Sunday, 15 August 2021

നിന്നെ വെറുക്കുക എന്നാൽ

സ്വയം വെറുക്കുക എന്നാണ്..

എങ്കിലും ഞാൻ അതു ആഗ്രഹിക്കുന്നു ..

ഹൃദയം അത്രമാത്രം വേദനിക്കുന്നു..

എത്രയോ വർഷങ്ങളായി ആ വേദന കൂടി കൂടി വരുന്നു..

പക്ഷെ എങ്ങനെയാണു ഞാൻ നിന്നെ വെറുക്കുക..

വെറുപ്പ് ഉണ്ടാക്കിയെടുത്താൽ എങ്ങനെ അതു വെറുപ്പാകും..

എങ്ങനെ അതിനു നെഞ്ചിലെ നോവിനെ ഇല്ലാതാക്കാൻ കഴിയും..

അവിടെയും ഞാൻ തോറ്റു പോകുന്നു..

വെറുക്കാൻ ആകുന്നില്ലെനിക്ക്..

മറക്കാനോ, ആഗ്രഹിക്കാതിരിക്കാനോ ആവുന്നില്ലെനിക്ക്..

നിന്നിൽ ആണ് ഞാനെന്റെ ഹൃദയം

സൂക്ഷിച്ചത്..

നിന്നിൽ ഞാൻ അത്രമാത്രം

വിശ്വസിച്ചിരുന്നു..

നീ വെറുമൊരു സ്ഫടിക പാത്രമായിരിക്കുമെന്ന് ഞാൻ അറിഞ്ഞില്ല ..

അതു ഉടഞ്ഞു പോകുമെന്ന് ഞാൻ ചിന്തിച്ചില്ല..

നിന്റെ പ്രണയം നീ ഉടച്ചപ്പോൾ

നിന്റെ സ്ഫടിക്പാത്രത്തിന്റെ ചില്ലു

തുളഞ്ഞെന്റെ ഹൃദയം പിളർന്നിരിക്കുന്നു..

നിന്റെ ഓരോ നോവിലും

നിന്നെ പിന്തുടർന്നവൻ ആണ് ഞാൻ..

എന്റെ ഒരു നിമിഷം പോലും വേണ്ടെന്നു നീ പറഞ്ഞപ്പോഴും,

എന്റെ സമയം മുഴുവൻ ഞാൻ നിന്നെ പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു..

കാരണം എനിക്ക് നിന്നെ പറ്റി മാത്രമേ ചിന്തിക്കാൻ ആകുമായിരുന്നുള്ളു..

ഓരോ നിമിഷത്തിലും നീ എന്നിൽ നിറഞ്ഞു നിന്നു..

പ്രണയമായി,

സ്വപ്നങ്ങളായി,

മോഹങ്ങളായി,

വിരഹമായി,

വേദനയായി,

നിരാശയായി,

ഭയമായി,

വീർപ്പു മുട്ടലായി,

ഉള്ളിലെ ആന്തലായി..

അങ്ങനെ അങ്ങനെ എന്തെല്ലാമായി..

നീ എന്നെ ഒരിക്കൽ സ്നേഹിച്ചിരുന്നു എന്നത് പോലും മറന്നു നിന്ദിക്കുമ്പോഴും,

അപമാനിക്കുമ്പോഴും,

ആട്ടിപ്പായിക്കുമ്പ്പഴും,

മറ്റൊരാളിലേക്ക് നിന്റെ മനസ്സ് മാറ്റുമ്പോഴും എല്ലാം,

ഞാൻ നിന്നെ പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു..

നിന്റെ വേദനകളും ദുരിതങ്ങളും

നീ കടന്നു പോകുന്ന അവസ്ഥകളും എല്ലായ്‌പോഴും

എന്റെ മനസ്സിനെ ഉമിത്തിയിൽ നീറ്റിക്കൊണ്ടിരുന്നു..

എപ്പോഴാണ് നീ എന്നിൽ ഇല്ലാതിരുന്നത്..

അങ്ങനെ ഒരു നേരവും എനിക്കില്ല..

ഇന്നിപ്പോൾ നീ എല്ലാം മറന്നു എവിടെയോ പോയിരിക്കുന്നു..

മറ്റൊരാളിലേക്ക് മനസ്സും ശരീരവും മാറ്റിയിരിക്കുന്നു..

ഒരിക്കലും നിനക്കാവില്ലെന്നു പറഞ്ഞതൊക്കെ നിനക്ക് ഇന്ന് സാധിക്കുന്നു..

എന്നോട് പറഞ്ഞ സ്നേഹമെല്ലാം ഏതോ മറവികളിൽ നീ അലിയിച്ചു കളഞ്ഞിരിക്കുന്നു..

എന്നിട്ട് ഒരു നിമിഷത്തിന്റെ ഒരു നോട്ടം നീ എനിക്ക് ഔദാര്യം പോലെ നൽകുന്നു..

എന്റെ ഹൃദയം എത്രമാത്രം പൊടിയുന്നുണ്ടെന്നു നീ അറിയുന്നുണ്ടോ..

നിന്നെ നോവിക്കേണ്ടി വന്നപ്പോഴും

നിന്നെ മാത്രം സ്നേഹിച്ചവൻ ആണ് ഞാൻ..

നിനക്ക് ഞാൻ തന്ന ഒരേ ഒരു വാഗ്ദാനവും വിശ്വാസവും അതായിരുന്നു..

നിന്നെ അല്ലാതെ മാറ്റാരെയും പ്രണയിക്കില്ലെന്നു..

നീയല്ലാതെ വേറെ ആരെയും എന്റേതെന്നു കരുതില്ലെന്നു..

ഒരിടത്തും ഞാൻ എന്റെ വാക്കു മറന്നില്ല..

ശരീരം എവിടെയായിരുന്നാലും നിനക്കൊപ്പം എന്റെ മനസ്സും ഹൃദയവും ഉണ്ടായിരുന്നു.. 

നിന്റെ ഹൃദയം കീറി മുരിക്കേണ്ടി വന്നപ്പോൾ,

പകരം എന്റെ ഹൃദയം നിന്നിലർപ്പിച്ചവൻ ആണ് ഞാൻ..

നിനക്ക് നൊന്തപ്പോൾ നിന്നെക്കാൾ

നോവുമായി നടന്നവൻ ആണ് ഞാൻ..

നിനക്ക് നൽകിയ നോവിന് പകരമായി ആയിരം ഇരട്ടി സ്നേഹം നെഞ്ചിൽ കൊണ്ടു നടന്നവൻ ആണ് ഞാൻ..

ആ എനിക്ക് വേണ്ടി നൽകാൻ

നിന്റ പക്കൽ ഒന്നും ബാക്കി ഇല്ലാതായിരിക്കുന്നു..

എന്നെ വേദനിപ്പിക്കുന്നതിന്റെ ഹരം ആവും

ഇന്ന് നിന്റെ ജീവിതത്തിന്റെ ഊർജം..

നിന്നെ വേദനിപ്പിച്ചപ്പോഴും നിനക്ക് പറയാനും, കരയാനും വഴക്കിടാനും ഒക്കെ

ഏതു സമയത്തും ഞാൻ നിന്റെ ഒരു വിളിപ്പുറത്തു ഉണ്ടായിരുന്നു..

പക്ഷെ എന്റെ നോവ് പറയാൻ എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിരിക്കുന്നു..

കണ്ണും ചെവിയുമെല്ലാം അടച്ചു നീ ഏതോ ഇരുട്ടിൽ മറഞ്ഞിരിക്കുന്നു..

എനിക്ക് അടുത്തു വരാൻ ആവാത്ത വിധം നീ എന്റെ മുന്നിൽ മതിലുകൾ പണിതിരിക്കുന്നു..

എന്റെ ഹൃദയത്തിൽ എരിയുന്ന തീയുടെ ചൂടിൽ

നീ തപിച്ചു പോകാതിരിക്കട്ടെ...

ആരെയും സ്നേഹിക്കാൻ ആവാത്ത വിധം നീ എന്നിലെ സ്നേഹത്തെ ഊറ്റിയെടുത്തു ഉപേക്ഷിച്ചു..

നിന്നിലേക്കല്ലാതെ വേറെ ആരിലേക്കും ഒഴുകുവാനാകാത്ത വിധം അതിന്റെ ചാല് ആഴത്തിൽ നിന്നിലേക്ക്‌ കീറിയിരിക്കുന്നു..

എന്നിട്ടും നീ എന്നെ മറ്റൊരാളിന്റേതെന്നു മുദ്ര കുത്തി ഒഴിവാക്കി..

പക്ഷെ അങ്ങനെ ആരുടേതുമാകാൻ എനിക്കാവില്ല..

നിനക്കും അതിനാവില്ലെന്നു ഞാൻ വിശ്വസിച്ചിരുന്നു..

പക്ഷെ ഞാൻ വിശ്വസിച്ച ആൾ അല്ല നീ..

ഒരു ചേമ്പില പോലെയാണ് നീ..

ഒന്നും അവശേഷിപ്പിക്കാതെ എല്ലാം മായ്ച്ചു കളയാൻ ആവുന്നവൾ..

ഞാൻ സകലത്തിനെയും വെറുക്കുവാൻ ആഗ്രഹിക്കുന്നു..

ഞാൻ നിന്നെ വെറുത്താൽ,

അത്‌ എനിക്ക് സാധ്യമായാൽ

ഈ ലോകത്തു ഞാനേറ്റവും വെറുക്കുന്നവൾ നീയായിരിക്കും..

കാരണം ഈ ലോകത്തു ഞാനേറ്റവും സ്നേഹിച്ചവൾ നീയാണ്..

ഈ ലോകത്തു ഞാൻ ഏറ്റവും വിശ്വസിച്ചവൾ നീയാണ്..

എന്നെ ഈ ലോകത്തു ഏറ്റവും നോവിച്ചവളും നീയാണ്..





 

No comments:

Post a Comment