Tuesday, 20 July 2021

സ്വപ്‌നങ്ങൾ

 ജലസമാധിയിൽ

ഞാനാ സ്വപ്നത്തെ പകുത്തെടുത്തു..

ആദ്യ പകുതിയിൽ

ഞാൻ നടക്കുകയായിരുന്നു..

എത്ര നടന്നിട്ടും ഒരടി

പോലും മുന്നോട്ടു പോയിട്ടില്ല..

പിന്നാലേ വന്നവരൊക്കെ മുന്നേറി

മാഞ്ഞു പോയിരിക്കുന്നു..

ആരൊക്കെയോ ചിലർ

ഒപ്പമെത്താനായി കൈകളിൽ ആഞ്ഞു വലിക്കുന്നു..

എന്നിട്ടും ഒപ്പമില്ലാത്തതിൽ ശാപങ്ങൾ പൊഴിക്കുന്നു..

ഒടുവിൽ ഉപേക്ഷിക്കുന്നു...


രണ്ടാം പകുതിയിൽ

ഒരു ഉറക്കത്തിലാണ്..

കണ്ണുകൾ തുറന്നുള്ള ഉറക്കം..

കാഴ്ചകൾ കണ്ണിലേക്കു തുളഞ്ഞു കയറി

തലച്ചോറിൽ വിഭ്രാന്തി സൃഷ്ടിക്കുന്നു..

 കണ്ണുകൾ അടക്കണമെന്നുണ്ട്..

കൺപോളകൾ

 എവിടെയോ ഉടക്കി നില്കുന്നു..

കണ്ണുകളിൽ ഇരുട്ടു കയറണേ

എന്നു ഞാൻ പ്രാർഥിക്കുന്നു..

പക്ഷെ കാണാനാഗ്രഹിക്കാത്ത കാഴ്ചകൾ കൊണ്ടു

 കണ്ണുകൾ പക തീർക്കുന്നു..

ഒടുവിൽ ഞാനെന്റെ കണ്ണുകളെ കുത്തിപ്പൊട്ടിച്ചു..


ഉറക്കമുണരുമ്പോൾ ഞാൻ മരിച്ചിരുന്നു..

തെക്കേ പറമ്പിൽ കുഴി ഒരുങ്ങിയിരുന്നു..

മാവിൻ വിറകുകൾ അടുക്കിയിരുന്നു..

എന്റെ ശരീരം തണുത്തിരുന്നു..

എന്റെ കണ്ണുകളിലെ കാഴ്ചകൾ അവസാനിച്ചിരുന്നു..

എന്റെ കാലുകൾ നടക്കാനാവാത്ത പോലെ ചേർത്തു കെട്ടിയിരുന്നു..

No comments:

Post a Comment