"ഈ ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിനു മാത്രമേയുള്ളു.."
K R മീരയുടെ ആരാച്ചാർ എന്ന നോവലിന്റെ ആദ്യ അധ്യായതിന്റെ അവസാന വാചകത്തിൽ അവൾ പെൻസിൽ കൊണ്ടു അടിവരയിട്ടിരുന്നു..
ഞങ്ങളുടെ പ്രണയം മറ്റെല്ലാ സ്വാർഥ താല്പര്യങ്ങൾക്കും, ഞങ്ങൾക്കിടയിലെ എല്ലാ പരിമിതികൾക്കും കുറവുകൾക്കും അതീതമായി,ഹൃദയത്തിൽ പ്രണയത്തിന്റെ ഇടതടവില്ലാത്ത മേഘ വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു കൊണ്ടു എല്ലാം മറന്നു അതി തീവ്രമായി പെയ്തു കൊണ്ടിരുന്ന കാലത്താണ് അവൾ എനിക്കു ആ പുസ്തകം സമ്മാനമായി നൽകിയത്.. പകരം ഞാൻ അവൾക്കു നൽകിയത് ബെന്യാമിന്റെ ആടു ജീവിതവും..
അവളുടെ വെറുപ്പിന്റെയും പരിഹാസങ്ങളുടെയും നിന്ദകളുടെയും കൂർത്ത മുൾ ദണ്ടുകളുടെ ഇടവിടാതെയുള്ള പ്രഹരങ്ങളേറ്റു വാങ്ങി നെഞ്ചം മുറിഞ്ഞു ചോര വാർന്നു, ശൂന്യനായി, ബലഹീനനായി, ആത്മാഭിമാനം തകർന്നടിഞ്ഞു, അവളാൽ ആട്ടിപ്പായിക്കപ്പെട്ടു, അവൾക്കേറ്റവും അന്യനായി മാറിയ ഈ കാലത്തു, അവളുടെ മനസ്സിന്റെയും ശരീരത്തിന്റെയും ലോകം മറ്റൊരുവനിലേക്കു പൂർണമായും ചുരുങ്ങിയ ഈ കാലത്തു അന്നു അവൾ അടിവരയിട്ട് തന്ന ആ വാചകങ്ങൾക്കു ഒരു പ്രവചനത്തിന്റെ ധ്വനി ഉണ്ടായിരിക്കുന്നു..
അവൾ എന്നെങ്കിലും മനസ്സിലാക്കുമോ അവൾ എന്നെ ഉപേക്ഷിക്കുമ്പോൾ എനിക്കു നഷ്ടമായത് അവളെ മാത്രമല്ല സ്വയം എന്നെ തന്നെയാണെന്ന്..ജീവിച്ചിരിക്കുന്നതിന്റെ സകല ചൈതന്യങ്ങളും നഷ്ടമായി, ജീവിക്കുക എന്നത് ചുറ്റുപാടുകളുടെയും ചുറ്റുമുള്ളവരുടെയും തള്ളലിനൊപ്പം ഒരു യന്ത്രിക പ്രവർത്തി പോലെ മുന്നോട്ടു പോകുന്ന ഒന്നായി എനിക്കു മാറിയിരിക്കുന്നു എന്നത് അവൾ എന്നെകിലും തിരിച്ചറിയുമോ.. രുചി തീരെ ഇല്ലാത്ത ഭക്ഷണം ജീവൻ ബാക്കിയായിരിക്കുന്നതിന്റെ പേരിൽ മാത്രം നിവർത്തി ഇല്ലാതെ കഴിക്കേണ്ടി വരുന്ന ഒരു ജീവിയായി ഈ ജീവിതം എനിക്ക് എത്ര മാത്രം ആരുചികളുടേതും, അസംതൃപ്തികളുടെയും ആകെ തുകയാകുന്നത് അവൾക്കു ഊഹിക്കാൻ ആവുമോ?
നീയാണ് എനിക്കെല്ലാം എന്ന് എത്രയോ തവണ ഞാൻ നിന്നോട് പറഞ്ഞത് ഒരിക്കൽ പോലും വെറും വാക്കല്ലെന്നു അന്നത്തേക്കാൾ കൂടുതൽ ഇന്ന് എനിക്കു ഉറപ്പിക്കാൻ ആവുന്നുണ്ട്.. കാരണം നീ എന്റെ ജീവിതത്തിന്റെ വെറും ഭാഗം ആയിരുന്നില്ല. എന്നിൽ തുടിക്കുന്ന, എനിക്കു മുന്നോട്ടു പോകാൻ ഉള്ളിൽ പ്രേരണകൾ നൽകുന്ന, എന്റെ മനസ്സിലും ചിന്തകളിലും വെളിച്ചവും കുളിരും ഊർജവും ആവേശവും നിറക്കുന്ന, എനിക്കു ഞാൻ കൊള്ളാവുന്ന എന്തെങ്കിലുമൊക്കെ ആണെന്ന് ആത്മവിശ്വാസം നിറക്കുന്ന എന്റെ പ്രാണൻ തന്നെ ആയിരുന്നു നീ.. ഞാൻ കണ്ടറിഞ്ഞ, ഞാൻ തൊട്ടറിഞ്ഞ, ഞാൻ അതി തീവ്ര വികാരങ്ങളോടെ അനുഭവിച്ച എന്റെ ആത്മാവായിരുന്നു നീ..
നിനക്ക് പ്രണയം അനിശ്ചിതത്വങ്ങളുടേതായി ഇപ്പോഴും തുടരുന്നുണ്ടാവാം.. പക്ഷെ നിന്നെ അറിഞ്ഞ നിമിഷം മുതൽ എനിക്കു പ്രണയം പരിപൂർണ നിശ്ചയം ഉള്ള ഒന്നായി മാറിയിരുന്നു..
അതിനു മുന്നേയുള്ള എന്റെ എല്ലാ അനിശ്ചിതത്വങ്ങളും നീയുമായി കൂടി കലർന്നത്തോടെ എന്നിൽ ഇല്ലാതായിരുന്നു..ഞാൻ സ്വയം എന്നെ തിരിച്ചറിയുകയായിരുന്നു നിന്റെ സാമീപ്യത്തിൽ കൂടി.. അതിനു മുന്നേ ഉള്ള എന്റെ ജീവിതം എന്നിൽ ഏല്പിച്ച അപരിഹര്യങ്ങളായ എല്ലാ കുറവുകളും അതേ പടി നിലനിൽകുമ്പോഴും നിന്നോടുള്ള ശുദ്ധമായ പ്രണയത്തിലൂടെ ഞാൻ എന്റെ പൂർണതയെ തിരിച്ചു പിടിക്കാൻ ആത്മാർഥമായി ശ്രമിച്ചിരുന്നു..
നീ കബളിക്കപ്പെടാതിരിക്കാൻ, നീ വിഡ്ഢിയാക്കപ്പെട്ടു എന്ന് ഒരിക്കലും നിനക്ക് തോന്നാതിരിക്കാൻ ഞാൻ നിന്റെ മുന്നിൽ ഏറ്റവും സത്യസന്ധനായിരിക്കാൻ ആത്മാർഥമായി തന്നെ ശ്രമിച്ചിരുന്നു.. ഞാൻ ജീവിക്കുന്ന ജീവിതത്തിന്റെ കുറവുകൾ നിന്നെ വേദനിപ്പിക്കാതിരിക്കാനും, നിന്റെ സ്നേഹം നഷ്ടമാകാതിരിക്കാനും ചിലപ്പോൾ ചിലതൊക്കെ നിന്നോട് പറയാതിരിക്കേണ്ടി വരുമ്പോൾ ഞാൻ എത്രത്തോളം സ്വയം നിന്ദിച്ചിരുന്നുവെന്നും ഉള്ളിൽ നീറിയിരുന്നുവെന്നും നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.. അതിനാൽ തന്നെ ഒരു പക്ഷെ നീ എനിക്കു എന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്ന്, നീ എന്നെ വെറുത്തു അകന്നു പോയേക്കുമെന്ന് അറിഞ്ഞിട്ടു കൂടി നിന്റെ മുന്നിൽ ഏറ്റവും സുതാര്യനായിരിക്കുവാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.. അകന്നു പോയാലും വെറുത്തു പോയാലും നിന്നെ ഞാൻ കബളിപ്പിച്ചെന്നോ, എന്നെ പ്രണയിച്ചു നീ വിഡ്ഢിയാക്കപ്പെട്ടെന്നോ നിന്നിൽ നിന്നു ഒരിക്കലും കേൾക്കേണ്ടി വരരുതെന്നു ഞാൻ ആഗ്രഹിച്ചിരുന്നു..
പക്ഷെ ഒടുവിൽ നിന്നിൽ നിന്ന് ഞാൻ കേൾക്കേണ്ടി വന്നതെല്ലാം അത്തരം വാചകങ്ങൾ തന്നെയാണ്.. സാരമില്ല.. ഒരുപക്ഷെ ഞാൻ അതൊക്കെ അർഹിക്കുന്നുണ്ടാകണം..
കാരണം നിന്റെ ഏറ്റവും മോശമായ സമയത്തു, നീ ഏറ്റവും വേദനകളിൽ കൂടി കടന്നു പോകുന്ന സമയത്തു, നിന്റെ പ്രാണൻ പോലും അപകടത്തിൽ ആയിരുന്ന സമയത്ത്,എന്റെ ഉള്ളിൽ നിന്നോടുള്ള പ്രണയത്തോട് , എനിക്കു നിന്നോട് തോന്നുന്ന വികാരങ്ങളോട് , നിന്നെ ഓർത്തുള്ള വേദനകളോട് നീതി കാണിക്കാൻ ആവാതെ, നിനക്ക് വേണ്ടി ഒന്നിനും ആകാതെ, ഒന്നിനും കൊള്ളാതെ, വെറും നോക്കു കുത്തി പോലെ, നിസ്സഹായനായി തീ തിന്നും സ്വയം നിന്ദിച്ചും ഞാൻ നിന്നു.. ഉള്ളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ചുമന്നു നില്കുവാനല്ലാതെ എന്റെ പ്രണയത്തിന്റെ സത്യത്തെ നീതീകരിക്കാൻ ഉതകുന്ന ഒന്നും ചെയ്തു ആ പ്രണയം സത്യമെന്ന്തെ ളിയിക്കുവാൻ എനിക്കായില്ല.. എന്റെ പ്രണയം മറ്റൊരുവന്റെ ഔദാര്യങ്ങൾ പറ്റി അവളുടെ ജീവൻ രക്ഷിക്കാൻ പെടുന്ന പാടു എത്രമാത്രം എന്നിൽ സ്വയം അപമാനം ഉണ്ടാക്കിയിരുന്നു. മറ്റെല്ലാത്തിനും മീതെ ഞാൻ ഈ ജന്മത്തിൽ അപമാനഭാരത്താൽ തലകുനിച്ചു നിന്നു പോകുന്ന വേറെ ഒരു സാഹചര്യവും എനിക്ക്ഉ ണ്ടായിട്ടില്ല ..
എന്റെ ചുറ്റുപാടുകളുടെ, നിന്റെ ചുറ്റുപാടുകളുടെ മതിലുകളിൽ ഞാൻ തളക്കപ്പെട്ടിരുന്നു.. നിന്നെ പോലെ എല്ലാം തകർത്തെറിയുവാൻ ഉള്ള മനക്കരുത്തു എന്നിൽ ഉണ്ടായില്ല.. നിനക്ക് ബലമാകേണ്ടി നിൽക്കേണ്ട സമയത്തു നിന്നെ തകർത്തു കൊണ്ടും തളർത്തിക്കൊണ്ടും മറ്റൊരുവൾക്കു സ്വയം പങ്കിട്ടു കൊടുത്തു അവളെ തൃപ്തിപ്പെടുത്തുക എന്ന, എനിക്കു പോലും ഒരിക്കലും സ്വയം പൊറുക്കുവാൻ ആവാത്ത മഹാ പാപം ഞാൻ എന്റെ പ്രണയത്തോട്, അതായത് നിന്നോട് ചെയ്തവൻ ആണ്.. എന്റെ കഴിവുകേടുകൾക്കും പരിമിതികൾക്കും എന്റെ പ്രവർത്തികൾക്കും അപ്പുറം നിന്നെ ഓർത്തും, നിന്നോടും എന്റെ പ്രണയത്തോടും എനിക്കു ചെയ്യേണ്ടി വരുന്ന അനീതി ഓർത്തും നെഞ്ചു തകർന്നു ഉള്ളിൽ നിലവിളിക്കുന്ന എന്നെ അറിയാൻ നിനക്കും ആയില്ല.. അവഗണിച്ചും നിന്ദിച്ചും വേദനിച്ചും എന്നെ ആട്ടിപ്പായിക്കുന്ന നിന്റെ മുന്നിൽ എന്റെ പ്രണയത്തിന്റെ സത്യം പറയാനും എന്റെ പ്രവർത്തികളുടെ സാഹചര്യങ്ങളെ ന്യായീക്കരിക്കാനും ശ്രമിച്ചു പരാജയപ്പെടുമ്പോൾ, ഹൃദയം കീറി മുറിക്കുന്ന നിന്റെ കൂർത്ത മൂർത്ത വാക്കുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി, അന്നത്തെ മറ്റു സാഹചര്യങ്ങളും ചേർന്നു മനോ നില തെറ്റിച്ചു കളഞ്ഞപ്പോൾ നിന്നോട് പലപ്പോഴും മോശമായി സംസാരിക്കേണ്ടി വരികയും ചെയ്തു ..അത് കൊണ്ടു ഞാൻ ഏറ്റവും മോശമായത് നിന്നിൽ നിന്നു, വിധിയിൽ നിന്നു, ഈ സമൂഹത്തിൽ നിന്നു അർഹിക്കുന്നുണ്ട്..
മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ടു, അവരെ വേദനിപ്പിച്ചു കൊണ്ടും അപമാനിച്ചു കൊണ്ടും അവരുടെ നമ്മിലുള്ള ആഗ്രഹങ്ങളെ നിഷേധിച്ചു കൊണ്ടും ആണ് നമ്മൾ പരസ്പരം പ്രണയിച്ചത്.. അതിന്റെ ഫലം കൂടി ആയിരിക്കാം എനിക്ക് നീ തന്ന ഈ ശിക്ഷ ..
പക്ഷെ ഒന്നറിയാം എനിക്കു.. ഞാൻ നിന്നെ പ്രണയിക്കുന്നതിൽ, ആ പ്രണയം നിറയുന്ന എന്റെ മനസ്സിലൊ, ചിന്തകളിലൊ ഹൃദയത്തിലോ നിന്നെ വഞ്ചിക്കണമെന്നോ, നിന്നെ വിഡ്ഢിയാക്കണമെന്നോ ഒരിക്കൽ പോലും തോന്നൽ ഉണ്ടായിരുന്നില്ല എന്ന്.. കാരണം നിന്നോടുള്ള എന്റെ പ്രണയം എന്റെ മനസ്സിന്റെ, ഇതുവരെക്കുമുള്ള എന്റെ ജീവിതത്തിലെ ഏറ്റവും ശുദ്ധവും നിഷ്കളങ്കവുമായ വികാരമായിരുന്നു.. നിന്നെ പ്രണയിക്കുന്നതിൽ കൂടി ഞാൻ എന്നെ സ്വയം തിരിച്ചെടുക്കുകയായിരുന്നു.. സ്വയം തിരിച്ചറിയുകയായിരുന്നു.. ഈ ജന്മത്തിൽ ഇനിയൊരാളെയും ഈ ഹൃദയത്തിനു സ്വന്തമെന്ന് പറയാൻ ആവാത്ത വിധം എന്റെ ഹൃദയം നിനക്ക് പൂർണമായി സ്വന്തമായി നൽകി കഴിഞ്ഞിരുന്നു..
മറ്റുള്ളവരെ വഞ്ചിക്കുന്നതിൽ എനിക്കു എന്നും വേദനയും ഭയവും കുറ്റബോധവുമുണ്ടായിരുന്നു.. നമ്മൾ അവരോടു കാണിക്കുന്ന വഞ്ചന അവർ തിരിച്ചറിയരുതെന്നും, അങ്ങനെ അവർ വേദനിച്ചും അപമാനിക്കപ്പെട്ടും തകർന്നു പോകരുതെന്നും ഞാൻ ആഗ്രഹിച്ചിരുന്നു.. കാരണം അവരുടെ ആ മനസികാവസ്ഥകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. അവർ അറിഞ്ഞാൽ അവർ എങ്ങനെ നമ്മോടും സ്വയവും പ്രതികരിക്കുമെന്നു ഞാൻ ഭയപ്പെട്ടിരുന്നു..എനിക്കും നിനക്കും ഉണ്ടായേക്കാവുന്ന മാനക്കേടുകൾ എന്നെ ദുർബലൻ ആക്കിയിരുന്നു.. ഭീരു ആക്കിയിരുന്നു..പക്ഷെ നിന്നിലുള്ള പ്രണയവും സ്വാർഥതകളും എല്ലാത്തിനും മുകളിൽ നിന്നു കൊണ്ടു മറ്റൊരാൾക്കു നിന്നെ വിട്ടു കൊടുക്കാനുള്ള എന്റെ ചിന്തകളെ കശാപ്പും ചെയ്തിരുന്നു.. നിന്റെയും നിന്റെ ഒപ്പമുള്ളവരുടെയും ജീവിതവും സന്തോഷങ്ങളും തകരരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന അതേ നിമിഷങ്ങളിൽ തന്നെ നിന്നെ മറ്റൊരാൾക്കു വിട്ടു കൊടുത്തു കൊണ്ടു മറ്റുള്ളവർക് സന്തോഷവും ജീവിതവും ഉണ്ടാക്കാൻ എനിക്കു സാധ്യവുമല്ലായിരുന്നു..
എന്നെ പ്രണയിച്ചു വ്യർഥമാകുന്ന സ്വന്തം ജീവിതം നിന്നെ എപ്പോൾ മുതലായിരിക്കാം അലട്ടിയിട്ടുണ്ടാവുക..? എങ്ങനെയെങ്കിലും ഇവനെ ഒഴിവാക്കി, കൈ വിട്ടു പോയ ജീവിതം തിരിച്ചു പിടിക്കണമെന്ന ചിന്തയോ, അല്ലെങ്കിൽ പ്രാണൻ പോലും കൈ വിട്ടു പോകുന്ന സാഹചര്യങ്ങളിൽ കൂടി കടന്നു പോയപ്പോൾ കയ്യിൽ ഉള്ള ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞു, അർഥ ശൂന്യമായ ഒരു പ്രണയം അതിനേക്കാൾ അർഥ ശൂന്യനായ ഒരുവനെ പ്രണയിച്ചും അതിന്റെ യാതനകളും മാനക്കേടുകളും സഹിച്ചും ഇനിയും വ്യർഥമാക്കുവാൻ നിനക്ക് മനസ്സു വന്നിട്ടുണ്ടാവില്ലായിരിക്കാം.. എല്ലാ കഷ്ടതകളിലും ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒപ്പം നിന്നു സഹായിക്കുകയും സംരക്ഷിക്കുകയും വേദനിക്കുകയും ചെയ്തവരെ തകർത്തു, അവരുടെയും തന്റെയും കയ്യിൽ ഉള്ള വിലപിടിപ്പുള്ള ജീവിതത്തെ നഷ്ടമാക്കണ്ട എന്ന തിരിച്ചറിവും നിന്നിൽ നിന്നും എന്നെ പറിച്ചെറിയാൻ നിന്നെ പ്രേരിപ്പിച്ചിട്ടുണ്ടാകാം.. അങ്ങനെ ഒപ്പം നിന്നവരോട് നിനക്ക് എന്നോടുള്ളതിനേക്കാൾ പ്രണയം ഉള്ളിൽ തോന്നി തുടങ്ങിയിട്ടുണ്ടാകാം.. മനുഷ്യൻ പലപ്പോഴും അങ്ങനെയാണ്... ഇന്നു വരെ സ്നേഹിച്ചതിനേക്കാൾ മികച്ച ഒരു പ്രണയം അവർക്കു കണ്ടെത്താൻ കഴിയും.. അതിനു ചില സാഹചര്യങ്ങൾ അവരെ സഹായിക്കും.. നിനക്കും അങ്ങനെ ഒന്ന് സംഭവിച്ചിരിക്കാം.. അനിശ്ചിതത്വങ്ങളുടെ പ്രണയം ആണല്ലോ എല്ലാം.. പക്ഷെ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം നീ മാത്രമാണെന്ന് ഉറപ്പിച്ചാണ് ഞാൻ മുന്നോട്ടു പോകുന്നതു.. ഏതൊക്കെ സാഹചര്യങ്ങൾ സമ്മർദം ചെലുത്തിയാലും എന്റെ ഹൃദയത്തിൽ മറ്റൊരു പ്രണയം മുളക്കില്ല..
ഒടുവിൽ നീ എന്നെ ആട്ടിപ്പായിച്ചു നിന്റെയും നിനക്ക് ഒപ്പമുള്ളവരുടെയും ജീവിതം വീണ്ടെടുക്കുമ്പോൾ, നിനക്ക് ആരും അല്ലാത്തവനായി സ്വയം ഒന്നിനും കൊള്ളാത്തവനായി ഈ യന്ത്രികമായ ജീവിതം മറ്റൊരുവൾക്കൊപ്പം നയിക്കുമ്പോഴ്ബും എനിക്കു നിശ്ചയമുള്ള ഒരേ ഒരു കാര്യം ഞാൻ നിന്നെ ഇപ്പോഴും പ്രണയിക്കുന്നു എന്നതാണ്.. നിന്നെ മാത്രമേ പ്രണയിക്കുന്നുള്ളു എന്നതാണ്.. നിന്റെ മനസ്സിൽ ഇന്നെന്താണെന്നു എനിക്കു വ്യക്തതയില്ല.. ഞാൻ നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ആർദ്രത ഉളവാക്കുന്ന ഒന്നായി ഉണ്ടാവുമോ? അതോ ഓർക്കുന്ന മാത്രയിൽ വെറുപ്പും അമർഷവും മാത്രം ഉണ്ടാക്കുന്ന ഒരുവനായി മാറിയിരിക്കുമോ.. ഒന്നുമറിയില്ല എനിക്കു..
പണ്ട് പലപ്പോഴും മനസ്സിനെ ഞാൻ പഠിപ്പിച്ചിരുന്നു പ്രണയം എന്നത് ശരീരത്തിന്റെ സ്വന്തമാക്കൽ മാത്രം അല്ല എന്ന്.. അതു ഞാൻ പ്രണയിക്കുന്നവളുടെ മനസ്സു സ്വന്തമാക്കുന്നതിൽ കൂടി ആണെന്ന്..അവൾ ലോകത്തിന്റെ ഏതു കോണിൽ ആയിരിക്കുമ്പ്പഴും അവളുടെ മനസ്സിൽ മറ്റാർക്കും ഇല്ലാത്ത ഒരിടം, അവളുടേതു മാത്രമായ, അവൾ എനിക്കു മാത്രമായി നൽകുന്ന ആ ഇടം സ്വന്തമാക്കുന്നതിൽ ആണ് യഥാർത്ഥ പ്രണയം വിജയിക്കുന്നതെന്നു.. പക്ഷെ ഇന്നിപ്പോൾ ഇതൊന്നും നിന്നിൽ എന്നോട് ഇല്ലാതിരിക്കുമ്പോഴും എനിക്കു നിന്നെ മാത്രമേ പ്രണയിക്കാൻ സാധിക്കുന്നുള്ളൂ എന്നതാണ് സത്യം.. നിന്നെ അല്ലതെ മറ്റാരെയും സ്വന്തമെന്നു കരുതാൻ എനിക്ക് സാധിക്കുന്നില്ല എന്നതാണ് എന്റെ പ്രണയം എനിക്കു പഠിപ്പിച്ചു നൽകുന്നത്... എന്റെ കാഴ്ചപ്പാടുകളിൽ കൂടി പ്രണയത്തിന്റെ വിജയ പരാജയങ്ങൾ നിർണ്ണയിക്കുമ്പോൾ വിജയിച്ചത് നിന്റെ പ്രണയം ആണ്.. കാരണം എന്റെ ഹൃദയത്തിൽ, എന്റേത് മാത്രമായ ആ ഇടത്തിൽ നിനക്ക് മാത്രമായി ആ സ്ഥാനം നില നില്കുന്നു.. നിന്നെ ഓരോ മിടിപ്പിലും ഓർത്തു കൊണ്ടു ആ ഹൃദയം സ്പന്ദിക്കുന്നു... പരാജയപ്പെട്ടത് എന്റെ പ്രണയമാണ്.. നിന്നിൽ എവിടെയും ഞാൻ ഇല്ലാതെ ആയി ഞാനും എന്റെ പ്രണയവും തോറ്റു പോയിരിക്കുന്നു..
നിനക്കറിയുമോ,ജീവിതത്തിന്റെ ചെറുപ്പകാലത്തു അരക്ഷിതമായ വഴികളിൽ കൂടി ജീവിതം കരുപ്പിടിപ്പിക്കാൻ അന്യ നാടുകളിൽ പരിശ്രമിക്കുമ്പോൾ എനിക്കു സ്വയം എന്താണ് വേണ്ടതെന്നു തിരിച്ചറിയാൻ ഉള്ള ശേഷി അന്നു ഉണ്ടായിരുന്നില്ല.. വേണ്ട സമയത്തു വേണ്ട ബുദ്ധി ഉദിച്ചിരുന്നില്ല..അത് കൊണ്ടാണ് ഒരിക്കലും അവകാശത്തോടെ സ്വന്തമാക്കാൻ ആവാത്ത വിധം നീ എനിക്കു കൈ വിട്ടു പോയത്.. തെറ്റാണെന്ന്ന്നു ബോധ്യമുള്ളപ്പോൾ പോലും പ്രായത്തിന്റെയും ശരീരരത്തിന്റെയും ചാപല്യങ്ങൾ എന്നെ പല വിധ പാപങ്ങളും ചെയ്യാൻ അന്ന് ഇടയാക്കിയിട്ടുണ്ട്.. അതിനൊന്നും പരിഹാരം കാണാനോ പ്രായശ്ചിതം ചെയ്യാനോ ഒന്നും എനിക്കായിട്ടുമില്ല.. ചെയ്തു പോയ ചില പാപങ്ങൾ തിരുത്തി സ്വയം നല്ലവൻ ആകാൻ ശ്രമിക്കുമ്പോൾ അത് എത്ര മാത്രം അതിൽ എനിക്കൊപ്പം പങ്കാളികൾ ആയവരെ വേദനിപ്പിക്കുമെന്നും, അപമാനിതരക്കുമെന്നും, ജീവിതത്തിൽ ഒറ്റപ്പെടുത്തുമെന്നും, നിരാശപ്പെടുത്തുമെന്നും ഉള്ള ബോധ്യത്തിൽ അവരെ അങ്ങനെ പൂർണമായി ഉപേക്ഷിക്കാൻ എനിക്കു സാധിച്ചിട്ടില്ല.. അത് കൊണ്ടു തന്നെ നിന്നോടുള്ള പ്രണയത്തിൽ അതൊക്കെ കളങ്കങ്ങൾ ആയി അവശേഷിക്കുന്നുമുണ്ട്.. എനിക്കറിയാം അതൊന്നും നിനക്ക് സഹിക്കാൻ ആവില്ലെന്ന്... പക്ഷെ എന്റെ ഹൃദയത്തിൽ, എന്തെ മനസ്സിന്റെ വികാരങ്ങളിൽ, ചിന്തകളിൽ നീ മാത്രമേ എന്റെ ആത്മാവിന്റെ പങ്കാളി ആയി നില നില്കുന്നുള്ളു..
പല പുഷ്പങ്ങൾ നുകരുന്ന ഒരു ശലഭം ആകുവാനല്ല, മറിച്ചു മരിക്കുവോളം ഒരുവളിൽ മാത്രം പ്രണയം അർപ്പിച്ചു ജീവിക്കുന്ന വേഴാമ്പൽ ആകുവാനാണ് ഞാൻ ആഗ്രഹിച്ചത്.. പക്ഷെ എനിക്കു തൃപ്തമാകുന്ന ഒരു പ്രണയം കണ്ടെത്താൻ ഞാൻ വൈകിപ്പോയി.. എന്നെ പൂർണമായി നിറക്കുന്ന നിന്നെ തിരിച്ചറിയാനും നിന്നിലേക് എത്താനും ഞാൻ വൈകിപ്പോയി.. എങ്കിലും നിന്നെ അറിഞ്ഞപ്പോൾ മുതൽ ഞാൻ എന്നും ആഗ്രഹിച്ച പോലെ ഒരു വേഴാമ്പൽ നെ പോലെ പ്രണയിക്കാൻ എനിക്കു സാധിക്കണമെന്നും ഞാൻ തീരുമാനിച്ചു..എനിക്കു എന്റെ മനസ്സിനെ ശീലിപ്പിക്കണമായിരുന്നു ഒരു പ്രണയത്തിന്റേത് മാത്രമായിരിക്കുവാൻ.. അങ്ങനെ ഒരു ഉറപ്പുള്ള വ്യക്തിത്വം ആയിരിക്കുവാൻ.. . അങ്ങനെ എന്നെ പരിപൂർണമായി തൃപ്തമാക്കുന്ന, എന്റെ മനസ്സിലും ഹൃദയത്തിലും അല്പം പോലും ഇടം ബാക്കി വെക്കാതെ നിറഞ്ഞു നിൽക്കുന്ന ഒരാൾ മാത്രമേ എനിക്കു ഉണ്ടായിട്ടുള്ളൂ.. അത് നീ ആണ്നി.. നിന്നെ പ്രണയിക്കുന്നതിൽ കൂടി എനിക്കു എന്റെ പ്രണയത്തെ, മനസ്സിനെ ഒരിടത്തു മാത്രമായി ഉറപ്പിച്ചു നിർത്തുവാൻ സാധ്യമാകുന്നുണ്ട്.. അനിശ്ചിതത്വങ്ങൾ ഇല്ലാത്ത പ്രണയം ഉണ്ടെന്നു ഞാൻ എന്നിൽ കൂടി, നിന്നെ പ്രണയിക്കുന്നതിൽ കൂടി തന്നെ സ്വയം തിരിച്ചറിയുന്നുണ്ട്.. അതു മതി എനിക്കു..
എന്റെ ഈ ജീവിതം മാത്രം വെച്ച് നീ എന്നെ വിലയിരുത്തിയേക്കാം.. എന്റെ പ്രണയത്തിനു നീ പുശ്ചതിന്റെ, ചിറി കോട്ടലിന്റെ വില ഇട്ടേക്കാം.. പക്ഷെ എന്റെ ഉള്ളിൽ, ഹൃദയത്തിൽ അപ്പോഴും നീ ഇരുന്നു തുടിക്കുന്നുണ്ടാകും.. ആ മിടിപ്പു അവസാനിക്കുന്ന നേരത്തു ഈ ശരീരം അതിന്റെ അവസാന ശ്വാസം എടുത്തു കഴിഞ്ഞിട്ടുണ്ടാകും..
No comments:
Post a Comment