Monday, 27 June 2022

പേരില്ലാത്ത കഥ -2

 അമ്മൂസേ, നിന്റെ ഒരു നോട്ടം കൊണ്ടു ജീവന്റെ ചൈതന്യം അതിന്റെ ഏറ്റവും പാരമ്യത്തിൽ എത്തുന്ന ഒരു ജീവിയാണ് ഞാൻ.. നീ എന്നെ പ്രണയിക്കുന്നത് എന്റെ ഈ ജന്മത്തിന്റെ ഏറ്റവും മഹത്തായ സൗഭാഗ്യവും അതേ പോലെ എനിക്ക് ആർജിക്കാവുന്ന ഏറ്റവും വല്യ അഭിമാനവും ആയിരുന്നു.. നീ എനിക്ക് എന്താണെന്നു എങ്ങനെയാണ് ഞാൻ വർണ്ണിക്കുക..

നിന്റെ ശബ്ദം കേൾക്കുന്ന മാത്രയിൽ ഉയിരിൽ തുയിൽ ഉണരും എനിക്ക്.. നിന്റെ ദർശന മാത്രയിൽ എന്റെ ഹൃദയം സന്തോഷം കൊണ്ടും വർണിക്കാൻ ആവാത്ത ആയിരം വികാരങ്ങൾ കൊണ്ടും വീർപ്പു മുട്ടും.. നിന്റെ ഒരു സ്പർശം കൊണ്ടു ഞാൻ എന്റെ ജീവിതത്തിന്റെ ഏറ്റവും ഉദാത്തമായ സാഫല്യവും സായൂജ്യവും നേടും.. നീ എനിക്കെന്തായിരുന്നു എന്ന് എങ്ങനെയാണു ഞാൻ വിവരിക്കുക..

നിൻറെ ഒരു ഫോൺ വിളിക്കു വേണ്ടി, നിന്റെ ഒരു ദർശനത്തിന് വേണ്ടി, നിന്റെ സ്പർശത്തിന്റെ സയൂജ്യത്തിന് വേണ്ടി ഞാൻ കാത്തിരുന്നത് എത്ര എത്രയാണ്.. നിന്റെ ഫോട്ടോകളിൽ മാറി മാറി നോക്കി എത്രയോ സമയങ്ങൾ ഞാൻ മനസ്സു വിങ്ങി നെടുവീർപ്പിട്ടിരുന്നു.. നിന്റെ  മിഴിയാകാശത്തിന്റെ കരിമേഘ സമുദ്രങ്ങളുടെ ആഴങ്ങളിലേക്ക് ഞാൻ എത്ര എത്ര നേരം നോക്കിയിരിക്കുന്നു ഇപ്പോഴും..

നീ എനിക്ക് നിഷേധിച്ച എന്റെ ഈ ജന്മത്തിന്റെ ചെയ്തന്യങ്ങൾ ആണ് ഇവ എല്ലാം ഇന്നു.. എല്ലാം എനിക്കു നീ നിഷേധിച്ചു.. Whatsap ഇൽ ഇന്നു നീ എനിക്കായി ഇല്ല.. ഫേസ്ബുക്കിൽ നിന്റെ ആക്റ്റീവ് സ്റ്റാറ്റസ് നീ മറച്ചു വെച്ചു.. ടെലെഗ്രാമിൽ നീ ഓൺലൈൻ വരുമ്പോൾ കാണുന്ന ആ പച്ച വെളിച്ചത്തിനു വേണ്ടി ഞാൻ എത്രയായ മണിക്കൂറുകൾ അതിൽ നിന്റെ ഒരു നോട്ടത്തിനായി കണ്ണും മിഴിച്ചു രാവും പകലും കാത്തിരുന്നു.. ആ പച്ചവെളിച്ചം കൊണ്ടു ഞാൻ നേടിയത് എന്റെ ജീവശ്വാസം ആയിരുന്നു.. ഒടുവിൽ നീ അതും എനിക്കു നിഷേധിച്ചു..

എത്രയോ കാലമായി നീ എനിക്കായി ഒരു നോട്ടത്തിന്റെ ഭിക്ഷ നൽകിയിട്ടു.. എങ്കിലും ഇന്നും ഞാൻ ഉണരുന്നതും ഉറങ്ങുന്നതും, ആഹാരം കഴിക്കുന്നതും നിന്റെ മുഖം നോക്കിയിട്ടാണ്.. നിന്റെ കണ്ണിണകളുടെ ആഴം തേടിയിട്ടാണ്.. നിന്നെ കാണാത്ത, നിന്നോട് മനസ്സു കൊണ്ടു സംസാരിക്കാതെ ഒരു നിമിഷം പോലും എന്നിൽ ഇല്ല .. എന്റെ ചിന്തകളുടെ ഓരോ നിമിഷവും ഇന്നും നീ എന്ന ന്യൂക്ലീയസ് നു ചുറ്റും കറങ്ങി കൊണ്ടാണ്.. നീ വെറുപ്പിന്റെ കരിമ്പടം മൂടിയിട്ടിട്ടു പോയ ഈ വിഷുവിനു പോലും എന്റെ വിഷുക്കണി നീ ആയിരുന്നു..ഇന്നും ടെലെഗ്രാമിൽ എത്രയോ തവണ ഞാൻ പ്രതീക്ഷയോടെ ഒരു നേട്ടത്തിന് വേണ്ടി കാത്തിരിക്കുന്നു.. ഓരോ പകലിലേക്കും ഞാൻ ഉണരുന്നത് നിന്റെ ഒരു നോട്ടം ഇന്നെങ്കിലും എനിക്കായി ഉണ്ടാകും എന്ന പ്രതീക്ഷയുടെ ആണ്.. ഓരോ രാവിലും ഞാൻ കണ്ണടക്കുന്നതു നാളെ എങ്കിലും നീ എന്നെ ഒന്നു നോക്കണേ എന്ന പ്രാർത്ഥനയോടെ ആണ്.. പക്ഷെ നീയും ദൈവവും ഒരേ പോലെ എന്റെ പ്രതീക്ഷകളെയും പ്രാർഥനകളെയും നിരാർഥകമാക്കുന്നതിൽ മത്സരിക്കുകയാണ്..

പ്രണയം അത്‌ ആവാച്യമായ അനുഭൂതിയാണ് അമ്മൂസേ... അതിനു ഹൃദയം കൊണ്ടു സ്നേഹിക്കണം.. ത്യാഗങ്ങൾ കൊണ്ടോ, പ്രകടിപ്പിക്കലുകൾ കൊണ്ടോ പ്രണയം അനശ്വരമായി കൊത്തി വെക്കപ്പെട്ടേക്കാം.. പക്ഷെ യഥാർത്ഥത്തിൽ പ്രണയം കൊത്തി വെക്കപ്പെടുന്നത് പ്രണയിക്കുന്നവന്റെ ഹൃദയത്തിൽ അവൻ പ്രണയിക്കുന്നവളോടുള്ള  അവന്റെ വികാരങ്ങളുടെ, അവളോടുള്ള ആരാധനയുടെ, അവളോടുള്ള ബഹുമാനത്തിന്റെ, അവൾക്കു വേണ്ടിയുള്ള അവന്റെ ഹൃദയം തപിച്ചുള്ള ശ്വാസ നിശ്വാസങ്ങളുടെ തീവ്രതകളിൽ ആണ്.. ഒരു പക്ഷെ അവൾ പോലും മനസ്സിലാക്കാതെ, തിരിച്ചറിയാതെ പോകുന്ന  അവൾക്കു വേണ്ടിയുള്ള അവന്റെ ആത്മാവിന്റെ നിലവിളിയാണ് പ്രണയം..ആ നിലവിളി എന്നിൽ നിന്നു ഹൃദയം ചിന്നഭിന്നമായി ഓരോ ശ്വാസത്തിലും ഉയരുന്നുണ്ട്..

===================

ഭാഗം -2

കിഴക്കെ കളരിയുടെ കാവിന്റെ ഒത്ത നടുവിൽ ആകാശം മുട്ടെ നിൽക്കുന്ന, പ്രപഞ്ചത്തിന്റെ നാല് ദിക്കുകളിലേക്കും ആയിരം കരങ്ങൾ നീട്ടി നിൽക്കുന്ന പടു കൂറ്റൻ ആഞ്ഞിലി മരത്തിൽ ആഞ്ഞിലി ചക്കകൾ പോലെ വവ്വാലുകൾ തൂങ്ങി കിടന്നു.. ഓരോ ശിഖരത്തിലും രാവിന്റെ പടയാളികൾ പകൽ വെളിച്ചത്തിന്റെ കണ്ണു വെട്ടിച്ചു ഉറങ്ങി കിടന്നു..

ചൂരൽ വള്ളികൾ പിണഞ്ഞു കിടക്കുന്ന കാവിൽ എപ്പോഴും ഇരുട്ടായിരുന്നു.. കാവിന്റെ നടുവിലേക്കു ചൂരലുകൾ വെട്ടി  ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ പാകത്തിന് ഒരു പാത തെളിഞ്ഞു കിടന്നു.. നാഗ രാജാവിന്റെയും നാഗറാണിയുടെയും കരിങ്കൽ മൂർത്തികൾക്കു നൂറും പാലും കഴിക്കുവാൻ വേണ്ടി എല്ലാ മാസത്തിലും ആയില്യം നാളിൽ അവിടേക്കു കളരി ശാന്തിക്കും മറ്റുള്ളവർക്കും പോകാൻ വേണ്ടി തെളിച്ച പാതയാണ് അത്‌..

നഗ്നമായ പാദങ്ങൾ കൊണ്ടു ആ പച്ച മണ്ണിൽ കൂടി നടക്കുമ്പോൾ തല മുടിയിലേക്ക് വരെ കുളിർ പടർന്നു കയറി .. കറുത്ത മണ്ണിൽ പലയിടത്തും നാഗ ദേവതകൾ ഉറിഞ്ഞെറിഞ്ഞ പുടവ തുണ്ടുകൾ ചിതറി കിടക്കുന്നു.. വഴിയിറമ്പിൽ എവിടെയൊക്കെയോ അവരുടെ പവിഴക്കണ്ണുകൾ എന്നെ ഉറ്റു നോക്കുന്നുണ്ടാവുമെന്ന് ഓർത്തു എന്റെ ഉള്ളിൽ നിന്നും ഭയത്തിന്റെ തണുത്ത മിന്നലുകൾ ഓടി നടന്നു എന്റെ അസ്ഥി തുളക്കുന്നുണ്ടായിരുന്നു..

കൊരണ്ടി പഴം..

ചുവന്നു തുടുത്ത, മധുരം കിനിയുന്ന കൊരണ്ടി പഴം..

ആ കാവിന്റെ ഭയാനകമായ കറുപ്പിൽ, നാഗത്താന്മാരുടെ കൃപയിൽ , വവ്വാൽ പടയാളികളുടെ കാവലിൽ കൊരണ്ടി പഴങ്ങൾ എന്നെയും പ്രതീക്ഷിച്ചു നിൽക്കാറുണ്ട്.. എന്നിലെ എല്ലാ ഭയങ്ങളും കൊരണ്ടി പഴത്തിന്റെ മധുരത്തിന്റെ കൊതിയിൽ വായിൽ ഊറുന്ന തേനിൽ ഒലിച്ചു പോകും..

എല്ലാ ഞായറാഴ്ചകളിലും ഞാൻ ആരും കാണാതെ ആ കാവിന്റെ ഇരുളിലേക്ക്, നാഗതന്മാരുടെ അനുഗ്രഹാഷിസ്സുകളോടെ കടന്നു കയറി..

ആരാണ് എനിക്ക് ആദ്യമായി കൊരണ്ടി പഴത്തിന്റെ രുചി സമ്മാനിച്ചത്?

എനിക്ക് നല്ല ഓർമ്മയുണ്ട്.. അത്‌ മണിച്ചേച്ചി ആയിരുന്നു.. ഓമനചായിയുടെ മകൾ മണിച്ചേച്ചി എന്ന് ഞാൻ വിളിക്കുന്ന മണി.. വേറെ എന്തെങ്കിലും പേര് അവർക്കുണ്ടോ എന്ന് എനിക്കറിയില്ല..

ഓമനച്ചെയിക്ക് ഒരേ ഒരു മകൾ മാത്രമേ ഉള്ളു.. അവരുടെ നാലു വശവും ഓല കെട്ടി മറച്ച, ഓല കൊണ്ടു വാതിൽ മറച്ച, ഓല കൊണ്ടു മേൽക്കൂര മെനഞ്ഞ ഒറ്റ മുറി വീട് കളരിക്കാവിന്റെ തെക്കു ഭാഗത്തു അല്പം മാറി ആയിരുന്നു..

വീട്ടിൽ അമ്മക്ക് എന്തെങ്കിലുമൊക്കെ സഹായത്തിനു ആവശ്യമുള്ളപ്പോൾ, പ്രത്യേകിച്ചും അച്ഛൻ കണ്ടത്തിൽ കൃഷി ചെയ്തു കിളച്ചു കൊണ്ടു വന്നു കൂമ്പാരം പോലെ ചായ്‌പിന്റെ മൂലക്ക് കൂട്ടിയിട്ടിരുന്ന ചെറു ചേമ്പിന്റെ മണ്ണ് കളഞ്ഞു വേര് പറിക്കാൻ, ഓമനചെയി ആണ് വരിക.. അങ്ങനെ ഉള്ള ആവശ്യങ്ങൾ ഇല്ലാത്തപ്പോഴും അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വന്നിരുന്നു..

ഓമനചെയ്യിക്കു ഒരു പ്രത്യേകത ഉണ്ട്.. അവരുടെ കൺപോളകൾ അനിയന്ത്രിതമായി അനസ്യൂതം വെട്ടി വെട്ടി അടയുകയും തുറക്കുകയും ചെയ്യും . എപ്പോഴും വെറ്റിലയും പാക്കും മുറുക്കുന്ന അവർക്കു പുകയില കൂട്ടി മുറുക്കാൻ എന്റെ അച്ഛമ്മയുടെ മുറുക്കാൻ ചെല്ലം ആയിരുന്നു ആശ്രയം..

അവർ മിക്ക ദിവസങ്ങളിലും വീട്ടിൽ വരുമ്പോൾ കൂടി മണി ചേച്ചിയും ഉണ്ടാകും.. എന്നേക്കാൾ ഒരു പാട് വയസ്സിനു മുതിർന്നവൾ ആയിരുന്നു മണി ചേച്ചി..അവരുടെ വീട്ടിലെ മുഴു ദാരിദ്ര്യത്തിൻറെ പട്ടിണിയിൽ നിന്നും എന്റെ വീട്ടിലെ അർദ്ധ ദാരിദ്ര്യത്തിന്റെ അര വയർ നിറവിലേക്കു അവർ പ്രതീക്ഷയോടെ വരും..

ഉണക്ക ചീനിയോ, ചക്ക വേവിച്ചതോ ആർക്കും വയറു നിറക്കാൻ തികയാത്ത ചോറിന്റെ വറ്റുകളും അവർക്കു കൂടി പങ്കിട്ടു കൊടുത്തു അമ്മ അവരുടെ പ്രതീക്ഷകൾ കാത്തു..

അങ്ങനെ ഒരിക്കൽ വീട്ടിൽ വന്ന ദിവസം ആണ് മണിച്ചേച്ചി എനിക്ക് കൊരണ്ടി പഴം സമ്മാനിച്ചത്.. എത്രയോ തവണ കെഞ്ചി കെഞ്ചി ചോദിച്ചിട്ടാണെന്നോ അത്‌ എവിടുന്നാണ് അവർക്കു കിട്ടിയതെന്നു അവർ എന്നോട് പറഞ്ഞത്...അന്നു എനിക്ക് പ്രായം ആറോ എഴോ ഉണ്ടാകും..അച്ഛമ്മക്ക് മണിച്ചേച്ചിയെ ഒരുപാടു ഇഷ്ടമായിരുന്നു.. അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടി.. അമ്മക്കൊപ്പം അടച്ചുറപ്പില്ലാത്ത വീടിന്റെ ദാരിദ്ര്യത്തിൽ ആരോടും പരിഭവമില്ലാതെ ജീവിക്കുന്ന കുട്ടി..

മരിക്കും വരെ ഒരു മുടി പോലും നരക്കാത്ത എന്റെ അച്ഛമ്മ ചോര ഛർദിച്ചു മരിച്ചത് എനിക്ക് ഏഴു വയസ്സുള്ളപ്പോൾ ആണ്.. ഏറെ പ്രായമായ അച്ഛമ്മ മരിക്കും മുന്നേ കുറെ ദിവസങ്ങൾ ആശുപത്രിയിൽ കിടന്നിരുന്നു.. അന്നു കുറെ കുപ്പി ചോര അമ്മൂമ്മയുടെ ദേഹത്തു കയറിയിരുന്നു.. ആ രക്തമെല്ലാം അച്ഛമ്മ മരിക്കും മുന്നേ ഛർദിച്ചു കളഞ്ഞു..

അവരുടെ രക്തം പുരണ്ട തുണികൾ അമ്മ കുഴിയെടുത്തു മൂടിയതിന്റെ പിറ്റേ ദിവസം അച്ഛമ്മ മരിച്ചു.. അച്ഛമ്മ മരിക്കുമ്പോൾ അച്ഛൻ മുക്കിനു എന്തോ സാധനം വാങ്ങാൻ പോയതായിരുന്നു.. അന്നു ഉച്ച വരെ അച്ഛമ്മക്ക് ഒപ്പം ഓരോ നിമിഷവും നോക്കി നോക്കി ഇരുന്ന അച്ഛന്റെ കണ്ണു വെട്ടിച്ചു അച്ഛമ്മ എന്നേക്കുമായി കണ്ണടച്ചു..

അച്ഛമ്മ മരിച്ച കാര്യം അറിയിക്കാൻ അമ്മ എന്നെ മുക്കിനെക്കു ഓടിച്ചു.. ഞാൻ വായ കൊണ്ടു വണ്ടി ഓടിച്ചു, കീക്കി അടിച്ചു, ഊർന്നു പോകുന്ന നിക്കർ ഇടയ്ക്കിടെ പിടിച്ചു കയറ്റി ഇട്ടു കൊണ്ടു ആകാവുന്ന അത്ര വേഗത്തിൽ ഓടി.. അമ്പലത്തിന്റെ മുന്നിലെ വഴിയുടെ ഇറക്കം ഇറങ്ങി വരുന്ന അച്ചനെ ഞാൻ ദൂരെ നിന്നെ കണ്ടു.. അച്ഛൻ അടുത്തത്തും മുന്നേ ഞാൻ അകലെ നിന്ന് വിളിച്ചു പറഞ്ഞു... അച്ഛാ, അച്ഛമ്മ മരിച്ചെന്നു അമ്മ പറഞ്ഞു..

എന്തായിരിക്കും അച്ഛന്റെ മനസ്സിൽ കൂടി കടന്നു പോയിട്ടുണ്ടാവുക ആ നിമിഷത്തിൽ.. അടുത്ത കാലത്തു എപ്പോൾ വേണമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വാർത്ത ആണെങ്കിലും, ആ വാർത്ത കേൾക്കുന്ന നിമിഷം ആയിരം തവണ മനസ്സിൽ സങ്കല്പിച്ചു അതിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ടായിട്ടാണെങ്കിലും അച്ഛൻ ഒരു നിമിഷം പ്രതിമ പോലെ നിൽക്കുന്നതും, നെഞ്ചിൽ കൊളുത്തി ഒരു ദീർഘ ശ്വാസം എടുക്കുന്നതും ഞാൻ കണ്ടു..

മരണം, അത്‌ എത്ര പ്രവാചനാൽമകമാണെങ്കിലും അതിന്റെ സാമീപ്യം അനുഭവിക്കുന്ന നിമിഷങ്ങൾ അതിനായി കാലങ്ങളായി തയ്യാറെടുത്തു ഏതു മനുഷ്യനെയും ഉലച്ചു കളയും.. അച്ഛനു പക്ഷെ കൂടുതലും നിരാശ കലർന്ന വേദന ആവും തോന്നിയിട്ടുണ്ടാവുക..അത്രയും നേരം നോക്കി നോക്കി ഇരുന്ന അമ്മ കണ്ണു തെറ്റിയ നേരത്തു, കുട്ടിക്കാലത്തെ അമ്മക്കൊപ്പം കളിച്ച  കണ്ണു പൊത്തിക്കളിയുടെ ഓർമക്കെന്ന പോലെ, അച്ഛനെ കളിപ്പിച്ചു എവിടേക്കോ പോയി ഒളിച്ചു.. ഒരിക്കലും കണ്ടു പിടിക്കാൻ ആവാത്ത അനന്തതയുടെ ഏതോ ആജ്ഞതമായ മൂലയിൽ അച്ഛമ്മ അച്ഛനെ ഒളിച്ചു മറഞ്ഞിരിക്കാൻ പോയി..





No comments:

Post a Comment