About Me
Friday, 11 November 2022
എന്റേത് പ്രണയമായിരുന്നെങ്കിൽ
Thursday, 27 October 2022
എന്റെ പ്രണയമേ..
Sunday, 4 September 2022
പേരില്ലാത്ത കഥ -4
Friday, 8 July 2022
പേരില്ലാത്ത കഥ -3
അമ്മൂസേ, എന്റെ കവിളിൽ ഉള്ള കറുത്ത മറുകിനെ നിനക്ക് എത്ര ഇഷ്ടമായിരുന്നു.. നിന്റെ മറുകെന്നു നീ വിളിച്ചിരുന്ന, നീ ഉമ്മ വെച്ചിരുന്ന അല്പം തിണർത്തു നിൽക്കുന്ന ഒരു കറ പോലെ ഉള്ള ആ ചെറിയ മറുക്.. കുഞ്ഞുങ്ങൾക്ക് കണ്ണു കിട്ടാതിരിക്കാൻ അമ്മമാർ തൊടുവിക്കുന്ന കരി മഷി പോലെ..
ചെറുപ്പം മുതൽ എനിക്കെന്തോ അത് അപകർഷതാ ബോധമുണ്ടാക്കാനുള്ള മറ്റൊരു കാരണമായിരുന്നു.. പക്ഷെ ആ മറുകിനു നീ ഒരു ആരാധിക ആയപ്പോൾ അത് എനിക്ക് സൗഭാഗ്യമാണെന്ന് മാറി ചിന്തിക്കാൻ ഞാൻ തുടങ്ങി..അല്ലെങ്കിലും ഞാൻ എന്നെ സ്നേഹിക്കാൻ തുടങ്ങിയതും എന്നിൽ വിശ്വസിക്കാൻ തുടങ്ങിയതും നിന്റെ പ്രണയം എന്നിൽ പെയ്തിറങ്ങിയപ്പോൾ അല്ലെ.. അത് വരെ ഞാൻ എന്തായിരുന്നു എനിക്ക്.. ഒരു പഴജന്മം...
പിന്നെ വർഷങ്ങൾക്കിപ്പുറം നീ നിന്നിൽ പുരണ്ട ഒരു കട്ടിയുള്ള കറ ഉരച്ചു കഴുകി കളയും പോലെ, അല്പം പോലും ദയയോ കനിവോ കാണിക്കാതെ എന്നെ നിന്നിൽ നിന്നും ഉരച്ചു പറിച്ചു കളഞ്ഞു..പല ശല്കങ്ങളായി ഞാൻ തകർന്നു മുറിഞ്ഞു നിന്നിൽ നിന്ന് ഒഴുകി മാറി..
ഒരിക്കൽ നീ നിന്റേതു മാത്രമെന്ന് പറഞ്ഞു പ്രണയത്തോടെ ചുംബിച്ച എന്റെ കവിളിലേ ആ കറുത്ത കറയെ നീ ഇന്നു ഓർമ്മിക്കുന്നുണ്ടാകുമോ..
പക്ഷെ ഞാൻ നിന്നെ എന്റെ ഓർമകളിലേക്ക് തള്ളി വിട്ടിട്ടില്ല.. മറവിയിൽ നിന്നു ഇടയ്ക്കിടെ വീണ്ടെടുക്കുന്ന ഓർമ്മകൾ അല്ല നീ എനിക്ക്.. എന്നിൽ നിരന്തരം സ്പന്ദിച്ചു കൊണ്ടിരിക്കുന്ന ജീവന്റെ തുടിപ്പായ, എന്നിലൂറുന്ന ഊർജത്തിന്റെ ന്യുക്ലിയസ്സായ നീ എങ്ങനെ എനിക്ക് വെറും ഓർമയാകും..
==========================
ചുവന്ന ബ്ലൗസ്സിനുള്ളിലെ ഇടിഞ്ഞു താണ കറുത്ത ചെറുമുലകൾക്കിടയിലൂടെ വിയർപ്പ് ചാലിടാൻ തുടങ്ങിയിരുന്നു..
തോല് പൊള്ളിച്ചു കത്തിക്കാളുന്ന ഉച്ച വെയിലിനെ ഉച്ചത്തിൽ ശപിച്ചു കൊണ്ടു കുട്ടി നടന്നു..
തലയിൽ ചുരുട്ടി കൂട്ടി വെച്ചിരുന്ന മുഷിഞ്ഞു നാറിയ തോർത്തിന്റെ മുകളിൽ രണ്ടു ചെറിയ ചരുവങ്ങളും ഒരു ചെറിയ കലവും ഒന്നിനു മേൽ ഒന്നായി അടുക്കി വെച്ചിരുന്നു.. ഒരു കൈ അതിൽ താങ്ങു കൊടുത്തു മറു കയ്യും പതിയെ വീശി കുട്ടി അമ്പലത്തിന്റെ വഴിയിലെ ഇറക്കം ഇറങ്ങി ഇരു വശവും വയലുകൾ നിരന്നു കിടക്കുന്ന, ഒരു നിഴലിൻറെ തണലു പോലുമില്ലാത്ത റോഡിൽ കൂടി നടന്നു..
ചറു പറെ പിറു പിറുത്തു കൊണ്ടാണ് നടപ്പ്.. ആരോടൊക്കെയോ ഉള്ള പരാതിയും ദേഷ്യവും എല്ലാം സ്വയം പറഞ്ഞു തീർക്കുന്ന കുറത്തി കുട്ടി..
അമ്പലത്തിൽ കല്യാണങ്ങൾ ഉള്ള ദിവസങ്ങളിലൊ, മറ്റു വിശേഷ ദിവസങ്ങളിൽ സദ്യ ഉള്ളപ്പോഴോ കുട്ടി ഇങ്ങനെ പാത്രങ്ങളും ചുമന്നു പോകുന്നതു പതിവു കാഴ്ചയാണ്.. അത്തരം വിശേഷങ്ങൾക്കു പാത്രം കഴുകി കൊടുത്തും ഊട്ടുപുര തൂത്തു വൃത്തിയാക്കി കൊടുത്തും സഹായിക്കേണ്ട ഉത്തരവാദിത്വം കുട്ടിയുടേതാണ്.. സദ്യയുടെ ഒടുവിൽ മിച്ചം വരുന്നതിന്റെ ഒരു പങ്കു കുട്ടി പത്രങ്ങളിൽ ആക്കി വീട്ടിലേക്കു കൊണ്ടു പോകും..
എൻറെ വീടിനു പടിഞ്ഞാറു വശതുള്ള ആളൊഴിഞ്ഞ വല്യ പറമ്പിൽ കാടു മൂടിയ പൊട്ടാക്കിണറിനോട് ചേർന്നാണ് കുട്ടിയുടെ ഒലക്കുടിൽ.. അവിടെ കുട്ടി ഒറ്റക്കാണ് താമസം.. കല്യാണം കഴിക്കാത്ത മക്കളില്ലാത്ത കുട്ടിക്ക് പക്ഷെ വീടിനുള്ളിൽ മാത്രം ആണ് ഒറ്റപ്പെടൽ..
കുട്ടിയുടെ കുറെ ബന്ധുക്കൾ ആ നാട്ടിൽ തന്നെ ഉണ്ട്.. ഒരു പത്തിരുപത് കുടിലുകൾ എങ്കിലും ഉണ്ടാകും.. ഒരു വല്യ മലയുടെ ഇറക്കത്തിൽ ആണ് ആ കുടിലുകൾ എല്ലാം... മലയുടെ ഒത്ത നെറുകിൽ കറുത്തിരുണ്ട കൂറ്റൻ മദയാനകളെ പോലെ ഭീമകരന്മാരായ രണ്ടു പാറകല്ലുകൾ ഉണ്ട്.. അതിനു കീഴേക്ക് ഞാറ ചെടികളും കൊട്ട ചെടികളും തൂർന്നു നില്കുന്നു..പഴുത്ത ചെറു ഞാറപ്പഴങ്ങൾ ഞാവൽ പഴങ്ങളുടെ കുഞ്ഞുങ്ങൾ പോലെ ആണ്.. വായിലിട്ടാൽ നല്ല മധുരം, അതേ പോലെ നാവിൽ പരക്കുന്ന നീല നിറവും.. കോട്ടക്കകൾ പഴുത്താൽ കറുത്ത നിറം ആകും.. അത് വായിലിട്ട് ചവക്കുന്തോറും അതിന്റെ നാരു നാവിൽ കിടന്നു ഉരുണ്ടു കളിക്കും..ഞങ്ങളുടെ മാത്രം ഉടുമ്പ് മല..
പകലോനെ വെല്ലു വിളിച്ചു കൊണ്ടു കുട്ടി പിറു പിർത്തു നടന്നു..
പൊലയാടി മോനെ, എന്നെ പൊള്ളിച്ചു കൊല്ലാൻ നീ നോക്കേണ്ട.. കുട്ടി അങ്ങനെയിങ്ങനെയൊന്നും കരിഞ്ഞു പോകുന്നോള് അല്ല.. എന്റെ സാർ കുഞ്ഞു മാത്രമേ എന്നെ തോൽപ്പിച്ചിട്ടുള്ളു.. അവിടെയെ ഞാൻ തോക്കു..
വയലുകൾ അവസാനിക്കാറായിടത്തു തോടു അതിരു വര ഇട്ടു ഒഴുകുന്നുണ്ടായിരുന്നു.. തോടിന്റെ ബണ്ടിനോട് ചേർന്ന് വാസുദേവൻ പിള്ളയുടെ മാടക്കട.. കുട്ടി മാടക്കടയുടെ മുന്നിൽ നിന്നു..
പാത്രങ്ങൽ എല്ലാം പതിയെ മാടത്തിന്റെ തടിപ്പാലകയിൽ ഇറക്കി വെച്ചു..
എന്തോന്നാടി കുട്ടി.. ഇന്നും നിനക്ക് കോളാണല്ലോ..
വാസുദേവൻ പിള്ളയുടെ കളിയാക്കി ചോദ്യത്തിന് മറുത്തൊന്നും കുട്ടി പറഞ്ഞില്ല..
പിള്ള കുഞ്ഞു ഒരു പാക്കറ്റ് ബീഡി ഇങ്ങേടുത്തെ.. മുടിഞ്ഞ വെയില് ഒരു കാലത്തും കൊണം പിടിക്കില്ല..
കുട്ടി പ്രാകി കൊണ്ടു പറഞ്ഞു..
വാസുദേവൻ പിള്ള ഒരു പാക്കറ്റ് ബീഡി എടുത്തു കുട്ടിക്ക് കൊടുത്തു.. അതിൽ നിന്നും ഒരെണ്ണം എടുത്തു കഴുക്കോലിൽ കെട്ടി തൂക്കിയ ചരടിലെ കനലിൽ നിന്ന് കുട്ടി ബീഡി കത്തിച്ചു വലിച്ചു തുടങ്ങി..
പുക വാസുദേവൻ പിള്ളയുടെ മുഖത്തേക്ക് ഊതി വിട്ടു..
എടീ, കുറത്തി കാളി നിന്റെ അടിനാവി ഞാൻ ചവുട്ടി കലക്കും തോന്ന്യസം കാണിച്ചാൽ.. വാസുദേവൻ കോപിച്ചു..
എടൊ തൊലിയൻ പിള്ളേ, താൻ അടിനാവിക്കു ചവുട്ടി കൊന്ന തന്റെ കെട്യോൾ എക്‌ഷുമി അല്ല ഇതു.. കുട്ടിയാണ്..എന്റെ കൈലി മുണ്ടിന്റെ മടിക്കുത്തിൽ നല്ല വയ്തല ഉള്ള കൊയ്ത്തരിവാള് ഉണ്ട്.. തന്റെ പിടുങ്ങാമണി ഞാൻ കണ്ടിച്ചു പട്ടിക്കേറിഞ്ഞു കൊടുക്കും..
എടുത്തോണ്ട് പോടീ നിന്റെ പാത്രോം കലോം.. ഇല്ലെങ്കിൽ ഞാൻ എല്ലാം കൂടെ എടുത്തു തോട്ടിൽ ഏറിയും.. കുട്ടിയുടെ മുന്നിൽ തോറ്റ വാസുദേവൻ മാനം പോയ പോലെ നിന്നു വിറച്ചു..
കുട്ടി രണ്ടു പുക കൂടി എടുത്തു ബീഡി കളഞ്ഞു..വീണ്ടും ചരുവവും കലവും തലയിൽ വെച്ചു.. പതിയെ വീണ്ടും വെയിലിന്റെ കാളിമയിലേക്ക് ഇറങ്ങി നടന്നു.
വിളിക്കിറങ്ങാൻ കക്കൂസ്സില്ലാതിരുന്നത് കൊണ്ട് പടിഞ്ഞാറെ അയ്യത്തെ കല്ല് വെട്ട് കുഴിയാണ് കക്കൂസ്...രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങാൻ എനിക്ക് ഭയമാണ് കുട്ടിക്കാലത്തു.. മിക്ക രാത്രികളിലും എനിക്ക് വിളിക്കിറങ്ങാൻ മുട്ടും.. ചീവിടുകൾ ചിലക്കുന്ന രാത്രിയുടെ കൂരിരുട്ടിൽ ചെറിയ ഒരു മണ്ണെണ്ണ വിളക്കുമായി ഞാൻ ഇറങ്ങും..
മൂര്ഖനും ചേനതണ്ടൻ അണലിയുമൊക്കെ രാത്രി സഞ്ചാരത്തിനിറങ്ങുന്ന ആ സമയത്തു പാടപാടാ മിടിക്കുന്ന നെഞ്ചുമായി കല്ല് വെട്ടു കുഴിയിൽ ചെന്നു ചുറ്റും കണ്ണോടിച്ചു ഇരിക്കും..ആ സമയത്തു പടിഞ്ഞാറെ പൊട്ടൻ കിണറ്റോട് ചേർന്ന ഒലക്കുടിലിൽ നിന്നു കുട്ടിയുടെ പരാതി പറച്ചിലും അതിനിടയിൽ ഉള്ള ചീത്ത പറച്ചിലും പിന്നെ വളരെ വിരളമായി കേൾക്കുന്ന ഏങ്ങി കരച്ചിലുകളും ആയിരുന്നു എന്റെ ധൈര്യം..
കുട്ടി ആരോടാണ് ഈ സംസാരിക്കുന്നതെന്ന് ആദ്യ കാലങ്ങളിൽ ആകാംഷ തോന്നുമായിരുന്നു.. അമ്മയാണ് ഒരിക്കൽ കുട്ടിയുടെ പിറു പിറപ്പുകളുടെ കഥ പറഞ്ഞത്..
കുട്ടി വളരെ ചെറുപ്പമായിരുന്ന കാലത്തു, കറുത്ത മുലകൾ തുടുത്തു തുടിച്ചുയർന്നു നിന്നിരുന്ന കാലത്തെ കഥ.. അന്നു കുട്ടി മിനുസമുള്ള എണ്ണ കറുപ്പുള്ള തൊലിയുള്ള, ചുരുണ്ടിരുണ്ട തഴച്ച മുടിയുള്ള ആര് കണ്ടാലും കാമിച്ചു പോകുന്ന ഒരു സുന്ദരി ആയിരുന്നത്രേ.. കൊയ്ത്തരിവാലിന്റെ വായ്തല പോലെ മൂർച്ച ഉള്ള പെണ്ണ്.. നെല്ല് കൊയ്യാൻ പോകുന്നിടത്തു, ചേറിൽ പുതഞ്ഞു വളഞ്ഞു നിന്നു പാട്ടും പാടി കുട്ടി കൊയ്യുന്നത് കാണാൻ ചെറുപ്പക്കാർ വരമ്പിൽ വായി നോക്കിയിരുന്ന നാളുകൾ.. എന്നാൽ കുട്ടിയോട് അടുക്കാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല.. മേലാളന്മാരുടെ മുന്നിൽ മുട്ട് കൂട്ടിയിടിക്കുന്ന ചെറുമിപുരുഷന്മാര്ക്ക് ഇടയിൽ കുട്ടി തല ഉയർത്തി, കണ്ണിനു കണ്ണും പല്ലിനു പല്ലും പോന്ന ചങ്കൂറ്റമുള്ള, അന്തസ്സുള്ള പെണ്ണായി തല ഉയർത്തി നിന്നു..
അന്തിക്കു അവളുടെ കുടിലിന്റെ ചെറ്റ പൊക്കാൻ സ്ഥലത്തെ മാടമ്പി തമ്പ്രാകൾക്കു ഭയമായിരുന്നു.. അവളുടെ തലക്കൽ പാമ്പ് പോലെ വലഞ്ഞിരിക്കുന്ന കൊയ്ത്തരിവാള് തങ്ങളുടെ തല പറിക്കുമോന്നു അവർ ഭയന്നു..
അങ്ങനെ കുട്ടി നാട്ടിലെ കാട്ടു ചെമ്പകം പോലെ വിടർന്നു നിന്ന കാലത്താണ് കുഞ്ഞനിയൻ ഉണ്ണിത്താൻ നാട്ടിലെ ബന്ധു വീട്ടിൽ എത്തുന്നത്.. ഒത്ത ഉയരവും ശരീരവും തീഷ്ണമായ കണ്ണുകളും ഉള്ള ആര് കണ്ടാലും നോക്കി പോകുന്ന വ്യക്തി പ്രഭാവം ഉള്ള ആൾ.. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനവും പിന്നെ നാടകഅഭിനയവും ഒക്കെ ആയി നടക്കുന്ന തീഷ്ണ യൗവനം.. നാടൻ പാട്ടുകൾ വളരെ നന്നായി പാടുമായിരുന്നു ഉണ്ണിത്താൻ.. നാട്ടിലെ മാടമ്പിമാരെ പോലെ പണി എടുപ്പിക്കുന്ന ആൾ ആയിരുന്നില്ല അയാൾ.. ഒപ്പം നിന്നു പണി എടുക്കുന്ന ആൾ ആയിരുന്നു..
ബന്ധു വീട്ടിലെ നിലത്തു ഞാറു നടലിന്റെ അന്നാണ് കുട്ടിയും ഉണ്ണിത്താനും കണ്ടു മുട്ടുന്നത്.. കുട്ടിയുടെ എണ്ണ പുരണ്ട കറുത്ത മനോഹരിതയിൽ ഉണ്ണിത്താന്റെ വ്യക്തി പ്രഭാവം കാർമേഘം പരന്ന ആകാശം ആയതു പോലെ ആയി.. ഞാറു നടൽ നാടൻ പാട്ടും കണ്ണു കൊണ്ടുള്ള യുദ്ധങ്ങളും ആയി കടന്നു പോയി..
പിന്നെ കുട്ടി പോകുന്ന വയലുകളിൽ എല്ലാം ഉണ്ണിത്താൻറെ നാടൻ പാട്ടും ഉണ്ടായിരുന്നു.. ഉണ്ണിത്താൻ തന്റെ പിന്നാലെയാണെന്നു കുട്ടിക്ക് മനസ്സിലായി.. ഒരു ദിവസം കുട്ടി ചോദിച്ചു,
കുഞ്ഞൻ സാർ എന്തിനാണ് ഇങ്ങനെ വെയിലു കൊള്ളണത്..?
കുട്ടി.. നിന്റെ തലയ്ക്കു മുകളിൽ പെയ്യുന്ന വെയില് എന്റെ മേൽ ചായുമ്പോൾ അതിനൊരു കുളിരുണ്ട്.. കുളിരുള്ള ആ വെയില് കൊള്ളനാണ് ഞാൻ വരുന്നത്..
അത് കൊള്ളാല്ലോ സാറേ.. അത്ര കുളിരുള്ള വെയില് ആണെങ്കിൽ പനിച്ചു പോകില്ലേ..?
ആ പനിചൂടിന് വേണ്ടി ആണെടി പെണ്ണേ ഞാൻ ഈ വെയിലിന്റെ കുളിരും തേടി വരുന്നത്..
കുട്ടി പിന്നെ ഒന്നും മിണ്ടിയില്ല..
പിന്നെയും ദിവസങ്ങളോളം ഇതു തുടർന്നു..
ഞാറുകൾ വളർന്നു.. നെല്ലുകളിൽ കതിരുകൾ വിടർന്നു.. ഉണ്ണിത്താന്റെ മനസ്സിലും പ്രണയത്തിന്റെ കതിരുകൾ വിടർന്നു നിന്നു..
വിളഞ്ഞ നെല്ലുകൾ കൊയ്ത് കൂട്ടിക്കൊണ്ട് കുട്ടിയും കൂട്ടരും കറ്റകൾ കൊണ്ടു കളീതറകൾ നിറച്ചു..
മുളം കഴകൾ കുറുകെ പൊക്കി കെട്ടി വെച്ചു അതിൽ കയ് പിടിച്ചു നിന്നു കൊണ്ടു അവർ താളത്തിൽ കാറ്റകൾ മേതിച്ചു.. അപ്പോഴേക്കും നാട്ടുകാർക്കു സുപരിചിതൻ ആയി കഴിഞ്ഞിരുന്ന കുഞ്ഞനിയൻ കുട്ടി മെതിക്കാൻ പോകുന്ന മിക്ക വീടുകളിലും അതിഥി ആയി ചെന്നു.. കുട്ടിയെ കാണാൻ വേണ്ടി മാത്രം..
കുട്ടിക്ക് അത് അറിയാമായിരുന്നു..
ഒരു ദിവസം കുട്ടി ഉണ്ണിത്താനോട് പറഞ്ഞു.. കുഞ്ഞൻ സാറു ഇന്നു രാത്രി എന്റെ കുടിലിൽ വരണം.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..
ഉണ്ണിത്താൻ അവിശ്വസനീയതയോടെ കുട്ടിയെ നോക്കി..
കൊയ്ത്തരിവാലിന്റെ വയ്തല നോക്കാൻ ആണോ പെണ്ണേ..?
അത്ര ഭയമുള്ളവൻ ആണോ സാറു..? ചിലപ്പോൾ വയ്തല നോക്കാൻ ആവും..വന്നു നോക്കു.. അപ്പൊ മനസ്സിലാവും..
കുട്ടി അല്പം പരിഹാസം കലർത്തി പറഞ്ഞു..എന്നിട്ട് വീണ്ടും കറ്റ മേതിയിലേക്ക് തിരിഞ്ഞു..
അന്നു രാത്രി ഉണ്ണിത്താൻ കുട്ടിയുടെ വീട്ടിൽ ചെന്നു.. പക്ഷെ ഉണ്ണിത്താൻ അങ്ങനെ ചെല്ലുമെന്ന്കു ട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..
എല്ലാവരും ഉറങ്ങിയിരുന്ന സമയത്താണ് കുഞ്ഞനിയൻ ചെന്ന് കുട്ടിയുടെ ചെറ്റ വാതിലിൽ മുട്ടി വിളിക്കുന്നത്..
കുട്ടീ.. കുട്ടീ.. പതിഞ്ഞ ശബ്ദത്തിൽ ഉണ്ണിത്താൻ വിളിച്ചു..
ഞെട്ടലോടെ ഉറക്കത്തിൽ നിന്നുണർന്ന കുട്ടിയുടെ കൈകൾ കൊയ്ത്തരിവാൾ തിരഞ്ഞു..
Monday, 27 June 2022
പേരില്ലാത്ത കഥ -2
അമ്മൂസേ, നിന്റെ ഒരു നോട്ടം കൊണ്ടു ജീവന്റെ ചൈതന്യം അതിന്റെ ഏറ്റവും പാരമ്യത്തിൽ എത്തുന്ന ഒരു ജീവിയാണ് ഞാൻ.. നീ എന്നെ പ്രണയിക്കുന്നത് എന്റെ ഈ ജന്മത്തിന്റെ ഏറ്റവും മഹത്തായ സൗഭാഗ്യവും അതേ പോലെ എനിക്ക് ആർജിക്കാവുന്ന ഏറ്റവും വല്യ അഭിമാനവും ആയിരുന്നു.. നീ എനിക്ക് എന്താണെന്നു എങ്ങനെയാണ് ഞാൻ വർണ്ണിക്കുക..
നിന്റെ ശബ്ദം കേൾക്കുന്ന മാത്രയിൽ ഉയിരിൽ തുയിൽ ഉണരും എനിക്ക്.. നിന്റെ ദർശന മാത്രയിൽ എന്റെ ഹൃദയം സന്തോഷം കൊണ്ടും വർണിക്കാൻ ആവാത്ത ആയിരം വികാരങ്ങൾ കൊണ്ടും വീർപ്പു മുട്ടും.. നിന്റെ ഒരു സ്പർശം കൊണ്ടു ഞാൻ എന്റെ ജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ സാഫല്യവും സായൂജ്യവും നേടും.. നീ എനിക്കെന്തായിരുന്നു എന്ന് എങ്ങനെയാണു ഞാൻ വിവരിക്കുക..
നിൻറെ ഒരു ഫോൺ വിളിക്കു വേണ്ടി, നിന്റെ ഒരു ദർശനത്തിന് വേണ്ടി, നിന്റെ സ്പർശത്തിന്റെ സയൂജ്യത്തിന് വേണ്ടി ഞാൻ കാത്തിരുന്നത് എത്ര എത്രയാണ്.. നിന്റെ ഫോട്ടോകളിൽ മാറി മാറി നോക്കി എത്രയോ സമയങ്ങൾ ഞാൻ മനസ്സു വിങ്ങി നെടുവീർപ്പിട്ടിരുന്നു.. നിന്റെ മിഴിയാകാശത്തിന്റെ കരിമേഘ സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് ഞാൻ എത്ര എത്ര നേരം നോക്കിയിരിക്കുന്നു ഇപ്പോഴും..
നീ എനിക്ക് നിഷേധിച്ച എന്റെ ഈ ജന്മത്തിന്റെ ചെയ്തന്യങ്ങൾ ആണ് ഇവ എല്ലാം ഇന്നു.. എല്ലാം എനിക്കു നീ നിഷേധിച്ചു.. Whatsap ഇൽ ഇന്നു നീ എനിക്കായി ഇല്ല.. ഫേസ്ബുക്കിൽ നിന്റെ ആക്റ്റീവ് സ്റ്റാറ്റസ് നീ മറച്ചു വെച്ചു.. ടെലെഗ്രാമിൽ നീ ഓൺലൈൻ വരുമ്പോൾ കാണുന്ന ആ പച്ച വെളിച്ചത്തിനു വേണ്ടി ഞാൻ എത്രയായ മണിക്കൂറുകൾ അതിൽ നിന്റെ ഒരു നോട്ടത്തിനായി കണ്ണും മിഴിച്ചു രാവും പകലും കാത്തിരുന്നു.. ആ പച്ചവെളിച്ചം കൊണ്ടു ഞാൻ നേടിയത് എന്റെ ജീവശ്വാസം ആയിരുന്നു.. ഒടുവിൽ നീ അതും എനിക്കു നിഷേധിച്ചു..
എത്രയോ കാലമായി നീ എനിക്കായി ഒരു നോട്ടത്തിന്റെ ഭിക്ഷ നൽകിയിട്ടു.. എങ്കിലും ഇന്നും ഞാൻ ഉണരുന്നതും ഉറങ്ങുന്നതും, ആഹാരം കഴിക്കുന്നതും നിന്റെ മുഖം നോക്കിയിട്ടാണ്.. നിന്റെ കണ്ണിണകളുടെ ആഴം തേടിയിട്ടാണ്.. നിന്നെ കാണാത്ത, നിന്നോട് മനസ്സു കൊണ്ടു സംസാരിക്കാതെ ഒരു നിമിഷം പോലും എന്നിൽ ഇല്ല .. എന്റെ ചിന്തകളുടെ ഓരോ നിമിഷവും ഇന്നും നീ എന്ന ന്യൂക്ലീയസ് നു ചുറ്റും കറങ്ങി കൊണ്ടാണ്.. നീ വെറുപ്പിന്റെ കരിമ്പടം മൂടിയിട്ടിട്ടു പോയ ഈ വിഷുവിനു പോലും എന്റെ വിഷുക്കണി നീ ആയിരുന്നു..ഇന്നും ടെലെഗ്രാമിൽ എത്രയോ തവണ ഞാൻ പ്രതീക്ഷയോടെ ഒരു നേട്ടത്തിന് വേണ്ടി കാത്തിരിക്കുന്നു.. ഓരോ പകലിലേക്കും ഞാൻ ഉണരുന്നത് നിന്റെ ഒരു നോട്ടം ഇന്നെങ്കിലും എനിക്കായി ഉണ്ടാകും എന്ന പ്രതീക്ഷയുടെ ആണ്.. ഓരോ രാവിലും ഞാൻ കണ്ണടക്കുന്നതു നാളെ എങ്കിലും നീ എന്നെ ഒന്നു നോക്കണേ എന്ന പ്രാർത്ഥനയോടെ ആണ്.. പക്ഷെ നീയും ദൈവവും ഒരേ പോലെ എന്റെ പ്രതീക്ഷകളെയും പ്രാർഥനകളെയും നിരാർഥകമാക്കുന്നതിൽ മത്സരിക്കുകയാണ്..
പ്രണയം അത് ആവാച്യമായ അനുഭൂതിയാണ് അമ്മൂസേ... അതിനു ഹൃദയം കൊണ്ടു സ്നേഹിക്കണം.. ത്യാഗങ്ങൾ കൊണ്ടോ, പ്രകടിപ്പിക്കലുകൾ കൊണ്ടോ പ്രണയം അനശ്വരമായി കൊത്തി വെക്കപ്പെട്ടേക്കാം.. പക്ഷെ യഥാർത്ഥത്തിൽ പ്രണയം കൊത്തി വെക്കപ്പെടുന്നത് പ്രണയിക്കുന്നവന്റെ ഹൃദയത്തിൽ അവൻ പ്രണയിക്കുന്നവളോടുള്ള അവന്റെ വികാരങ്ങളുടെ, അവളോടുള്ള ആരാധനയുടെ, അവളോടുള്ള ബഹുമാനത്തിന്റെ, അവൾക്കു വേണ്ടിയുള്ള അവന്റെ ഹൃദയം തപിച്ചുള്ള ശ്വാസ നിശ്വാസങ്ങളുടെ തീവ്രതകളിൽ ആണ്.. ഒരു പക്ഷെ അവൾ പോലും മനസ്സിലാക്കാതെ, തിരിച്ചറിയാതെ പോകുന്ന അവൾക്കു വേണ്ടിയുള്ള അവന്റെ ആത്മാവിന്റെ നിലവിളിയാണ് പ്രണയം..ആ നിലവിളി എന്നിൽ നിന്നു ഹൃദയം ചിന്നഭിന്നമായി ഓരോ ശ്വാസത്തിലും ഉയരുന്നുണ്ട്..
===================
ഭാഗം -2
കിഴക്കെ കളരിയുടെ കാവിന്റെ ഒത്ത നടുവിൽ ആകാശം മുട്ടെ നിൽക്കുന്ന, പ്രപഞ്ചത്തിന്റെ നാല് ദിക്കുകളിലേക്കും ആയിരം കരങ്ങൾ നീട്ടി നിൽക്കുന്ന പടു കൂറ്റൻ ആഞ്ഞിലി മരത്തിൽ ആഞ്ഞിലി ചക്കകൾ പോലെ വവ്വാലുകൾ തൂങ്ങി കിടന്നു.. ഓരോ ശിഖരത്തിലും രാവിന്റെ പടയാളികൾ പകൽ വെളിച്ചത്തിന്റെ കണ്ണു വെട്ടിച്ചു ഉറങ്ങി കിടന്നു..
ചൂരൽ വള്ളികൾ പിണഞ്ഞു കിടക്കുന്ന കാവിൽ എപ്പോഴും ഇരുട്ടായിരുന്നു.. കാവിന്റെ നടുവിലേക്കു ചൂരലുകൾ വെട്ടി ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ പാകത്തിന് ഒരു പാത തെളിഞ്ഞു കിടന്നു.. നാഗ രാജാവിന്റെയും നാഗറാണിയുടെയും കരിങ്കൽ മൂർത്തികൾക്കു നൂറും പാലും കഴിക്കുവാൻ വേണ്ടി എല്ലാ മാസത്തിലും ആയില്യം നാളിൽ അവിടേക്കു കളരി ശാന്തിക്കും മറ്റുള്ളവർക്കും പോകാൻ വേണ്ടി തെളിച്ച പാതയാണ് അത്..
നഗ്നമായ പാദങ്ങൾ കൊണ്ടു ആ പച്ച മണ്ണിൽ കൂടി നടക്കുമ്പോൾ തല മുടിയിലേക്ക് വരെ കുളിർ പടർന്നു കയറി .. കറുത്ത മണ്ണിൽ പലയിടത്തും നാഗ ദേവതകൾ ഉറിഞ്ഞെറിഞ്ഞ പുടവ തുണ്ടുകൾ ചിതറി കിടക്കുന്നു.. വഴിയിറമ്പിൽ എവിടെയൊക്കെയോ അവരുടെ പവിഴക്കണ്ണുകൾ എന്നെ ഉറ്റു നോക്കുന്നുണ്ടാവുമെന്ന് ഓർത്തു എന്റെ ഉള്ളിൽ നിന്നും ഭയത്തിന്റെ തണുത്ത മിന്നലുകൾ ഓടി നടന്നു എന്റെ അസ്ഥി തുളക്കുന്നുണ്ടായിരുന്നു..
കൊരണ്ടി പഴം..
ചുവന്നു തുടുത്ത, മധുരം കിനിയുന്ന കൊരണ്ടി പഴം..
ആ കാവിന്റെ ഭയാനകമായ കറുപ്പിൽ, നാഗത്താന്മാരുടെ കൃപയിൽ , വവ്വാൽ പടയാളികളുടെ കാവലിൽ കൊരണ്ടി പഴങ്ങൾ എന്നെയും പ്രതീക്ഷിച്ചു നിൽക്കാറുണ്ട്.. എന്നിലെ എല്ലാ ഭയങ്ങളും കൊരണ്ടി പഴത്തിന്റെ മധുരത്തിന്റെ കൊതിയിൽ വായിൽ ഊറുന്ന തേനിൽ ഒലിച്ചു പോകും..
എല്ലാ ഞായറാഴ്ചകളിലും ഞാൻ ആരും കാണാതെ ആ കാവിന്റെ ഇരുളിലേക്ക്, നാഗതന്മാരുടെ അനുഗ്രഹാഷിസ്സുകളോടെ കടന്നു കയറി..
ആരാണ് എനിക്ക് ആദ്യമായി കൊരണ്ടി പഴത്തിന്റെ രുചി സമ്മാനിച്ചത്?
എനിക്ക് നല്ല ഓർമ്മയുണ്ട്.. അത് മണിച്ചേച്ചി ആയിരുന്നു.. ഓമനചായിയുടെ മകൾ മണിച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന മണി.. വേറെ എന്തെങ്കിലും പേര് അവർക്കുണ്ടോ എന്ന് എനിക്കറിയില്ല..
ഓമനച്ചെയിക്ക് ഒരേ ഒരു മകൾ മാത്രമേ ഉള്ളു.. അവരുടെ നാലു വശവും ഓല കെട്ടി മറച്ച, ഓല കൊണ്ടു വാതിൽ മറച്ച, ഓല കൊണ്ടു മേൽക്കൂര മെനഞ്ഞ ഒറ്റ മുറി വീട് കളരിക്കാവിന്റെ തെക്കു ഭാഗത്തു അല്പം മാറി ആയിരുന്നു..
വീട്ടിൽ അമ്മക്ക് എന്തെങ്കിലുമൊക്കെ സഹായത്തിനു ആവശ്യമുള്ളപ്പോൾ, പ്രത്യേകിച്ചും അച്ഛൻ കണ്ടത്തിൽ കൃഷി ചെയ്തു കിളച്ചു കൊണ്ടു വന്നു കൂമ്പാരം പോലെ ചായ്‌പിന്റെ മൂലക്ക് കൂട്ടിയിട്ടിരുന്ന ചെറു ചേമ്പിന്റെ മണ്ണ് കളഞ്ഞു വേര് പറിക്കാൻ, ഓമനചെയി ആണ് വരിക.. അങ്ങനെ ഉള്ള ആവശ്യങ്ങൾ ഇല്ലാത്തപ്പോഴും അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വന്നിരുന്നു..
ഓമനചെയ്യിക്കു ഒരു പ്രത്യേകത ഉണ്ട്.. അവരുടെ കൺപോളകൾ അനിയന്ത്രിതമായി അനസ്യൂതം വെട്ടി വെട്ടി അടയുകയും തുറക്കുകയും ചെയ്യും . എപ്പോഴും വെറ്റിലയും പാക്കും മുറുക്കുന്ന അവർക്കു പുകയില കൂട്ടി മുറുക്കാൻ എന്റെ അച്ഛമ്മയുടെ മുറുക്കാൻ ചെല്ലം ആയിരുന്നു ആശ്രയം..
അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വരുമ്പോൾ കൂടി മണി ചേച്ചിയും ഉണ്ടാകും.. എന്നേക്കാൾ ഒരു പാട് വയസ്സിനു മുതിർന്നവൾ ആയിരുന്നു മണി ചേച്ചി..അവരുടെ വീട്ടിലെ മുഴു ദാരിദ്ര്യത്തിൻറെ പട്ടിണിയിൽ നിന്നും എന്റെ വീട്ടിലെ അർദ്ധ ദാരിദ്ര്യത്തിന്റെ അര വയർ നിറവിലേക്കു അവർ പ്രതീക്ഷയോടെ വരും..
ഉണക്ക ചീനിയോ, ചക്ക വേവിച്ചതോ ആർക്കും വയറു നിറക്കാൻ തികയാത്ത ചോറിന്റെ വറ്റുകളും അവർക്കു കൂടി പങ്കിട്ടു കൊടുത്തു അമ്മ അവരുടെ പ്രതീക്ഷകൾ കാത്തു..
അങ്ങനെ ഒരിക്കൽ വീട്ടിൽ വന്ന ദിവസം ആണ് മണിച്ചേച്ചി എനിക്ക് കൊരണ്ടി പഴം സമ്മാനിച്ചത്.. എത്രയോ തവണ കെഞ്ചി കെഞ്ചി ചോദിച്ചിട്ടാണെന്നോ അത് എവിടുന്നാണ് അവർക്കു കിട്ടിയതെന്നു അവർ എന്നോട് പറഞ്ഞത്...അന്നു എനിക്ക് പ്രായം ആറോ എഴോ ഉണ്ടാകും..അച്ഛമ്മക്ക് മണിച്ചേച്ചിയെ ഒരുപാടു ഇഷ്ടമായിരുന്നു.. അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടി.. അമ്മക്കൊപ്പം അടച്ചുറപ്പില്ലാത്ത വീടിന്റെ ദാരിദ്ര്യത്തിൽ ആരോടും പരിഭവമില്ലാതെ ജീവിക്കുന്ന കുട്ടി..
മരിക്കും വരെ ഒരു മുടി പോലും നരക്കാത്ത എന്റെ അച്ഛമ്മ ചോര ഛർദിച്ചു മരിച്ചത് എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ആണ്.. ഏറെ പ്രായമായ അച്ഛമ്മ മരിക്കും മുന്നേ കുറെ ദിവസങ്ങൾ ആശുപത്രിയിൽ കിടന്നിരുന്നു.. അന്നു കുറെ കുപ്പി ചോര അമ്മൂമ്മയുടെ ദേഹത്തു കയറിയിരുന്നു.. ആ രക്തമെല്ലാം അച്ഛമ്മ മരിക്കും മുന്നേ ഛർദിച്ചു കളഞ്ഞു..
അവരുടെ രക്തം പുരണ്ട തുണികൾ അമ്മ കുഴിയെടുത്തു മൂടിയതിന്റെ പിറ്റേ ദിവസം അച്ഛമ്മ മരിച്ചു.. അച്ഛമ്മ മരിക്കുമ്പോൾ അച്ഛൻ മുക്കിനു എന്തോ സാധനം വാങ്ങാൻ പോയതായിരുന്നു.. അന്നു ഉച്ച വരെ അച്ഛമ്മക്ക് ഒപ്പം ഓരോ നിമിഷവും നോക്കി നോക്കി ഇരുന്ന അച്ഛന്റെ കണ്ണു വെട്ടിച്ചു അച്ഛമ്മ എന്നേക്കുമായി കണ്ണടച്ചു..
അച്ഛമ്മ മരിച്ച കാര്യം അറിയിക്കാൻ അമ്മ എന്നെ മുക്കിനെക്കു ഓടിച്ചു.. ഞാൻ വായ കൊണ്ടു വണ്ടി ഓടിച്ചു, കീക്കി അടിച്ചു, ഊർന്നു പോകുന്ന നിക്കർ ഇടയ്ക്കിടെ പിടിച്ചു കയറ്റി ഇട്ടു കൊണ്ടു ആകാവുന്ന അത്ര വേഗത്തിൽ ഓടി.. അമ്പലത്തിന്റെ മുന്നിലെ വഴിയുടെ ഇറക്കം ഇറങ്ങി വരുന്ന അച്ചനെ ഞാൻ ദൂരെ നിന്നെ കണ്ടു.. അച്ഛൻ അടുത്തത്തും മുന്നേ ഞാൻ അകലെ നിന്ന് വിളിച്ചു പറഞ്ഞു... അച്ഛാ, അച്ഛമ്മ മരിച്ചെന്നു അമ്മ പറഞ്ഞു..
എന്തായിരിക്കും അച്ഛന്റെ മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ടാവുക ആ നിമിഷത്തിൽ.. അടുത്ത കാലത്തു എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത ആണെങ്കിലും, ആ വാർത്ത കേൾക്കുന്ന നിമിഷം ആയിരം തവണ മനസ്സിൽ സങ്കല്പിച്ചു അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ടായിട്ടാണെങ്കിലും അച്ഛൻ ഒരു നിമിഷം പ്രതിമ പോലെ നിൽക്കുന്നതും, നെഞ്ചിൽ കൊളുത്തി ഒരു ദീർഘ ശ്വാസം എടുക്കുന്നതും ഞാൻ കണ്ടു..
മരണം, അത് എത്ര പ്രവാചനാൽമകമാണെങ്കിലും അതിന്റെ സാമീപ്യം അനുഭവിക്കുന്ന നിമിഷങ്ങൾ അതിനായി കാലങ്ങളായി തയ്യാറെടുത്തു ഏതു മനുഷ്യനെയും ഉലച്ചു കളയും.. അച്ഛനു പക്ഷെ കൂടുതലും നിരാശ കലർന്ന വേദന ആവും തോന്നിയിട്ടുണ്ടാവുക..അത്രയും നേരം നോക്കി നോക്കി ഇരുന്ന അമ്മ കണ്ണു തെറ്റിയ നേരത്തു, കുട്ടിക്കാലത്തെ അമ്മക്കൊപ്പം കളിച്ച കണ്ണു പൊത്തിക്കളിയുടെ ഓർമക്കെന്ന പോലെ, അച്ഛനെ കളിപ്പിച്ചു എവിടേക്കോ പോയി ഒളിച്ചു.. ഒരിക്കലും കണ്ടു പിടിക്കാൻ ആവാത്ത അനന്തതയുടെ ഏതോ ആജ്ഞതമായ മൂലയിൽ അച്ഛമ്മ അച്ഛനെ ഒളിച്ചു മറഞ്ഞിരിക്കാൻ പോയി..
Sunday, 26 June 2022
പേരില്ലാത്ത ഒരു കഥ
അമ്മൂസേ, ഞാൻ പഠിച്ച അക്ഷരങ്ങൾക്കു പ്രണയത്തിന്റെ ആത്മാവ് നൽകി അതിനു ജീവൻ നിറച്ചത് നീയാണ്.. നീയില്ലാതെ എന്നിൽ രൂപങ്ങളോ, ഭാവങ്ങളോ, ഭാവനകളോ ഉണരില്ല.. എന്റെ അക്ഷരങ്ങൾ നിന്റെ സൂര്യ തേജസ്സില്ലാതെ മരിച്ചു കഴിഞ്ഞിരിക്കുന്നു..
എന്റെ എല്ലാ എഴുത്തുകളും എന്നും നിനക്ക് വേണ്ടി മാത്രമായിരുന്നു.. നീ വായിക്കണം എന്ന ആഗ്രഹത്തോടെ ഉള്ളവ ആയിരുന്നു.. ഞാൻ എന്തെങ്കിലും എഴുതി തുടങ്ങിയത് പോലും നിന്റെ മനസ്സിൽ എന്നെ നിറക്കണം എന്ന അത്യാഗ്രഹത്തോടെ ആയിരുന്നു..
ജീവൻ നഷ്ടപ്പെട്ട ഒരു ജഡം ആരോ നിർബന്ധിച്ചു ചലിപ്പിക്കുന്ന പോലെ, നീ ഉപേക്ഷിച്ച ഞാനും ചലിക്കുന്ന ഒരു ജഡം മാത്രമായിരിക്കുന്നു.. നിനക്ക് വായിക്കുവാൻ വേണ്ടി അല്ലാതെ ഒന്നും എനിക്കു എഴുതുവാനില്ല.. എന്റെ എല്ലാ അക്ഷരകൂട്ടുകളുടെയും അമ്മ നീയാണ്.. ഇപ്പോള് പോലും എന്നിൽ നിറഞ്ഞു നിൽക്കുന്ന നീയാണ് എന്നെ കൊണ്ടു ഇതു എഴുതിക്കുന്നത്..
എങ്കിലും എന്റെ ഉള്ളിൽ മുഴുവൻ ഇരുട്ടാണ്.. അമ്മൂസേ എന്നിൽ നിറഞ്ഞ വെളിച്ചം ആണ് നീ.. നീ എനിക്ക് വെറുമൊരു സ്ത്രീ ശരീരമോ പ്രണയിക്കാൻ മാത്രമുള്ള ഒരു പെണ്ണോ ആയിരുന്നില്ല.. അതിനുമൊക്കെ ഒരുപാടു അപ്പുറം, എനിക്കു പോലും നിർവചിക്കുവാൻ ആവാത്ത എന്തൊക്കെയോ മഹത്തായ, ദിവ്യമായ ഒരു തേജസ്സ് ആണ് നീ എനിക്ക്.. എന്നെ ചലിപ്പിക്കുന്ന, എന്നിൽ പൂർണതയോടെ നിറയുന്ന, എന്നിൽ ജീവനും ഊർജവും നിറക്കുന്ന ചൈതന്യം..
നീ എന്നിലേക്ക് വന്നപ്പോൾ മുതൽ ഞാൻ അത് തിരിച്ചറിഞ്ഞിരുന്നു.. പക്ഷെ ഒരിക്കലും സ്വന്തമാക്കാൻ അവകാശമോ അർഹതയോ ഇല്ലാത്തവന് ഉള്ളിൽ നിറയുന്ന നിരാശയുടെ തീയിൽ സ്വയം വെണ്ണീറാവൻ മാത്രമല്ലെ കഴിയൂ... പക്ഷെ നിനക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല.. പുറം കാഴ്ചകൾ കൊണ്ടു മാത്രം എന്നെ വില ഇരുത്തുമ്പോൾ ദൂരേക്ക് വലിച്ചെറിയാൻ മാത്രം ഉപയോഗ ശൂന്യമായ ഒരു പാഴ് വസ്തു മാത്രമാവും നിനക്ക് ഞാൻ..
പക്ഷെ എനിക്ക് നീ അങ്ങനെ അല്ലല്ലോ.. ഈ ജന്മത്തേക്ക് ഞാൻ എന്റെ പെണ്ണെന്നു മനസ്സിൽ നിറച്ച ഒരേ ഒരുവൾ അല്ലെ നീ എനിക്ക്.. സഹിക്കാൻ വയ്യാത്ത നോവിലും നിരാശയിലും, മറ്റു അസ്സഹനീയമായ ചിന്തകളിലും മനസ്സു വെറുപ്പിലേക്കു വഴുതി വീഴാൻ പോകുമ്പോൾ എനിക്കു എന്റെ പ്രണയത്തിൽ ഉറച്ചു നിൽക്കേണ്ടതായിട്ടുണ്ട്.. എനിക്ക് നിന്നോടുള്ള പ്രണയത്തെ കൊല്ലാതെ നില നിർത്തേണ്ടതുണ്ട്..
അതിനായി ഞാൻ വീണ്ടും എന്തൊക്കെയോ എഴുതണം എന്നാഗ്രഹിക്കുന്നു.. നീ ഇത് വായിക്കില്ലെന്നു എനിക്കറിയാം.. എങ്കിലും ഞാൻ ഈ എഴുതുന്നതും നിനക്കായി മാത്രമാണ്... നിന്നെ എന്നിൽ നിറക്കുവാൻ വേണ്ടി.. നീ എന്നിൽ നിന്നു അകന്നു പോകാതിരിക്കുവാൻ വേണ്ടി....
=================================
ഭാഗം -1
അവളെ എത്ര മുറുകെ പുണർന്നിട്ടും എനിക്കു തൃപ്തി വരുന്നുണ്ടായിരുന്നില്ല..
എന്തോ പൂർണമാകാത്തത് പോലെ.. മനസ്സു നിറയാത്തത് പോലെ..
ഒരു കണം പോലും അവശേഷിക്കാതെ പൂർണമായും അവളെ ആവാഹിച്ചെടുത്തു തന്നിലേക്ക് ലയിപ്പിച്ചു ഒന്നായി തീരുവാനുള്ള വെമ്പലോടെ ഓരോ തവണ ഞാൻ പുണരുമ്പോഴും പിന്നെയും പിന്നെയും അവൾ ബാക്കി ആയി കൊണ്ടിരുന്നു..
ഒടുവിൽ നിസ്സഹായതയോടെ അവളെ എന്നിൽ നിന്നും ഞാൻ അടർത്തി മാറ്റി.. അവൾ ഒരു വശത്തേക്ക് ചെരിഞാണ് കിടന്നതു...
ആ കിടപ്പു നോക്കി ഞാൻ കുറെ നേരം നിന്നു.. പിന്നെ ജനാലയുടെ വിരി അകത്തി പുറത്തേക്കു നോക്കി..
കണ്ണെത്തുന്ന ദൂരത്തിന് അപ്പുറം മലകൾ മുളച്ചു പൊന്തി നില്കുന്നുണ്ടായിരുന്നു.. വിഷാദം പടർന്ന പോലെ അരണ്ട നിറമുള്ള മഞ്ഞു പടലം അവക്കു മുകളിൽ നേർത്തു നില്കുന്നു.. പ്രഭാതത്തിന്റെ കുളിരുള്ള കാറ്റിനു പക്ഷെ ചെകിടിപ്പിക്കുന്ന ഗന്ധം..
ഇങ്ങു കെട്ടിടത്തിനു താഴെയുള്ള റോഡ് വ്യക്തമായി കാണാം.. അതിൽ കൂടി വാഹനങ്ങൾ ഒഴുകി തുടങ്ങിയിരുന്നു..വാഹങ്ങളുടെ പാച്ചിൽ എനിക്ക് എപ്പോഴും ഭയമാണ്.. ഗതി പിഴച്ചു പോയ ആത്മാക്കളുടെ പരക്കം പാച്ചിൽ പോലെ ആണ് പാഞ്ഞു പോകുന്ന ഓരോ വാഹനവും.. അന്തമില്ലാതെ ആരോ തൊടുത്തു വിടുന്ന അമ്പുകൾ പോലെ.. അടുത്തു വരുന്ന ഓരോ വാഹനവും ഇപ്പോള് നെഞ്ചിൻ കൂട്ടിലേക്ക് ഇടിച്ചു കയറിയെക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു..
അതും നോക്കി നിൽക്കേ,പെട്ടെന്ന് എവിടുന്നോ പാഞ്ഞു വന്ന ഒരു മോട്ടോർ സൈക്കിൾ മറ്റൊരു വാഹനത്തിൽ തട്ടി തെറിച്ചു മുകളിലേക്ക് ഉയർന്നു.. അതിലിരുന്ന ആൾ കുറെ ദൂരേക്ക് തെറിച്ചു വീണു മറ്റൊരു വാഹനത്തിന്റെ അടിയിലേക്ക് ഞെരിഞ്ഞമർന്നു..
മരണം..
ഞാൻ വീണ്ടും അവൾ കിടക്കുന്ന ഇടത്തേക്ക് നോക്കി.. അവൾ ഒന്നുമറിയാതെ കിടക്കുന്നു.. ഒരിക്കലും ഒഴിയാത്ത മധു ചക്ഷകം പോലെ.. അതിൽ നിറയുന്ന മധുരം എനിക്കു മാത്രം ഉള്ളതാകണമെന്ന് എന്ന് മുതലാണ് എനിക്കു നിർബന്ധമുള്ളതായത്?.. അറിയില്ല.. അത് എപ്പോഴോ ഞാൻ അറിയാതെ എന്നെ പിടികൂടിയിരുന്നു.. എനിക്കു വേണ്ടി മാത്രമുള്ളതെന്ന് തോന്നുന്ന ഒന്നും എനിക്കു ചുറ്റിനും കണ്ടെത്താൻ കഴിയാതിരുന്ന കാലത്തു, അവൾ എന്റേത് മാത്രമെന്ന് ആവർത്തിച്ച് പറഞ്ഞു എന്റേത് മാത്രമായി തീരുകയായിരുന്നു..
അവൾ പറയും മുന്നേ ഞാൻ അത് എത്രയോ ആഗ്രഹിച്ചിരുന്നു എന്നതാണ് വാസ്തവമെങ്കിലും, വെറുതെ ചെന്നെടുത്തു അവകാശം സ്ഥാപിക്കുവാൻ അവൾ ജീവനില്ലാത്ത ഒരു വസ്തു ആയിരുന്നില്ലല്ലോ.. സ്വയം തീരുമാനിക്കുവാൻ ശേഷിയുള്ള, തിരിച്ചറിവിനുള്ള ബുദ്ധി ഉള്ള, ഈ രണ്ടു കാര്യങ്ങളും എന്നേക്കാൾ ഒരുപാടു കൂടുതൽ ഉണ്ടെന്നു ഞാൻ വിശ്വസിച്ച, ചുറ്റിനും അവകാശപ്പെടാൻ ആളുകൾ ഉള്ള ഒരു മനുഷ്യ ജീവി..
തിരിച്ചു ഞാനും അങ്ങനെ തന്നെ അവളുടേത് മാത്രമാകുവാൻ കൊതിച്ചു.. അവൾ എന്നിലേക്ക് അലിഞ്ഞു ചേരുന്നില്ലെങ്കിൽ ഞാൻ അവളിലേക്ക് അലിഞ്ഞു ചേരുവാൻ എത്രയോ തവണ ശ്രമിച്ചിരിക്കുന്നു..എന്നിട്ടും അവളും ഞാനും പരസ്പരം അലിഞ്ഞു ചേരാത്ത ഏതോ രാസ വസ്തുക്കൾ ആയി, രണ്ടും രണ്ടായി, അന്യരായി അവശേഷിക്കുന്നു.. എങ്കിലും അവളെ കുറിച്ചുള്ള ചിന്തകൾ വരുമ്പോഴൊക്കെ, അവളുടെ സാമീപ്യം അനുഭവിക്കുമ്പോഴൊക്കെ എന്റെ ഹൃദയം ആഴക്കടൽ പോലെ മുരണ്ടു മുഴങ്ങി ആയിരം ആയിരം തിരകളെ പ്രസവിക്കുമായിരുന്നു..ഹൃദയത്തെ തള്ളി മറിക്കുന്ന വിശേഷണങ്ങൾ ഇല്ലാത്ത വികാരങ്ങളുടെ തിരകൾ..
ഇനിയും ഒഴിയാത്ത ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന ദ്രാവകം ഒറ്റ വലിയിൽ കവിളുകളിൽ ഞാൻ നിറച്ചു.. എന്നിട്ടു ഓരോ ചെറു ഇറക്കുകൾ കൊണ്ടു അതിനെ വായിൽ നിന്നും ഉദരത്തിലേക്ക് പറഞ്ഞു വിട്ടു..
സിലിംഗ് ഫാൻ അതിവേഗത്തിൽ കറങ്ങുന്നു.. ആ കറക്കത്തിലേക്ക് കുറെ നേരം ഞാൻ ഇമയനക്കാതെ നോക്കിയിരുന്നു.. പതിയെ എനിക്കു ചുറ്റിനും കറങ്ങുവാൻ തുടങ്ങി.. അവളും അവൾ കിടന്നുറങ്ങുന്ന കട്ടിലും മുറിയിലെ മറ്റു ഫർണിച്ചറുകളും എല്ലാം ആ കറക്കത്തിൽ കറങ്ങുന്നു, ഒപ്പം ഞാനും ..എന്നിലേക്ക് ഭയം അരിച്ചു കയറാൻ തുടങ്ങി..
===================
വീടിന്റെ ഇടനാഴിയിൽ നിന്നും കിഴക്കെ മുറ്റത്തേക്ക് ഇറങ്ങുന്ന വാതിലിന്റെ കട്ടിളയിൽ പിടിച്ചു ഞാൻ നിൽക്കുകയായിരുന്നു..
ഒന്നിനു പിന്നാലെ ഒന്നെന്ന പോലെ പെരുമഴകൾ പെയ്ത ദിവസത്തിലെ ഒരു പെരു മഴ കൂടി പെയ്തു തോർന്ന വൈകുന്നേരം ആയിരുന്നു അത്.. മുറ്റത്തു കൂടി ചാലിറ്റൊഴുകുന്ന ഊറ്റൽ വെള്ളത്തിൽ നിന്നും അല്പം മാറി ഈയലുകൾ മണ്ണ് തുളച്ചു പൊന്തി വരാൻ തുടങ്ങിയിരുന്നു.. അവയെ തിന്നുവാനുള്ള ഞർകീലുകൾ ഇരുട്ടു വരുന്നതും കാത്തു ഏതൊക്കെയോ മരകീറുകളിൽ ഞാന്നു കിടപ്പുണ്ടാവണം..
വീണ്ടും പെയ്യാൻ അരങ്ങോരുക്കുന്ന കരി മേഘങ്ങളും , അന്തിചമയത്തിന് പൊന്നൂരക്കുന്ന സൂര്യനും ചേർന്നു അന്തരീക്ഷത്തിന് ഒരു നൃത്ത വേദിയുടെ പ്രകാശ വിതാനം ഒരുക്കുന്നു.. ഊർന്നു പോകുന്ന നിക്കറിനെ ഒരു കൈ കൊണ്ടു പിടിച്ചു നിർത്തി ഞാൻ മുറ്റത്തിന്റെ കിഴക്കെ ഒരത്തു നിൽക്കുന്ന കമ്പിളി നാരകത്തിന്റെ ചുവട്ടിലേക്കു നടന്നു..
തെക്കു വശത്തെ ഇട റോഡിൽ കൂടി ആരൊക്കെയോ വീട് ലക്ഷ്യമാക്കി കടന്നു വരുന്നു.. അവർ എട്ടു പത്തു പേർ ഉണ്ട്.. മൂന്നു നാല് പേർ എന്തോ നീളത്തിൽ പൊതിഞ്ഞു പിടിച്ചു ചുമന്നു കൊണ്ടാണ് വരുന്നത്.. അവർ എന്നെ ഒന്ന് നോക്കി മുറ്റത്തു കൂടി വടക്ക് വശത്തുള്ള വീടുകളെ ലക്ഷ്യമാക്കി കടന്നു പോയി.. അവർ പിടിച്ചിരുന്ന വസ്തു പനമ്പായിൽ പൊതിഞ്ഞതായിരുന്നു..
വീടിന്റെ വടക്കു ഭാഗത്തുള്ള അയല്പക്കങ്ങളിലേക്ക് പോകാൻ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ വീടിന്റെ മുറ്റത്തു കൂടിയാണ് എല്ലാവരും അവിടേക്കു പോവുകയും അവിടുന്ന് വരികയും ചെയ്തിരുന്നത്..അവിടേക്കു ഇപ്പോള് പോയവരിൽ ഏറെപ്പേരും എനിക്കു പരിചയമുള്ളവർ തന്നെ ആയിരുന്നു..
"കൊച്ചുകൃഷ്ണ പിള്ളയുടെ ശവം വടക്കേലോട്ട് കൊണ്ടു പോയി".. അച്ഛനോടായുള്ള അമ്മയുടെ ഉച്ചത്തിലുള്ള പറച്ചിൽ കെട്ടാണ് ഞാൻ ഞെട്ടിയത്.. ആ പനമ്പായിൽ പൊതിഞ്ഞു പിടിച്ചിരുന്നത് ഇന്നലെ വരെ പലപ്പോഴായി കണ്ടിട്ടുള്ള, ചിലപ്പോഴൊക്കെ മിണ്ടിയിട്ടുള്ള ഒത്ത ഉയരവും വെളുത്ത ശരീരവും ഉള്ള നാട്ടുകാർ സ്നേഹത്തോടെ കൊച്ചുകൃഷ്ണൻ കൊച്ചാട്ടൻ എന്ന് വിളിക്കുന്ന കൊച്ചു കൃഷ്ണ പിള്ളയെയാണ്.. വിഷം കഴിച്ചു മരിച്ചതാണത്രേ..
എന്റെ ശരീരം ഭയം കൊണ്ടു വിറക്കുന്നതും തളരുന്നതും ഞാൻ അറിഞ്ഞു.. എങ്ങനെയോ ഞാൻ തെന്നി തെറിച്ചു വീടിനുള്ളിലേക്ക് കടന്നതും പുറത്തു ഇരുട്ടു മൂടാൻ തുടങ്ങി.. തൊട്ടു പിന്നാലെ ആർത്തലച്ചു മഴയും..
ഓല ചെറ്റ കൊണ്ടു പാതി ചാരിയ അടുക്കള വാതിലിന്റെ വിടവിൽ കൂടി ഇരുണ്ടു മൂടിയ ആകാശം പ്രളയം കൊണ്ടു ഭൂമിയെ വിഴുങ്ങാൻ ചീറി അടുക്കുന്നത് അമ്മയോട് ചേർന്നിരുന്നു കൊണ്ടു, ആഞ്ഞു മിടിക്കുന്ന ഹൃദയത്തോടെ, ഞാൻ കണ്ടു..പനമ്പായിൽ കിടന്നു മഴ നനയുന്ന കൊച്ചു കൃഷ്ണ പിള്ളയെ ഞാൻ ഓർത്തു..അന്നാദ്യമായി മരണം എന്നിൽ ഒരിക്കലും മരിക്കാത്ത ഭയത്തിന്റെ ചൂട്ട് തെളിക്കുകയായിരുന്നു.. എന്നെ ജീവനോടെ ചിതയിൽ വെക്കുന്ന ഭയം..
വീട്ടിൽ നിന്നു എല്ലാവരും അവരുടെ വീട്ടിലേക്ക് പോകുവാൻ ഇറങ്ങിയെങ്കിലും അമ്മയെ ഞാൻ പോകുവാൻ സമ്മതിച്ചില്ല.. മണ്ണിൽ കുഴിയെടുത്തു മൂടിയ കൊച്ചു കൃഷ്ണപിള്ള അന്നു മുതൽ എത്രയോ ദിവസങ്ങളിൽ എന്റെ മനസ്സിൽ മൂടപ്പെടാതെ കിടന്നു..
ഇടയ്ക്കു പനമ്പായ പൊളിച്ചു പുറത്തേക്കു തല ഇടുന്ന, അതിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുന്ന, കൈ കാലുകൾ നിവർത്തുന്ന, എന്നെ കൈ കാട്ടി വിളിക്കുന്ന അയാൾ എത്രയോ രാത്രികളിൽ എന്നിൽ നിന്നും ഉറക്കത്തെ അകറ്റി നിർത്തി.. ചെറിയ അനക്കങ്ങളിൽ പോലും ഞാൻ ഞെട്ടുകയും വിറക്കുകയും ചെയ്തു..
എന്റെ ഭയം മനസ്സിലാക്കിയ അമ്മ ഒരു ദിവസം അച്ഛനാട് പറഞ്ഞു.
"അവനു ഒരു നുള്ളു ഭസ്മം ഓതി ഇടണം.. ചെറുക്കന് നന്നായി പേടി തട്ടിയിട്ടുണ്ട്..
അന്ന് വൈകുന്നേരം അച്ഛൻ ഒരു കിണ്ടിയിൽ വെള്ളം നിറച്ചു ഒരു പേപ്പറിൽ കുറച്ചു ഭസ്മമം എടുത്തു വെച്ചു പദ്മസനസ്ഥനായി എന്റെ ഭയം അകറ്റാൻ ഏതൊക്കെയോ മന്ത്രങ്ങൾ ജപിച്ചു ഭസ്മമം ഓതി ഇട്ടു..
പതിയെ പതിയെ കൊച്ചു കൃഷ്ണ പിള്ളയെ മറവി അതിന്റെ പനമ്പായയിൽ ചുരുട്ടി എന്റെ മനസ്സിൽ കുഴിയെടുത്തു മൂടി..
പിന്നെ നാട്ടിൽ, അയല്പക്കങ്ങളിൽ ഒക്കെ മരണങ്ങൾ പല വേഷങ്ങളിൽ കടന്നു വന്നു..
പ്രായം ചെന്നുള്ള സാധാരണ മരണങ്ങൾ നിശബ്ദമായ ചെറു കാറ്റുകൾ പോലെ അധികം ആരെയും നൊമ്പരപ്പെടുത്താതെ കടന്നു പോയി.. അത്തരം മരണ ദിവസങ്ങളിൽ പുലരി വെയിൽ നിറം മങ്ങിയും മരങ്ങൾ ശിഖരങ്ങൾ ഇളക്കാതെ നിന്നും ശോകം പ്രകടിപ്പിച്ചു.. പറന്നു പോയ ജീവിതം ഇതിനും മുന്നേക്ക് പോകാതിരുന്നതിൽ ആയിരുന്നു ഏറെപ്പേർക്കും സങ്കടം.. സുഹൃത്തുക്കളുടെ വീടുകളിൽ മരണം കടന്നു ചെന്നപ്പോൾ മാത്രം ആ വീടുകൾക്കു ഏറെ അകലെ നിന്നു ഞാൻ മരണത്തിന്റെ വിരുന്ന് നോക്കി കണ്ടു..
അത്യാഹിതങ്ങളായും ആത്മഹത്യകളായും കടന്നു വന്ന മരണം എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചത്.. ചുറ്റു വട്ടത്തുള്ള എല്ലാ മൂലകളിലും എവിടെയൊക്കെയോ മരണം ഒളിച്ചിരിക്കുന്നുണ്ട് എന്ന് ഞാൻ ഭയന്നു .
അച്ഛൻ പിന്നോട്ടെടുത്ത ലോറിയുടെ അടിയിൽ പെട്ടു മരിച്ച മൂന്നാം ക്‌ളാസുകാരൻ കിച്ചന്റെ മരണം നാടിനെ മുഴുവൻ സങ്കടത്തിന്റെ വീർപ്പു മുട്ടലിൽ ഞെരുക്കുന്നത് ഞാൻ ഭയത്തോടെ നോക്കി നിന്നു.. അവനെ മറവു ചെയ്ത മൺ കൂനയുടെ പച്ചപ്പിൽ പുല്ല് മൂടും വരെ മാസങ്ങളോളം ഞാൻ ആ വീടിന്റെ പരിസരങ്ങളിലേക്ക് പോയില്ല.. മകനെ നഷ്ടപ്പെട്ട വേദനയും അതിനു കാരണക്കാരൻ ആയതിലെ കുറ്റബോധവും താങ്ങാൻ ആവാതെ അധികം കിച്ചന്റെ അച്ഛനും വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.. ഹൃദയത്തിന്റെ അറകളെ നിറച്ചിരുന്ന സ്നേഹത്തിന്റെ രണ്ടിടങ്ങൾ കൊടും വേദനയിൽ നിറഞ്ഞതോടെ കിച്ചന്റെ അമ്മയുടെ മനോനില തെറ്റി..
പിന്നെയും വിഷം കഴിച്ചും തൂങ്ങി മരിച്ചും, പുഴയിൽ മുങ്ങിയും,വാഹനങ്ങൾ അപകടത്തിൽ പെട്ടുമൊക്കെ മരണം എന്റെ പരിസരങ്ങളിൽ ഇടയ്ക്കിടെ സാന്നിധ്യമറിയിച്ചു കൊണ്ടിരുന്നു..
ചുറ്റിനും പെയ്തിറങ്ങുന്ന മരണങ്ങളിൽ ഞാൻ ഭയന്നു പനിച്ചു.
====
Saturday, 11 June 2022
പ്രണയം - അനിശ്ചിതത്വങ്ങളുടേതും നിശ്ചിതത്വങ്ങളുടേതും..
"ഈ ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളു.."
K R മീരയുടെ ആരാച്ചാർ എന്ന നോവലിന്റെ ആദ്യ അധ്യായതിന്റെ അവസാന വാചകത്തിൽ അവൾ പെൻസിൽ കൊണ്ടു അടിവരയിട്ടിരുന്നു..
ഞങ്ങളുടെ പ്രണയം മറ്റെല്ലാ സ്വാർഥ താല്പര്യങ്ങൾക്കും, ഞങ്ങൾക്കിടയിലെ എല്ലാ പരിമിതികൾക്കും കുറവുകൾക്കും അതീതമായി,ഹൃദയത്തിൽ പ്രണയത്തിന്റെ ഇടതടവില്ലാത്ത മേഘ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു കൊണ്ടു എല്ലാം മറന്നു അതി തീവ്രമായി പെയ്തു കൊണ്ടിരുന്ന കാലത്താണ് അവൾ എനിക്കു ആ പുസ്തകം സമ്മാനമായി നൽകിയത്.. പകരം ഞാൻ അവൾക്കു നൽകിയത് ബെന്യാമിന്റെ ആടു ജീവിതവും..
അവളുടെ വെറുപ്പിന്റെയും പരിഹാസങ്ങളുടെയും നിന്ദകളുടെയും കൂർത്ത മുൾ ദണ്ടുകളുടെ ഇടവിടാതെയുള്ള പ്രഹരങ്ങളേറ്റു വാങ്ങി നെഞ്ചം മുറിഞ്ഞു ചോര വാർന്നു, ശൂന്യനായി, ബലഹീനനായി, ആത്മാഭിമാനം തകർന്നടിഞ്ഞു, അവളാൽ ആട്ടിപ്പായിക്കപ്പെട്ടു, അവൾക്കേറ്റവും അന്യനായി മാറിയ ഈ കാലത്തു, അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ലോകം മറ്റൊരുവനിലേക്കു പൂർണമായും ചുരുങ്ങിയ ഈ കാലത്തു അന്നു അവൾ അടിവരയിട്ട് തന്ന ആ വാചകങ്ങൾക്കു ഒരു പ്രവചനത്തിന്റെ ധ്വനി ഉണ്ടായിരിക്കുന്നു..
അവൾ എന്നെങ്കിലും മനസ്സിലാക്കുമോ അവൾ എന്നെ ഉപേക്ഷിക്കുമ്പോൾ എനിക്കു നഷ്ടമായത് അവളെ മാത്രമല്ല സ്വയം എന്നെ തന്നെയാണെന്ന്..ജീവിച്ചിരിക്കുന്നതിന്റെ സകല ചൈതന്യങ്ങളും നഷ്ടമായി, ജീവിക്കുക എന്നത് ചുറ്റുപാടുകളുടെയും ചുറ്റുമുള്ളവരുടെയും തള്ളലിനൊപ്പം ഒരു യന്ത്രിക പ്രവർത്തി പോലെ മുന്നോട്ടു പോകുന്ന ഒന്നായി എനിക്കു മാറിയിരിക്കുന്നു എന്നത് അവൾ എന്നെകിലും തിരിച്ചറിയുമോ.. രുചി തീരെ ഇല്ലാത്ത ഭക്ഷണം ജീവൻ ബാക്കിയായിരിക്കുന്നതിന്റെ പേരിൽ മാത്രം നിവർത്തി ഇല്ലാതെ കഴിക്കേണ്ടി വരുന്ന ഒരു ജീവിയായി ഈ ജീവിതം എനിക്ക് എത്ര മാത്രം ആരുചികളുടേതും, അസംതൃപ്തികളുടെയും ആകെ തുകയാകുന്നത് അവൾക്കു ഊഹിക്കാൻ ആവുമോ?
നീയാണ് എനിക്കെല്ലാം എന്ന് എത്രയോ തവണ ഞാൻ നിന്നോട് പറഞ്ഞത് ഒരിക്കൽ പോലും വെറും വാക്കല്ലെന്നു അന്നത്തേക്കാൾ കൂടുതൽ ഇന്ന് എനിക്കു ഉറപ്പിക്കാൻ ആവുന്നുണ്ട്.. കാരണം നീ എന്റെ ജീവിതത്തിന്റെ വെറും ഭാഗം ആയിരുന്നില്ല. എന്നിൽ തുടിക്കുന്ന, എനിക്കു മുന്നോട്ടു പോകാൻ ഉള്ളിൽ പ്രേരണകൾ നൽകുന്ന, എന്റെ മനസ്സിലും ചിന്തകളിലും വെളിച്ചവും കുളിരും ഊർജവും ആവേശവും നിറക്കുന്ന, എനിക്കു ഞാൻ കൊള്ളാവുന്ന എന്തെങ്കിലുമൊക്കെ ആണെന്ന് ആത്മവിശ്വാസം നിറക്കുന്ന എന്റെ പ്രാണൻ തന്നെ ആയിരുന്നു നീ.. ഞാൻ കണ്ടറിഞ്ഞ, ഞാൻ തൊട്ടറിഞ്ഞ, ഞാൻ അതി തീവ്ര വികാരങ്ങളോടെ അനുഭവിച്ച എന്റെ ആത്മാവായിരുന്നു നീ..
നിനക്ക് പ്രണയം അനിശ്ചിതത്വങ്ങളുടേതായി ഇപ്പോഴും തുടരുന്നുണ്ടാവാം.. പക്ഷെ നിന്നെ അറിഞ്ഞ നിമിഷം മുതൽ എനിക്കു പ്രണയം പരിപൂർണ നിശ്ചയം ഉള്ള ഒന്നായി മാറിയിരുന്നു..
അതിനു മുന്നേയുള്ള എന്റെ എല്ലാ അനിശ്ചിതത്വങ്ങളും നീയുമായി കൂടി കലർന്നത്തോടെ എന്നിൽ ഇല്ലാതായിരുന്നു..ഞാൻ സ്വയം എന്നെ തിരിച്ചറിയുകയായിരുന്നു നിന്റെ സാമീപ്യത്തിൽ കൂടി.. അതിനു മുന്നേ ഉള്ള എന്റെ ജീവിതം എന്നിൽ ഏല്പിച്ച അപരിഹര്യങ്ങളായ എല്ലാ കുറവുകളും അതേ പടി നിലനിൽകുമ്പോഴും നിന്നോടുള്ള ശുദ്ധമായ പ്രണയത്തിലൂടെ ഞാൻ എന്റെ പൂർണതയെ തിരിച്ചു പിടിക്കാൻ ആത്മാർഥമായി ശ്രമിച്ചിരുന്നു..
നീ കബളിക്കപ്പെടാതിരിക്കാൻ, നീ വിഡ്ഢിയാക്കപ്പെട്ടു എന്ന് ഒരിക്കലും നിനക്ക് തോന്നാതിരിക്കാൻ ഞാൻ നിന്റെ മുന്നിൽ ഏറ്റവും സത്യസന്ധനായിരിക്കാൻ ആത്മാർഥമായി തന്നെ ശ്രമിച്ചിരുന്നു.. ഞാൻ ജീവിക്കുന്ന ജീവിതത്തിന്റെ കുറവുകൾ നിന്നെ വേദനിപ്പിക്കാതിരിക്കാനും, നിന്റെ സ്നേഹം നഷ്ടമാകാതിരിക്കാനും ചിലപ്പോൾ ചിലതൊക്കെ നിന്നോട് പറയാതിരിക്കേണ്ടി വരുമ്പോൾ ഞാൻ എത്രത്തോളം സ്വയം നിന്ദിച്ചിരുന്നുവെന്നും ഉള്ളിൽ നീറിയിരുന്നുവെന്നും നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.. അതിനാൽ തന്നെ ഒരു പക്ഷെ നീ എനിക്കു എന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്ന്, നീ എന്നെ വെറുത്തു അകന്നു പോയേക്കുമെന്ന് അറിഞ്ഞിട്ടു കൂടി നിന്റെ മുന്നിൽ ഏറ്റവും സുതാര്യനായിരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. അകന്നു പോയാലും വെറുത്തു പോയാലും നിന്നെ ഞാൻ കബളിപ്പിച്ചെന്നോ, എന്നെ പ്രണയിച്ചു നീ വിഡ്ഢിയാക്കപ്പെട്ടെന്നോ നിന്നിൽ നിന്നു ഒരിക്കലും കേൾക്കേണ്ടി വരരുതെന്നു ഞാൻ ആഗ്രഹിച്ചിരുന്നു..
പക്ഷെ ഒടുവിൽ നിന്നിൽ നിന്ന് ഞാൻ കേൾക്കേണ്ടി വന്നതെല്ലാം അത്തരം വാചകങ്ങൾ തന്നെയാണ്.. സാരമില്ല.. ഒരുപക്ഷെ ഞാൻ അതൊക്കെ അർഹിക്കുന്നുണ്ടാകണം..
കാരണം നിന്റെ ഏറ്റവും മോശമായ സമയത്തു, നീ ഏറ്റവും വേദനകളിൽ കൂടി കടന്നു പോകുന്ന സമയത്തു, നിന്റെ പ്രാണൻ പോലും അപകടത്തിൽ ആയിരുന്ന സമയത്ത്,എന്റെ ഉള്ളിൽ നിന്നോടുള്ള പ്രണയത്തോട് , എനിക്കു നിന്നോട് തോന്നുന്ന വികാരങ്ങളോട് , നിന്നെ ഓർത്തുള്ള വേദനകളോട് നീതി കാണിക്കാൻ ആവാതെ, നിനക്ക് വേണ്ടി ഒന്നിനും ആകാതെ, ഒന്നിനും കൊള്ളാതെ, വെറും നോക്കു കുത്തി പോലെ, നിസ്സഹായനായി തീ തിന്നും സ്വയം നിന്ദിച്ചും ഞാൻ നിന്നു.. ഉള്ളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്നു നില്കുവാനല്ലാതെ എന്റെ പ്രണയത്തിന്റെ സത്യത്തെ നീതീകരിക്കാൻ ഉതകുന്ന ഒന്നും ചെയ്തു ആ പ്രണയം സത്യമെന്ന്തെ ളിയിക്കുവാൻ എനിക്കായില്ല.. എന്റെ പ്രണയം മറ്റൊരുവന്റെ ഔദാര്യങ്ങൾ പറ്റി അവളുടെ ജീവൻ രക്ഷിക്കാൻ പെടുന്ന പാടു എത്രമാത്രം എന്നിൽ സ്വയം അപമാനം ഉണ്ടാക്കിയിരുന്നു. മറ്റെല്ലാത്തിനും മീതെ ഞാൻ ഈ ജന്മത്തിൽ അപമാനഭാരത്താൽ തലകുനിച്ചു നിന്നു പോകുന്ന വേറെ ഒരു സാഹചര്യവും എനിക്ക്ഉ ണ്ടായിട്ടില്ല ..
എന്റെ ചുറ്റുപാടുകളുടെ, നിന്റെ ചുറ്റുപാടുകളുടെ മതിലുകളിൽ ഞാൻ തളക്കപ്പെട്ടിരുന്നു.. നിന്നെ പോലെ എല്ലാം തകർത്തെറിയുവാൻ ഉള്ള മനക്കരുത്തു എന്നിൽ ഉണ്ടായില്ല.. നിനക്ക് ബലമാകേണ്ടി നിൽക്കേണ്ട സമയത്തു നിന്നെ തകർത്തു കൊണ്ടും തളർത്തിക്കൊണ്ടും മറ്റൊരുവൾക്കു സ്വയം പങ്കിട്ടു കൊടുത്തു അവളെ തൃപ്തിപ്പെടുത്തുക എന്ന, എനിക്കു പോലും ഒരിക്കലും സ്വയം പൊറുക്കുവാൻ ആവാത്ത മഹാ പാപം ഞാൻ എന്റെ പ്രണയത്തോട്, അതായത് നിന്നോട് ചെയ്തവൻ ആണ്.. എന്റെ കഴിവുകേടുകൾക്കും പരിമിതികൾക്കും എന്റെ പ്രവർത്തികൾക്കും അപ്പുറം നിന്നെ ഓർത്തും, നിന്നോടും എന്റെ പ്രണയത്തോടും എനിക്കു ചെയ്യേണ്ടി വരുന്ന അനീതി ഓർത്തും നെഞ്ചു തകർന്നു ഉള്ളിൽ നിലവിളിക്കുന്ന എന്നെ അറിയാൻ നിനക്കും ആയില്ല.. അവഗണിച്ചും നിന്ദിച്ചും വേദനിച്ചും എന്നെ ആട്ടിപ്പായിക്കുന്ന നിന്റെ മുന്നിൽ എന്റെ പ്രണയത്തിന്റെ സത്യം പറയാനും എന്റെ പ്രവർത്തികളുടെ സാഹചര്യങ്ങളെ ന്യായീക്കരിക്കാനും ശ്രമിച്ചു പരാജയപ്പെടുമ്പോൾ, ഹൃദയം കീറി മുറിക്കുന്ന നിന്റെ കൂർത്ത മൂർത്ത വാക്കുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, അന്നത്തെ മറ്റു സാഹചര്യങ്ങളും ചേർന്നു മനോ നില തെറ്റിച്ചു കളഞ്ഞപ്പോൾ നിന്നോട് പലപ്പോഴും മോശമായി സംസാരിക്കേണ്ടി വരികയും ചെയ്തു ..അത് കൊണ്ടു ഞാൻ ഏറ്റവും മോശമായത് നിന്നിൽ നിന്നു, വിധിയിൽ നിന്നു, ഈ സമൂഹത്തിൽ നിന്നു അർഹിക്കുന്നുണ്ട്..
മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ടു, അവരെ വേദനിപ്പിച്ചു കൊണ്ടും അപമാനിച്ചു കൊണ്ടും അവരുടെ നമ്മിലുള്ള ആഗ്രഹങ്ങളെ നിഷേധിച്ചു കൊണ്ടും ആണ് നമ്മൾ പരസ്പരം പ്രണയിച്ചത്.. അതിന്റെ ഫലം കൂടി ആയിരിക്കാം എനിക്ക് നീ തന്ന ഈ ശിക്ഷ ..
പക്ഷെ ഒന്നറിയാം എനിക്കു.. ഞാൻ നിന്നെ പ്രണയിക്കുന്നതിൽ, ആ പ്രണയം നിറയുന്ന എന്റെ മനസ്സിലൊ, ചിന്തകളിലൊ ഹൃദയത്തിലോ നിന്നെ വഞ്ചിക്കണമെന്നോ, നിന്നെ വിഡ്ഢിയാക്കണമെന്നോ ഒരിക്കൽ പോലും തോന്നൽ ഉണ്ടായിരുന്നില്ല എന്ന്.. കാരണം നിന്നോടുള്ള എന്റെ പ്രണയം എന്റെ മനസ്സിന്റെ, ഇതുവരെക്കുമുള്ള എന്റെ ജീവിതത്തിലെ ഏറ്റവും ശുദ്ധവും നിഷ്കളങ്കവുമായ വികാരമായിരുന്നു.. നിന്നെ പ്രണയിക്കുന്നതിൽ കൂടി ഞാൻ എന്നെ സ്വയം തിരിച്ചെടുക്കുകയായിരുന്നു.. സ്വയം തിരിച്ചറിയുകയായിരുന്നു.. ഈ ജന്മത്തിൽ ഇനിയൊരാളെയും ഈ ഹൃദയത്തിനു സ്വന്തമെന്ന് പറയാൻ ആവാത്ത വിധം എന്റെ ഹൃദയം നിനക്ക് പൂർണമായി സ്വന്തമായി നൽകി കഴിഞ്ഞിരുന്നു..
മറ്റുള്ളവരെ വഞ്ചിക്കുന്നതിൽ എനിക്കു എന്നും വേദനയും ഭയവും കുറ്റബോധവുമുണ്ടായിരുന്നു.. നമ്മൾ അവരോടു കാണിക്കുന്ന വഞ്ചന അവർ തിരിച്ചറിയരുതെന്നും, അങ്ങനെ അവർ വേദനിച്ചും അപമാനിക്കപ്പെട്ടും തകർന്നു പോകരുതെന്നും ഞാൻ ആഗ്രഹിച്ചിരുന്നു.. കാരണം അവരുടെ ആ മനസികാവസ്ഥകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. അവർ അറിഞ്ഞാൽ അവർ എങ്ങനെ നമ്മോടും സ്വയവും പ്രതികരിക്കുമെന്നു ഞാൻ ഭയപ്പെട്ടിരുന്നു..എനിക്കും നിനക്കും ഉണ്ടായേക്കാവുന്ന മാനക്കേടുകൾ എന്നെ ദുർബലൻ ആക്കിയിരുന്നു.. ഭീരു ആക്കിയിരുന്നു..പക്ഷെ നിന്നിലുള്ള പ്രണയവും സ്വാർഥതകളും എല്ലാത്തിനും മുകളിൽ നിന്നു കൊണ്ടു മറ്റൊരാൾക്കു നിന്നെ വിട്ടു കൊടുക്കാനുള്ള എന്റെ ചിന്തകളെ കശാപ്പും ചെയ്തിരുന്നു.. നിന്റെയും നിന്റെ ഒപ്പമുള്ളവരുടെയും ജീവിതവും സന്തോഷങ്ങളും തകരരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന അതേ നിമിഷങ്ങളിൽ തന്നെ നിന്നെ മറ്റൊരാൾക്കു വിട്ടു കൊടുത്തു കൊണ്ടു മറ്റുള്ളവർക് സന്തോഷവും ജീവിതവും ഉണ്ടാക്കാൻ എനിക്കു സാധ്യവുമല്ലായിരുന്നു..
എന്നെ പ്രണയിച്ചു വ്യർഥമാകുന്ന സ്വന്തം ജീവിതം നിന്നെ എപ്പോൾ മുതലായിരിക്കാം അലട്ടിയിട്ടുണ്ടാവുക..? എങ്ങനെയെങ്കിലും ഇവനെ ഒഴിവാക്കി, കൈ വിട്ടു പോയ ജീവിതം തിരിച്ചു പിടിക്കണമെന്ന ചിന്തയോ, അല്ലെങ്കിൽ പ്രാണൻ പോലും കൈ വിട്ടു പോകുന്ന സാഹചര്യങ്ങളിൽ കൂടി കടന്നു പോയപ്പോൾ കയ്യിൽ ഉള്ള ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു, അർഥ ശൂന്യമായ ഒരു പ്രണയം അതിനേക്കാൾ അർഥ ശൂന്യനായ ഒരുവനെ പ്രണയിച്ചും അതിന്റെ യാതനകളും മാനക്കേടുകളും സഹിച്ചും ഇനിയും വ്യർഥമാക്കുവാൻ നിനക്ക് മനസ്സു വന്നിട്ടുണ്ടാവില്ലായിരിക്കാം.. എല്ലാ കഷ്ടതകളിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒപ്പം നിന്നു സഹായിക്കുകയും സംരക്ഷിക്കുകയും വേദനിക്കുകയും ചെയ്തവരെ തകർത്തു, അവരുടെയും തന്റെയും കയ്യിൽ ഉള്ള വിലപിടിപ്പുള്ള ജീവിതത്തെ നഷ്ടമാക്കണ്ട എന്ന തിരിച്ചറിവും നിന്നിൽ നിന്നും എന്നെ പറിച്ചെറിയാൻ നിന്നെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.. അങ്ങനെ ഒപ്പം നിന്നവരോട് നിനക്ക് എന്നോടുള്ളതിനേക്കാൾ പ്രണയം ഉള്ളിൽ തോന്നി തുടങ്ങിയിട്ടുണ്ടാകാം.. മനുഷ്യൻ പലപ്പോഴും അങ്ങനെയാണ്... ഇന്നു വരെ സ്നേഹിച്ചതിനേക്കാൾ മികച്ച ഒരു പ്രണയം അവർക്കു കണ്ടെത്താൻ കഴിയും.. അതിനു ചില സാഹചര്യങ്ങൾ അവരെ സഹായിക്കും.. നിനക്കും അങ്ങനെ ഒന്ന് സംഭവിച്ചിരിക്കാം.. അനിശ്ചിതത്വങ്ങളുടെ പ്രണയം ആണല്ലോ എല്ലാം.. പക്ഷെ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ മാത്രമാണെന്ന് ഉറപ്പിച്ചാണ് ഞാൻ മുന്നോട്ടു പോകുന്നതു.. ഏതൊക്കെ സാഹചര്യങ്ങൾ സമ്മർദം ചെലുത്തിയാലും എന്റെ ഹൃദയത്തിൽ മറ്റൊരു പ്രണയം മുളക്കില്ല..
ഒടുവിൽ നീ എന്നെ ആട്ടിപ്പായിച്ചു നിന്റെയും നിനക്ക് ഒപ്പമുള്ളവരുടെയും ജീവിതം വീണ്ടെടുക്കുമ്പോൾ, നിനക്ക് ആരും അല്ലാത്തവനായി സ്വയം ഒന്നിനും കൊള്ളാത്തവനായി ഈ യന്ത്രികമായ ജീവിതം മറ്റൊരുവൾക്കൊപ്പം നയിക്കുമ്പോഴ്ബും എനിക്കു നിശ്ചയമുള്ള ഒരേ ഒരു കാര്യം ഞാൻ നിന്നെ ഇപ്പോഴും പ്രണയിക്കുന്നു എന്നതാണ്.. നിന്നെ മാത്രമേ പ്രണയിക്കുന്നുള്ളു എന്നതാണ്.. നിന്റെ മനസ്സിൽ ഇന്നെന്താണെന്നു എനിക്കു വ്യക്തതയില്ല.. ഞാൻ നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ആർദ്രത ഉളവാക്കുന്ന ഒന്നായി ഉണ്ടാവുമോ? അതോ ഓർക്കുന്ന മാത്രയിൽ വെറുപ്പും അമർഷവും മാത്രം ഉണ്ടാക്കുന്ന ഒരുവനായി മാറിയിരിക്കുമോ.. ഒന്നുമറിയില്ല എനിക്കു..
പണ്ട് പലപ്പോഴും മനസ്സിനെ ഞാൻ പഠിപ്പിച്ചിരുന്നു പ്രണയം എന്നത് ശരീരത്തിന്റെ സ്വന്തമാക്കൽ മാത്രം അല്ല എന്ന്.. അതു ഞാൻ പ്രണയിക്കുന്നവളുടെ മനസ്സു സ്വന്തമാക്കുന്നതിൽ കൂടി ആണെന്ന്..അവൾ ലോകത്തിന്റെ ഏതു കോണിൽ ആയിരിക്കുമ്പ്പഴും അവളുടെ മനസ്സിൽ മറ്റാർക്കും ഇല്ലാത്ത ഒരിടം, അവളുടേതു മാത്രമായ, അവൾ എനിക്കു മാത്രമായി നൽകുന്ന ആ ഇടം സ്വന്തമാക്കുന്നതിൽ ആണ് യഥാർത്ഥ പ്രണയം വിജയിക്കുന്നതെന്നു.. പക്ഷെ ഇന്നിപ്പോൾ ഇതൊന്നും നിന്നിൽ എന്നോട് ഇല്ലാതിരിക്കുമ്പോഴും എനിക്കു നിന്നെ മാത്രമേ പ്രണയിക്കാൻ സാധിക്കുന്നുള്ളൂ എന്നതാണ് സത്യം.. നിന്നെ അല്ലതെ മറ്റാരെയും സ്വന്തമെന്നു കരുതാൻ എനിക്ക് സാധിക്കുന്നില്ല എന്നതാണ് എന്റെ പ്രണയം എനിക്കു പഠിപ്പിച്ചു നൽകുന്നത്... എന്റെ കാഴ്ചപ്പാടുകളിൽ കൂടി പ്രണയത്തിന്റെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുമ്പോൾ വിജയിച്ചത് നിന്റെ പ്രണയം ആണ്.. കാരണം എന്റെ ഹൃദയത്തിൽ, എന്റേത് മാത്രമായ ആ ഇടത്തിൽ നിനക്ക് മാത്രമായി ആ സ്ഥാനം നില നില്കുന്നു.. നിന്നെ ഓരോ മിടിപ്പിലും ഓർത്തു കൊണ്ടു ആ ഹൃദയം സ്പന്ദിക്കുന്നു... പരാജയപ്പെട്ടത് എന്റെ പ്രണയമാണ്.. നിന്നിൽ എവിടെയും ഞാൻ ഇല്ലാതെ ആയി ഞാനും എന്റെ പ്രണയവും തോറ്റു പോയിരിക്കുന്നു..
നിനക്കറിയുമോ,ജീവിതത്തിന്റെ ചെറുപ്പകാലത്തു അരക്ഷിതമായ വഴികളിൽ കൂടി ജീവിതം കരുപ്പിടിപ്പിക്കാൻ അന്യ നാടുകളിൽ പരിശ്രമിക്കുമ്പോൾ എനിക്കു സ്വയം എന്താണ് വേണ്ടതെന്നു തിരിച്ചറിയാൻ ഉള്ള ശേഷി അന്നു ഉണ്ടായിരുന്നില്ല.. വേണ്ട സമയത്തു വേണ്ട ബുദ്ധി ഉദിച്ചിരുന്നില്ല..അത് കൊണ്ടാണ് ഒരിക്കലും അവകാശത്തോടെ സ്വന്തമാക്കാൻ ആവാത്ത വിധം നീ എനിക്കു കൈ വിട്ടു പോയത്.. തെറ്റാണെന്ന്ന്നു ബോധ്യമുള്ളപ്പോൾ പോലും പ്രായത്തിന്റെയും ശരീരരത്തിന്റെയും ചാപല്യങ്ങൾ എന്നെ പല വിധ പാപങ്ങളും ചെയ്യാൻ അന്ന് ഇടയാക്കിയിട്ടുണ്ട്.. അതിനൊന്നും പരിഹാരം കാണാനോ പ്രായശ്ചിതം ചെയ്യാനോ ഒന്നും എനിക്കായിട്ടുമില്ല.. ചെയ്തു പോയ ചില പാപങ്ങൾ തിരുത്തി സ്വയം നല്ലവൻ ആകാൻ ശ്രമിക്കുമ്പോൾ അത് എത്ര മാത്രം അതിൽ എനിക്കൊപ്പം പങ്കാളികൾ ആയവരെ വേദനിപ്പിക്കുമെന്നും, അപമാനിതരക്കുമെന്നും, ജീവിതത്തിൽ ഒറ്റപ്പെടുത്തുമെന്നും, നിരാശപ്പെടുത്തുമെന്നും ഉള്ള ബോധ്യത്തിൽ അവരെ അങ്ങനെ പൂർണമായി ഉപേക്ഷിക്കാൻ എനിക്കു സാധിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ നിന്നോടുള്ള പ്രണയത്തിൽ അതൊക്കെ കളങ്കങ്ങൾ ആയി അവശേഷിക്കുന്നുമുണ്ട്.. എനിക്കറിയാം അതൊന്നും നിനക്ക് സഹിക്കാൻ ആവില്ലെന്ന്... പക്ഷെ എന്റെ ഹൃദയത്തിൽ, എന്തെ മനസ്സിന്റെ വികാരങ്ങളിൽ, ചിന്തകളിൽ നീ മാത്രമേ എന്റെ ആത്മാവിന്റെ പങ്കാളി ആയി നില നില്കുന്നുള്ളു..
പല പുഷ്പങ്ങൾ നുകരുന്ന ഒരു ശലഭം ആകുവാനല്ല, മറിച്ചു മരിക്കുവോളം ഒരുവളിൽ മാത്രം പ്രണയം അർപ്പിച്ചു ജീവിക്കുന്ന വേഴാമ്പൽ ആകുവാനാണ് ഞാൻ ആഗ്രഹിച്ചത്.. പക്ഷെ എനിക്കു തൃപ്തമാകുന്ന ഒരു പ്രണയം കണ്ടെത്താൻ ഞാൻ വൈകിപ്പോയി.. എന്നെ പൂർണമായി നിറക്കുന്ന നിന്നെ തിരിച്ചറിയാനും നിന്നിലേക് എത്താനും ഞാൻ വൈകിപ്പോയി.. എങ്കിലും നിന്നെ അറിഞ്ഞപ്പോൾ മുതൽ ഞാൻ എന്നും ആഗ്രഹിച്ച പോലെ ഒരു വേഴാമ്പൽ നെ പോലെ പ്രണയിക്കാൻ എനിക്കു സാധിക്കണമെന്നും ഞാൻ തീരുമാനിച്ചു..എനിക്കു എന്റെ മനസ്സിനെ ശീലിപ്പിക്കണമായിരുന്നു ഒരു പ്രണയത്തിന്റേത് മാത്രമായിരിക്കുവാൻ.. അങ്ങനെ ഒരു ഉറപ്പുള്ള വ്യക്തിത്വം ആയിരിക്കുവാൻ.. . അങ്ങനെ എന്നെ പരിപൂർണമായി തൃപ്തമാക്കുന്ന, എന്റെ മനസ്സിലും ഹൃദയത്തിലും അല്പം പോലും ഇടം ബാക്കി വെക്കാതെ നിറഞ്ഞു നിൽക്കുന്ന ഒരാൾ മാത്രമേ എനിക്കു ഉണ്ടായിട്ടുള്ളൂ.. അത് നീ ആണ്നി.. നിന്നെ പ്രണയിക്കുന്നതിൽ കൂടി എനിക്കു എന്റെ പ്രണയത്തെ, മനസ്സിനെ ഒരിടത്തു മാത്രമായി ഉറപ്പിച്ചു നിർത്തുവാൻ സാധ്യമാകുന്നുണ്ട്.. അനിശ്ചിതത്വങ്ങൾ ഇല്ലാത്ത പ്രണയം ഉണ്ടെന്നു ഞാൻ എന്നിൽ കൂടി, നിന്നെ പ്രണയിക്കുന്നതിൽ കൂടി തന്നെ സ്വയം തിരിച്ചറിയുന്നുണ്ട്.. അതു മതി എനിക്കു..
എന്റെ ഈ ജീവിതം മാത്രം വെച്ച് നീ എന്നെ വിലയിരുത്തിയേക്കാം.. എന്റെ പ്രണയത്തിനു നീ പുശ്ചതിന്റെ, ചിറി കോട്ടലിന്റെ വില ഇട്ടേക്കാം.. പക്ഷെ എന്റെ ഉള്ളിൽ, ഹൃദയത്തിൽ അപ്പോഴും നീ ഇരുന്നു തുടിക്കുന്നുണ്ടാകും.. ആ മിടിപ്പു അവസാനിക്കുന്ന നേരത്തു ഈ ശരീരം അതിന്റെ അവസാന ശ്വാസം എടുത്തു കഴിഞ്ഞിട്ടുണ്ടാകും..
Sunday, 22 May 2022
പാർക്കാൻ ഇടമില്ലാത്ത മഴ
പെണ്ണിന്റെ പ്രണയവും കാമവും മേഘങ്ങളിൽ ഒളിപ്പിച്ച മഴത്തുള്ളികൾ ആണ്..
ആരുടെയൊക്കെയോ ആകാശങ്ങൾക്കു സ്വന്തമായ മേഘങ്ങൾ..
അതു ഒരു പുരുഷൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവനു അവളുടെ പ്രണയവും കാമവും പെയ്തിറങ്ങുന്ന മഴയിൽ കുളിരണമെങ്കിൽ,അവൻ സ്വതന്ത്രനും അവൾക്കു പെയ്തിറങ്ങി നിറഞ്ഞു നിൽക്കാൻ പാകത്തിന് ഉറപ്പും ആഴവും ആഗിരണ ശേഷിയും ഉള്ള ഹൃദയവും പരിതസ്ഥിതീകളും ഉണ്ടായിരിക്കണം.. മണ്ണ് പോലെ..
ആകാശം വിട്ടു പെയ്തിറങ്ങുന്ന മഴക്ക് പിന്നെ അവിടേക്കു, അവൾ ഉപേക്ഷിച്ചിറങ്ങി പോന്ന ആകാശത്തേക്ക്,തിരികെയെത്തുന്നത് എത്രത്തോളം കഠിനമാണോ, അത്രത്തോളം കഠിനമാണ് അതു വരെയുള്ള സ്വന്തങ്ങളെ ഉപേക്ഷിച്ചു ഏതോ പുരുഷനിലേക്ക് പ്രണയവും കാമവും സന്നിവേശിപ്പിക്കുന്ന സ്ത്രീയുടെ തിരിച്ചു പോക്കും.. ചിലപ്പോൾ അസംഭവ്യവും..
ഞാൻ അതിൽ പരാജയപ്പെട്ട പുരുഷൻ ആണ്..
തിരിച്ചറിവുകളില്ലാത്ത, പാകപ്പെടാത്ത ബുദ്ധിയുടെ പ്രായത്തിൽ ഞാൻ പോലും തിരിച്ചറിയാതെ എന്നിൽ ഒരു തിരിച്ചറിവുണ്ടായി..അവളോടുള്ള പ്രണയം.. സ്വന്തമാക്കാനുള്ള ശേഷിയില്ലായ്മയും, സ്വന്തമാക്കിയേ തീരൂ എന്ന ആത്മ ചോദനയും ഉണ്ടാകാതെ ഞാൻ ഏതോ വഴിയിൽ പിൻവാങ്ങിപ്പോയ പ്രണയം..എന്റെ എക്കാലത്തെയും, എന്റെ ജീവിതത്തിന്റെ തന്നെ ഏറ്റവും വല്യ നഷ്ടം ആണ്അ അവൾ എന്നു അന്ന്എ നിക്ക് തിരിച്ചറിവുണ്ടായില്ല.. ആ നഷ്ടത്തിന്റെ നിരാശയിൽ ഈ ജീവിതത്തിന്റെ എല്ലാ ജീവനും ചൈതന്യവും, പ്രേരണയും , ഊർജവും ആണ് ഞാൻ കൈവിട്ടു കളഞ്ഞതെന്നു തിരിച്ചറിഞ്ഞില്ല..
ആ തിരിച്ചറിവ് നല്കാൻ വേണ്ടി അവൾ വീണ്ടും എന്നിലേക്ക് വരാതിരുന്നെങ്കിൽ എന്ന് നിരാശയുടെ പടു കുഴിയിൽ കിടന്നു പിടഞ്ഞ് കൊണ്ടു ഞാൻ എല്ലായ്‌പോഴും ഇപ്പോള്ആ ലോചിച്ചിക്കുന്നുണ്ട്..
പാകപ്പെട്ട ബുദ്ധിയും, അവൾ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന ആത്മ ചോദനയും ഉറക്കുന്ന കാലത്തു അവൾ കാലം തെറ്റി ആകാശത്തു വീണ്ടും വന്നു.. അവളിൽ ഞാൻ വീണ്ടും കൊതിക്കുകയും എന്നിലേക്ക് പെയ്യുവാൻ ക്ഷണിക്കുകയും ചെയ്തു..അവളും അതു കേൾക്കാൻ കൊതിച്ചിരുന്ന പോലെ...
കാലം കെട്ട നേരത്തു ഉണ്ടായ, പെയ്തിറങ്ങിയ എന്റെ പ്രണയ മഴയിൽ ഞാൻ നനഞ്ഞു.. ആ കുളിർ അനുഭവിച്ചു.. എന്റെ എക്കാലത്തേയും സ്വപ്നമായ ആ മഴക്കു, എന്റെ പ്രണയത്തിനു, ഊർന്നിറങ്ങുവാൻ, സുരക്ഷിതവും ശാശ്വതവുമായ ഒരു ഇടം കൊടുക്കുവാൻ കഴിയാതവൻ ആണ് ഞാനെന്നു അറിഞ്ഞു കൊണ്ടു ഞാൻ അവളെ എന്നിലേക്ക് ക്ഷണിച്ചത് .... ഓടുവിൽ പാർക്കാൻ ഇടമില്ലാത്ത മണ്ണിൽ അനാഥയെ പോലെ അവൾ ഒഴുകിയലഞ്ഞു, കഠിനമായ മുള്ളുകളും പാറകളും തട്ടി തകർത്തു ചിന്ന ഭിന്നമായ മനസ്സോടെ, ശരീരത്തോടെ അവൾ ഒരിക്കൽ അന്യമാക്കിയ അവളുടെ ആകാശങ്ങളെ തേടി യാത്രയായി.. അപമാനത്തിന്റെയും നിസ്സഹായതകളുടെയും ഉഷ്ണത്തിൽ തപിച്ചു ഒടുവിൽ ഉടലും മനവും നഷ്ടമായി വെറും ആവിയായി അവൾ ആകാശങ്ങളിലേക്ക് യാത്ര ആയപ്പോൾ
ഞാൻ വീണ്ടും അതേ ആകാശത്തിലേക്കു നോക്കി അവൾ വീണ്ടും എന്നിലേക്ക് പെയ്തിറങ്ങണമെന്ന് മോഹിക്കുന്നു.., ആ കുളിർ സ്വപ്നം കണ്ടു കാലം പോക്കുന്നു.. അപ്പോഴും അവൾ പെയ്തിറങ്ങുമ്പോൾ അവൾക്കു നൽകുവാൻ എന്നിൽ എന്താനുള്ളതെന്നു ഞാൻ മറന്നു പോവുകയാണ്..