Sunday, 27 October 2019

ഓർമകളുടെ സ്കൂൾ കാലം

ഓർക്കാൻ സുഖമുള്ളതിനൊപ്പം ദുഃഖം അകമ്പടി സേവിക്കാത്തതു  കുട്ടിക്കാലത്തെ ഓര്മകള്ക്കാണ്..  ആർക്കും ബാധ്യത ആവാത്ത ഓർമ്മകൾ.. ആരാലും ബന്ധിക്കപ്പെടാത്ത സ്വതന്ത്രമായ ഓർമ്മകൾ..

അന്നത്തെ ഓരോ അധ്യയന ദിവസങ്ങളുടെയും തുടക്കം ഇങ്ങനെയാണ്.

രണ്ടു മുറികൾ ഉള്ള വീട്ടിലെ നിലവിളക്കു കൊളുത്തുന്ന മുറിയിലാണ് ഉറക്കം.. രാവിലെ 5.30നു  നിലവിളക്കു കൊളുത്തുമ്പോൾ  മുതൽ എഴുന്നേൽക്കാൻ അമ്മ വിളി തുടങ്ങും.. പശുവിനെ കറവ ഉള്ളത് കൊണ്ടു പാലു വാങ്ങാൻ ആളുകൾ വരും.. അവർ മിക്കപ്പോഴും ആദ്യം  വന്നു കേറുന്നത്  നേരെ ആ മുറിയിലേക്കാണ്. ഉറക്കത്തിനിടയിൽ കുത്തഴിഞ്ഞു കിടക്കുന്ന കൈലി എന്നെ സർവ തന്ത്ര സ്വതന്ത്രനാക്കിയിട്ടുണ്ടാവും.. ആ ദർശനത്തിൽ നിന്ന് എന്നെയും വീട്ടിൽ വരുന്നവരെയും രക്ഷിക്കാൻ 'അമ്മ ബെഡ്ഷീറ് എന്റെ  മുകളിലേക്ക് വലിച്ചിടും..  രാവിലെ 7 നു ഉണരുമ്പോൾ അഴിഞ്ഞു പോയ കൈലി പലപ്പോഴും പ്ലാസ്റ്റിക് വിരിഞ്ഞ കട്ടിലിനടിയിൽ നിന്നു തപ്പി എടുക്കേണ്ടി വരും..  പല്ലു തേക്കാൻ ഉമിക്കരിയും ഓലയിൽ നിന്നു ഈർക്കിലിയും ഇരിഞ്ഞെടുക്കണം.. എന്നിട്ടു കിണറ്റിൻ കരയിലേക്ക്.. ഒരു തൊട്ടിയുടെ പകുതി വെള്ളം കോരി വെച്ചു പല്ലു തേക്കൽ ചടങ്ങു തീർക്കണം.. വരി തെറ്റി നിൽക്കുന്ന പല്ലുകളെ നേരെ ആക്കുവാൻ അമർത്തി അമർത്തി തേച്ചെങ്കിലേ പറ്റൂ.. സമയം തെറ്റി പറിച്ചെടുത്ത പഴയ പല്ലുകൾ പുതിയ പല്ലിനെ മുന്നോട്ടും പിന്നോട്ടുമൊക്കെ തള്ളി വെച്ചിരിക്കുവാണ്.. കോൾഗേറ്റ് ഉം ബ്രൂഷും ഒക്കെ വെച്ചു തേക്കാൻ പറ്റിയാൽ പല്ലിന്റെ നിരയും നിറവും ശെരിയാകുമെന്നും കോടിയ മോന്ത നേരെയാകുമെന്നുമൊക്കെ ചിന്തിച്ചു കൂട്ടും..

ബ്രഷ് ചെയ്തു കഴിഞ്ഞാൽ  അച്ഛൻ താനേകുന്നത്ത്കാരുടെ  റബ്ബർ വെട്ടുന്നിടത്തു ഒട്ടുപാൽ വലിച്ചു കൊടുത്തു സഹായിക്കാൻ വിളിച്ചു കൊണ്ടു പോകും.. ഇഷ്ടമില്ലെങ്കിലും പോകാതിരിക്കാൻ ആവില്ല.. അത് കഴിഞ്ഞാൽ വീടിനു പടിഞ്ഞാറേ കല്ലു വെട്ടിയ കുഴിയിലേക്കാണ് ഓട്ടം ..വീടിനു വേണ്ടി വെട്ടിയെടുത്ത കല്ലുകൾ ബാക്കിയാക്കിയ കുഴി.. അതിൽ കുറെയൊക്കെ മണ്ണു വെട്ടി ഇട്ടു നികത്തിയിട്ടുണ്ട്.. അവിടെയാണ് പ്രകൃതിയുടെ വിളി കേട്ടു കുന്തിച്ചിരിക്കുന്നതു..കക്കൂസ് അന്നു അങ്ങനെ ആ പ്രദേശത്തു അധികം  പ്രചാരത്തിൽ ഇല്ലാത്ത ഒരു ആഡംബരം ആയിരുന്നു..  അടുത്ത അയ്യങ്ങളിലൊക്കെ  ആളുകൾ എന്തെങ്കിലുമൊക്കെ ജോലിചെയ്യാൻ ഉണ്ടാകും.. അവരെയൊക്കെ ഒളിഞ്ഞു നോക്കി,  അവർ  നമ്മളെ കാണുന്നില്ലെന്ന് വെറുതെ വിശ്വസിച്ചു,  കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചയെ പോലെ  അങ്ങനെ ഇരിക്കും.. ആളുകൾ കാണുമോ എന്ന ആശങ്ക കൊണ്ട് പലപ്പോഴും വെളിക്കിറങ്ങൽ  അലസിപ്പോയ ഒരു ഗർഭം പോലെ എങ്ങുമെത്താതെ അവസാനിക്കും.  പിന്നെ രാത്രി ആകുമ്പോഴാണ് ആ ഗർഭം  പൂര്ണമാകുന്നതും നിരവയറൊഴിയുന്നതും..

അതു കഴിഞ്ഞു തോർത്തുമെടുത്തു  വടക്കേ തോട്ടിലേക്ക് പായും.. പോകും വഴി എം എൻ രതീഷിനെയും ഹരികൃഷ്ണനെയും കൂട്ടും.. ചിലപ്പോൾ സജീവും ഹരി അണ്ണനും നാണുവും ഒക്കെ ഉണ്ടാകും.. ഒരു മണിക്കൂർ തോട്ടിൽ ചാടി ഉണ്ട കളിച്ചു,  കലക്കി മറിച്ചു, എരണ്ട കുത്തി ചൊറിഞ്ഞു തുടങ്ങുമ്പോൾ,  അല്ലെങ്കിൽ കുളിക്കാൻ വരുന്ന മറ്റാരെങ്കിലും വീട്ടിലിരിക്കുന്ന അച്ഛനമ്മമാരെ  ഓർക്കാൻ തുടങ്ങുമ്പോൾ കരക്ക്‌ കേറും.. വീട്ടിൽ ചെന്ന് കോളർ കീറിയ, കരിമ്പനടിച്ചു കറുത്ത (ഒരു കാലത്തു വെളുത്ത ) മുഷിഞ്ഞ ഷർട്ടും ഇട്ടു എന്നോ  വാങ്ങിയ സിപ് പൊളിഞ്ഞിടത്തു സെപ്റ്റി പിൻ കുത്തിയ ട്രൗസറും ഇട്ടു,  സെലക്ഷൻ സെന്ററിൽ നിന്നു  അഞ്ചു രൂപ കൊടുത്തു വാങ്ങിയ,  ഇപ്പോൾ കീറിയ അവസ്ഥയിൽ ഉള്ള,  പ്ലാസ്റ്റിക് കവറിൽ പുസ്തകങ്ങളും ബുക്കുകളും പെറുക്കി വെച്ചു സ്കൂളിലേക്ക് പോകാൻ ഇറങ്ങും .. അതിനു മുന്നേ അമ്മ വിളമ്പി വെച്ച,  ആർഭാടങ്ങൾ തീരെ ഇല്ലാത്തതെങ്കിലും വിശപ്പിന്റെ ഔദാര്യം കൊണ്ടു രുചി സമ്പാദിച്ച പഴങ്കഞ്ഞി കാന്താരി മുളകുടച്ചു കുടിച്ചു തീർത്തിരിക്കും.. ഉപ്പൂറ്റി തേഞ്ഞു ഓട്ട വീണ,  ബ്രാൻഡ് ഏതെന്നു അറിയാത്ത  റബ്ബർ ചെരുപ്പിന്റെ ബാർ ഇടയ്ക്കിടെ ഊരിപ്പോകുന്നത് വീണ്ടും  തിരുകി കയറ്റുന്നത്  വല്യ  എടങ്ങേറാണ്.. പലപ്പോഴും പൊട്ടിയ ബാർ ഏച്ചു വെച്ചു തയ്ചാണ് നടപ്പു..

ഹരി കൃഷ്ണൻ പടിഞ്ഞാറേ വശത്തെ ചെമ്മൺ റോഡിൽ കാത്തു നിൽക്കുന്നുണ്ടാകും.. അല്ലെങ്കിൽ എം എൻ ന്റെ വീട്ടിൽ.. മൂവരും കൂടിയാണ് സ്കൂളിൽ പോക്ക്..  പോകുമ്പോൾ തന്നെ ആലോചന തുടങ്ങും.. ഉടുമ്പിനാ കുന്നു മല വഴി പോകണോ, തോണ്ടു കണ്ടം വഴി പോകണോ..?  അതോ ഈരിക്കൽ അയ്യത്തു വഴി ലതീഷിന്റെയും മനോജിന്റെയും വീടിനു അടുത്തു കൂടിയുള്ള വഴിയേ പോകണോ..? ആ വഴി എനിക്ക് അത്ര ഇഷ്ടമല്ല.. ദൂരം കൂടുതൽ ആണ്.. പോരാതെ കുത്തനെ ഉള്ള  ഒരു കയറ്റവും.. ഉടുമ്പിനാകുന്നു മല കേറലും വല്യ അധ്വാനമാണ്..പക്ഷെ ദൂരം അല്പം കുറയും..തോണ്ടു കണ്ടം വഴി പോയാൽ തോടിന്റെ കലമ്പലും കേട്ടു, ബണ്ടിൽ  ഇടയ്ക്കു വീണ മടകളും ചാടിക്കടന്നു കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാതെ പോകാം.. പക്ഷെ നെറുകും തലയിൽ വെയിലും കൊണ്ടു പോകണം.. നടക്കാനും ഏറെ ദൂരമുണ്ട്.. ആ വഴി തിരികെ വരാൻ ആണ് സൗകര്യം.. വൈകിട്ടത്തെ ഇളവെയിലും കൊണ്ടു,  പൊഴിഞ്ഞു വീണ തേങ്ങയും അടക്കപ്പാക്കും ഒക്കെ പെറുക്കി പോരാം.. പഫ്‌സും സ്വീറ്റനയും കഴിക്കാനുള്ള  മാർഗം ചിലപ്പോൾ ഒക്കാറുണ്ട്.. പക്ഷെ ഞങ്ങൾ മിക്കപ്പോഴും തിരഞ്ഞെടുക്കുക മല കേറിയുള്ള യാത്രയാണ്.   മലയിൽ നല്ല പഴുത്ത ചെറു ഞാറപ്പഴങ്ങളും കൊട്ടക്കകളും ഉണ്ടാകും.. അതൊക്കെ പോകും വഴി പറിച്ചു തിന്നും..(സ്കൂൾ വിട്ടു  തിരികെ വരുമ്പോൾ കൂടുതൽ സമയമെടുത്ത് മല അരിച്ചു പെറുക്കും ഞാറപ്പഴത്തിനു വേണ്ടി )..  അവിടുന്നു പാഞ്ചിയില പറിച്ചു ബുക്കിൽ വെച്ചാൽ അന്നു ക്ലാസ്സിൽ നിന്നു  കിട്ടാനുള്ള അടിയിൽ നിന്നു രക്ഷപെടാൻ കഴിയും. (തോണ്ടു കണ്ടം വഴി പോയാൽ തോടിന്റെ ബണ്ടിൽ കാടു പിടിച്ചു നിക്കുന്ന കാള പുല്ലിന്റെ അറ്റം കെട്ടിയിട്ടാൽ മതിയാകും അടിയിൽ നിന്നു രക്ഷപെടാൻ)..അതും കഴിഞ്ഞു വള്ളപ്പുരക്കാരുടെ വീടിന്റെ മുന്നിൽ,  ഒരു തോട്ടുപുളി മരമുണ്ട്.. അതിൽ പുളി പഴുത്തു താഴെ വീഴുമ്പോൾ അതിന്റെ ഉടയോർ കാണാതെ പെറുക്കി എടുത്തു കവറിൽ ഇടുന്നതു സ്കൂൾ വിട്ടു പോരുമ്പോൾ പതിവാണ് .. ആ പുളിയുടെ ഉള്ളിലെ മാതളത്തിനു  വിശപ്പിന്റെ കാളൽ തണുപ്പിക്കുന്ന  സ്വാദാണ്.   അതും കഴിഞ്ഞു  തുരുത്തേൽ കുരിശുമൂടു ..അവിടെ അതിനടുത്തുള്ള വീട്ടിൽ എല്ലാ വർഷവും പരുമല പദയാത്ര  കഴിഞ്ഞു വരുന്ന ദിവസം വൈകുന്നേരം  പായസം ഉണ്ടാകും.. ഞങ്ങൾക്ക് മൂക്കു മുട്ടെ പായസം അടിക്കാനുള്ള സുവർണാവസരം ആണ് അന്ന്.. ആ വീടിനു മുന്നിലെ റബ്ബർ തോട്ടത്തിൽ ആണ് പാള സ്വാമിയെ പലപ്പോഴും കണ്ടിട്ടുള്ളത്.. പിള്ളേരെ പിടിക്കുമെന്നു പലരും പറഞ്ഞു  ഞങ്ങളെ ഭയപ്പെടുത്തിയ പാള സ്വാമി.. പക്ഷെ ഞങ്ങൾ വെറുതെ ഭയക്കുന്നതാണ്.. ആ മനുഷ്യൻ ആരെയും ഉപദ്രവിക്കാറില്ല.. മാനസിക നിലയിൽ എന്തോ തകരാർ സംഭവിച്ചതിനാലോ കുടുംബ ജീവിതം മടുത്തതിനാലോ വീട് വിട്ടിറങ്ങിയ സാധു.

തുരുത്തേൽ  കുരിശും മൂടും റേഷൻ കടയും കഴിഞ്ഞു ദിവ്യ റോസ് ജോണിന്റെ Divya Stephenവീടിനു തൊട്ടു മുന്നിലെത്തിയാൽ അവിടെ വീണ്ടും ഒരു കയറ്റം മുളയ്ക്കും. .. (എട്ടാം ക്ലാസ്സിലെ ഒരു മഴക്കാലത്ത് ബ്രേക്കില്ലാത്ത ഒരു സൈക്കിളിൽ മറ്റു രണ്ടു പേരോടൊപ്പം തിരിച്ചു വരുമ്പോഴുള്ള ആ ഇറക്കത്തിൽ തലയും കുത്തി വീണത് ഒരിക്കലും മറക്കാനാവില്ല.. അരുണിന്റെ  Arunkurampala Kurup"റ" ആകൃതിയിൽ  മുറിഞ്ഞു തൂങ്ങിയ നെറ്റിയും തലയും ചേരുന്ന ഭാഗവും, ചതഞ്ഞു പൊടിഞ്ഞ എന്റെ വലതു  കാൽ മുട്ടിന്റെ വേദനയും,  പുറം നെടുകെ കീറിയ സുധീഷണന്റെ നിലവിളിയും..പിന്നിലെ കാരിയറിൽ ഇരുന്ന ഞാൻ ഭയന്നു എടുത്തു ചാടിയത് കൊണ്ടാണ് അന്ന് അങ്ങനെ വീണതെന്നാണ് സുധീഷ് അണ്ണൻ പറയാറ് . പക്ഷെ  റോഡിനു കുറുകെ വെള്ളമൊഴുകിയ ചെറിയ ചാലിൽ വേഗത്തിൽ ചെന്ന സൈക്കിൾ ഇടിച്ച ശക്തിയിൽ പിന്നിലിരുന്ന ഞാൻ തെറിച്ചു പോയതാണെന്ന് എനിക്ക് ഇപ്പോഴും നല്ല ഒരമ്മയുണ്ട്.. )

ദിവ്യാ റോസ് ജോണിന്റെ വീടിന്റെ മുന്നിലെ കയറ്റം അവസാനിക്കുന്നത്  കാഞ്ഞിക്കൽകാരുടെ  വീടുകളും കഴിഞ്ഞു പ്രൊഫസർ ജോണിന്റെ വീടിന്റെ മുന്നിൽ ആണ്.. അവിടെ നല്ല ഭംഗിയുള്ള  ഒരു പുൽപ്പട്ടി(പോമറേനിയൻ ) ഉണ്ട്.. ആ വീടു കഴിഞ്ഞാൽ വീണ്ടും ഇറക്കം.. അതു അവസാനിക്കുന്നത് ഷെറിയുടെ വീടിന്റെ മുന്നിലാണ്.. ഷെറി യുടെ പപ്പാ വരാന്തയിലോ മുറ്റത്തോ ഉണ്ടെങ്കിൽ കഴിവതും മുന്നിൽ പെടാതെ നോക്കുമായിരുന്നു അന്നൊക്കെ.. പഠിത്തത്തെ കുറിച്ചെങ്ങാനും ചോദിച്ചാലോ എന്ന ചമ്മൽ..  ഷെറിയുടെ വീടിന്റെ എതിർ വശത്തു പ്രവീൺ ചേട്ടന്റെയും പ്രജോദിന്റെയും Prajod Sadanandan വീട്.. അവിടുത്തെ ലേഖ ചേച്ചിയുടെ അമ്മ ടീച്ചർ ആണ്.. ആ ടീച്ചർ ആണ് SSLC ഇംഗ്ലീഷ് പരീക്ഷക്ക് സൂപ്പർവൈസ് ചെയ്യാൻ വന്നത്.. അവിടം  കഴിഞ്ഞു ചെന്നാൽ വല്യ പള്ളി.. വീണ്ടും കുത്തനെ ഉള്ള ഇറക്കം..ആ ഇറക്കത്തിന് വലതു വശത്തുള്ള വീട്ടിൽ ഒരു നെല്ലി മരം ഉണ്ട്.. വൈകുന്നേരം അവിടെയും ആരുമില്ലാത്തപ്പോൾ ഗേറ്റ് തുറന്നു അകത്തു കയറി പൊഴിഞ്ഞ നെല്ലിക്കകൾ ചൂണ്ടുമായിരുന്നു.. . ആ ഇറക്കം തീരുന്നിടത്തു പള്ളിയുടെ കുരിശടി.. അവിടെ കുരിശു വരച്ചു വീണ്ടും നടത്തം.. കുരിശടിയുടെ മുന്നിലെ ഇടത്തേക്ക് പിരിഞ്ഞു പോകുന്ന തണ്ടാനുവിലക്കുള്ള റോഡ്.. ആ റോഡ് വര്ഷങ്ങള്ക്കു ശേഷം  പിരിഞ്ഞു കയറിപ്പോയത്  ഹൃദയത്തിലേക്കാണ്..  കുരിശടിയിൽ നിന്ന് അല്പം മുന്നോട്ടു നടക്കുമ്പോൾ ഉള്ള ചെറുതോടിന്റെ കരയിൽ പള്ളിക്കാരുടെ വക സ്കൂളും പാരീഷ് ഹാളും. (ആ തോടിന്റെ കരക്കൂടെ ഇടത്തേക്ക് തിരിഞ്ഞു പോയാൽ പ്രവീൺ പി പിള്ളയുടെ Praveen P Pillai വീട്ടിലേക്കുള്ള വഴിയിൽ എത്തും.. അവന്റെ അമ്മയുടെ ഹൃദയം തൊടുന്ന സ്നേഹവും അവിടുന്ന് പലപ്പോഴും  കഴിച്ച സ്വാദിഷ്ടമായ ആഹാരങ്ങളും  ഒരിക്കലും മറക്കാനാവില്ല.. )

വീണ്ടും പടിഞ്ഞാട്ടു നടക്കുമ്പോൾ വലതു വശത്തു ഒരു ചെറിയ ഹോട്ടലും റബര് കടയും.. അത് കഴിഞ്ഞു കീപ്പള്ളിലെ വീട്.. അവിടുന്ന് വീണ്ടും റോഡ് കുത്തനെ കയറ്റത്തിലേക്കു.. ആ കയറ്റം കയറി തീരുന്നിടത്തു ചെറിയ പള്ളി.. പള്ളിയുടെ കുരിശടിയുടെ കണ്ണാടിക്കൂടിൽ ഉണ്ണിയേശുവുമായി നിൽക്കുന്ന കന്യമറിയത്തിന്റെ പ്രതിമ.. അവിടെയും കുരിശു വരച്ചു താഴേക്കുള്ള  ഇറക്കത്തിലേക്കു നടക്കും.. എല്ലാ കുരിശു വരകളും ക്ലാസ്സിലെ ചോദ്യങ്ങളിൽ നിന്നും അടികളിൽ നിന്നും രക്ഷപെടാനുള്ള ദൈവത്തിനോടുള്ള സോപ്പിടീൽ ആണ്.. അങ്ങനെ മൂന്നു കുത്തനെ ഉള്ള കയറ്റങ്ങളും അത്രയും തന്നെ കുത്തനെ ഉള്ള ഇറക്കങ്ങളും നടന്നു   കുടശ്ശനാട്‌ ജംഗ്ഷനിൽ എത്തും..ആ ജംഗ്ഷന് തൊട്ടു മുന്നേ വെച്ചാണ് ഒരിക്കൽ സഹപാഠിയായ  കുറത്തിയാടാൻ ബിനുവുമായി, ഹരികൃഷ്ണനു വേണ്ടി ഉന്തും തള്ളുമുണ്ടായത്...

രാജേഷ് ചന്ദ്രന്റെ അമ്മയുടെ ചെറിയ പീടിക ആ  ജംഗ്ഷനിൽ ആണ്. അവനും സ്കൂൾ വിട്ടു കഴിഞ്ഞാൽ അവിടെ വന്നു  ഇരിക്കാറുണ്ട്.. അവൻ അന്നേ സംഘി ആണ്.. ശാഖയിലൊക്കെ പോകുന്ന ആളായത് കൊണ്ട് കൂട്ടുകാരൻ ആണെങ്കിലും അവനോടു കുറച്ചു ഭയമൊക്കെ ഉണ്ടായിരുന്നു..  അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞു നടന്നാൽ റോഡിനു ഇരു വശത്തും നിരവധി കടകൾ.. വലതു വശത്തു അരിയും മുളകുമൊക്കെ  പൊടിക്കുന്ന ഒരു മിൽ ഉണ്ട്.. അതും കഴിഞ്ഞു പോയാൽ ഇടതു വശത്തു സെലക്ഷൻ സെന്റർ. അതിനു മുകളിലത്തെ നിലയിൽ ഒരു ചെറിയ ആശുപത്രി ഉണ്ടായിരുന്നെന്നാണ് ഓര്മ. സെലക്ഷൻ സെന്ററിന്റെ  പിൻഭാഗത്തു ആണ് സ്കൂൾ ന്റെ മൈതാനം.. ക്രിക്കറ്റ് കളിക്കുമ്പോൾ സെലെക്ഷൻ സെന്റർ ന്റെ മുകളിൽ കൂടി സിക്സറുകൾ പായിക്കുന്നവർ പലപ്പോഴും സച്ചിനേക്കാളും ആരാധിക്കപ്പെട്ടിരുന്നു ഞങ്ങൾക്കിടയിൽ..  ആ മൈതാനം തീരുന്നിടത്തു യു പി സ്കൂൾ.. അവിടെ പഠിച്ചിരുന്ന കാലത്തെല്ലാം ഉച്ചക്കഞ്ഞിയും പയറും കിട്ടിയിരുന്നു.. യു പി സ്കൂളിനോട് ചേർന്നുള്ള, കൂടെ പഠിക്കുന്ന വിജയ ലക്ഷ്മിയുടെ, പീടികയിൽ നിന്നു 25 പൈസ കൊടുത്താൽ ചെറിയ ഒരു പ്ലാസ്റ്റിക് പൗച്ചിൽ നാരങ്ങയോ മാങ്ങയോ  അച്ചാർ കിട്ടും.. അതും കഞ്ഞിക്കു പറ്റിയ കൂട്ടാനാണ്.. വിജയലക്ഷ്മിയുടെ കടയുടെ എതിർ വശത്തു റോഡ് മുറിച്ചു കടക്കുമ്പോൾ ഹൈസ്കൂൾ ആയി..

അവിടെ എത്തുമ്പോഴേക്കും രാവിലെ കഴിച്ച പഴങ്കഞ്ഞി ദഹിച്ചിരിക്കും.. ഷർട്ട് വിയർത്തു കരിമ്പൻ തെളിഞ്ഞു കറുത്തിരിക്കും.. മിക്കപ്പോഴും സ്കൂളിൽ ആദ്യത്തെ ബെൽ അടിച്ചിട്ടുണ്ടാകും.. ചെയ്തു തീർക്കാത്ത ഹോം വർക്കുകളും,  എഴുതാൻ മറന്നു പോയ ഇമ്പോസിഷനും അന്നത്തെ ദിവസത്തിന്റെ വിധി നിര്ണയിച്ചിട്ടുണ്ടാകും..  കഴിഞ്ഞ ക്ലാസ്സിൽ എഴുതി തന്ന ചോദ്യോത്തരങ്ങൾ ചോദിക്കാൻ തയ്യാറായി കയ്യിൽ ചൂരലുമായി ഹാജർ ബുക്കും പിടിച്ചു  ക്ലാസ്സിലേക്ക് വരാൻ ക്ലാസ് ടീച്ചർ തയ്യാറായി നില്പുണ്ടായിരിക്കും.. പഠിച്ചിട്ടു പോകുന്ന ദിവസങ്ങളിൽ അല്പം അഹങ്കാരത്തോടെ മറ്റുള്ളവരോട് പുശ്ചത്തോടെ,  അങ്ങനെ അല്ലാത്ത ദിവസങ്ങളിൽ അന്നത്തെ ദിവസത്തിന്റെ വരും വരായ്കകളെ ഭയന്ന്,  പതിയെ ക്ലാസ്സിലേക്ക് കയറും..

ആ സ്കൂളും അതിന്റെ പരിസരങ്ങളും കവർന്നെടുത്തതാണു ഹൃദയം. സ്വന്തമെന്നു നിസ്‌സംശയം  പറയാവുന്ന അഞ്ചു വർഷങ്ങൾ.. സുമതിക്കുട്ടിയമ്മ ടീച്ചറിന്റെയും പത്മകുമാരി ടീച്ചറിന്റെയും ശ്രീകുമാരി ടീച്ചറിന്റെയും  പ്രത്യേകമായ സ്നേഹവും കരുതലും, കൂട്ടുകാരുടെ നിസ്സ്വാർഥമായ, നിഷ്ക്കളങ്കമായ സൗഹൃദങ്ങൾ.. പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരിക്കലും കുറ്റബോധമോ,  പാപത്തിന്റെ കറകളോ തീർത്തും നൽകാത്ത അഞ്ചു വർഷങ്ങൾ..ഒന്നൊഴികെ...അഞ്ചിൽ പഠിക്കുമ്പോൾ, രചന എഴുതുന്ന ബുക്ക് കൊണ്ടു കളഞ്ഞതിന്റെ പേരിൽ ക്ലാസ് മോണിറ്റർ ആയിരുന്ന ഷിനു സാമുവേൽ നെ കൊണ്ട് വേറെ ബുക്ക് വാങ്ങിപ്പിച്ച മഹാപാപം ഒഴികെ.. അന്നത്തെ ആ അറിവില്ലായ്മ, അവളുടെ നിറഞ്ഞ കണ്ണുകൾ,   ഇന്നും പലപ്പോഴും ഉള്ളിനെ കുത്തി നോവിക്കാറുണ്ട്..

പുറമെ കാണിക്കുന്ന ഇന്നിന്റെ വേഷം കെട്ടലുകളില്ലാതെ,  അകമേയും പുറമെയും ഞാനായി ജീവിച്ച നാളുകൾ..

No comments:

Post a Comment