവൻ സങ്കടത്തിന്റെ വീർപ്പു മുട്ടലിൽ ഞെരുക്കുന്നത് ഞാൻ ഭയത്തോടെ നോക്കി നിന്നു.. അവനെ മറവു ചെയ്ത മൺ കൂനയുടെ പച്ചപ്പിൽ പുല്ല് മൂടും വരെ മാസങ്ങളോളം ഞാൻ ആ വീടിന്റെ പരിസരങ്ങളിലേക്ക് പോയില്ല.. മകനെ നഷ്ടപ്പെട്ട വേദനയും അതിനു കാരണക്കാരൻ ആയതിലെ കുറ്റബോധവും താങ്ങാൻ ആവാതെ അധികം കിച്ചന്റെ അച്ഛനും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.. ഹൃദയത്തിന്റെ അറകളെ നിറച്ചിരുന്ന സ്നേഹത്തിന്റെ രണ്ടിടങ്ങൾ കൊടും വേദനയിൽ നിറഞ്ഞതോടെ കിച്ചന്റെ അമ്മയുടെ മനോനില തെറ്റി..


പിന്നെയും വിഷം കഴിച്ചും തൂങ്ങി മരിച്ചും, പുഴയിൽ മുങ്ങിയും,വാഹനങ്ങൾ അപകടത്തിൽ പെട്ടുമൊക്കെ മരണം എന്റെ പരിസരങ്ങളിൽ ഇടയ്ക്കിടെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു..


ചുറ്റിനും പെയ്തിറങ്ങുന്ന മരണങ്ങളിൽ ഞാൻ ഭയന്നു പനിച്ചു.

====