Friday, 8 November 2013

മഞ്ഞുതുള്ളി..

ഒരു മഞ്ഞുതുള്ളി പതുക്കെ അലിയുന്നു
വെയിലിന്റെ ഊഷ്മള ചുംബനത്താല്‍ 
ഒഴുകിയിറങ്ങുന്നു രാവിന്റെ കണ്ണുനീര്‍ 
ഒരു മാത്ര ഏറ്റൊരു ലാളനത്താല്‍ ..

എവിടെയോ നീറും കരളിന്റെ ഗദ്ഗദം
കാതില്‍ പതുക്കെ മുഴങ്ങിടുന്നു..
തഴുകാന്‍ കൊതിക്കുന്ന കൈകള്‍ക്ക് നീളുവാന്‍
ആവില്ല ലോകം പിറകിലുണ്ട്...

ദൂരേക്ക്‌ പോയൊരാ ഇണയുടെ നെഞ്ചിന്റെ
നീറുന്ന നൊമ്പരം കൂട്ടിനുണ്ട്..
മുറിവില്‍ പൊടിയുന്ന ചോരക്കു രാവിന്റെ
നിറമുണ്ട് രുചിയുണ്ട് ഗന്ധമുണ്ട്...

പെരുമഴ പെയ്യുന്ന ഇടവത്തിന്‍ വഴികളില്‍
വയറു വിശക്കും കഥകളുണ്ട്..
വെയില് പൂക്കും മീനത്തില്‍ ആര്തമാം ദാഹത്താല്‍
തൊണ്ട വരണ്ടോരാ നീറ്റലുണ്ട്...

കനിവിന്റെ പൂക്കളം മുറ്റത്ത്‌ വിരിയിച്ച
ഇടവഴിയോരാതെ തുമ്പപ്പൂവേ
ഒരു കനവായ് മാത്രമീ ജീവിതം നേരിന്റെ
ഇരുളിലെക്കലിയുന്ന നേരമായി..

പോയ്‌ വരാം വീണ്ടും ഒരു മഞ്ഞു തുള്ളിയായ്
രാവിന്റെ തോരാത്ത കണ്ണീരായ്..
പുലരിക്കു മഴവില്ല് വിരിയിക്കാം ഒരുമിച്ചു
തേനൂറും സ്വപ്‌നങ്ങള്‍ പങ്കുവെക്കാം....

No comments:

Post a Comment